പ്രവാസി അബ്ദുൽ ജലീലിന്റെ മരണകാരണം തലക്കേറ്റ ക്ഷതം; ആന്തരിക രക്തസ്രാവമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്
പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കി
മലപ്പുറം: ക്രൂര മർദനത്തിനിരയായി ചികിത്സയിലിരിക്കെ മരിച്ച അബ്ദുൽ ജലീലിന്റെ മരണകാരണം തലക്കേറ്റ ക്ഷതമെന്ന് പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. വിദേശത്ത് നിന്നെത്തിയ അഗളി സ്വാദേശി ജലീലിനെ തട്ടിക്കൊണ്ട് പോയി മർദിച്ചതിന് പിന്നിൽ സ്വർണക്കടത്ത് സംഘമെന്ന നിഗമനത്തിലാണ് പൊലീസ്. സംഭവത്തിൽ 8 പേരെ ചോദ്യം ചെയ്യാനായി പൊലീസ് കസ്റ്റഡിയിലെടുത്തു .
ക്രൂരമർദനമേറ്റ് അബോധാവസ്ഥയിലാണ് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ അബ്ദുൽ ജലീലിനെ പ്രവേശിപ്പിച്ചത്. ജലീലിന്റെ ദേഹമാസകലം മൂർച്ചയുള്ള ആയുധംകൊണ്ട് വരഞ്ഞ മുറിവുകളും മർദനമേറ്റ പാടുകളുമുണ്ടായിരുന്നു.
വഴിയരികിൽ പരിക്കേറ്റ് കിടന്നയാളാണെന്ന് പറഞ്ഞ് മേലാറ്റൂർ സ്വദേശി യഹ്യയാണ് അബ്ദുൽ ജലീലിനെ ആശുപത്രിയിൽ എത്തിച്ചത്. ഇയാളെ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം. ജലീലിനെ മർദിച്ച് കൊലപ്പെടുത്തിയ സംഘത്തിൽ കൂടുതൽ പേരുണ്ട് എന്ന നിഗമനത്തിലാണ് പൊലീസ്. ഈ സംഘം തമിഴ്‌നാട്ടിലേക്ക് കടന്നതായുമാണ് സൂചന . അബ്ദുൽ ജലീലിനെ ആശുപത്രിയിലെത്തിച്ച യഹിയക്കായും അന്വേഷണം തുടരുകയാണ്.
കേസിൽ എട്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു , പ്രതികളുമായി ബന്ധമുള്ളവരെന്നു സംശയിക്കുന്നവരെയാണ് കസ്റ്റഡിയിലെടുത്തത് . ഈ മാസം 15 നാണ് പ്രവാസിയായ അബ്ദുൽ ജലീൽ രണ്ടര വർഷത്തിന് ശേഷം നാട്ടിലെത്തിയത് . കൊച്ചി വിമാനത്താവളത്തിൽ വിമാനമിറങ്ങിയ ശേഷമുള്ള സംഭവങ്ങളിലാണ്ദുരൂഹത. മൂന്ന് മക്കളുടെ പിതാവായ അബ്ദുൾ ജലീൽ കഴിഞ്ഞ പത്ത് വർഷമായി പ്രവാസിയാണെങ്കിലും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന സ്ഥിതിയാണ്. ജലീലിനെ സ്വാധീനിച്ച് സ്വർണക്കടത്തുകാർ ഉപയോഗിച്ചിട്ടുണ്ടോയെന്നും ക്രൂരമായി കൊലപ്പെടുത്തിയതിന് പിന്നിലെ കാരണവും അവ്യക്തമാണ്.