വർഗീയ തിമിരം ബാധിച്ച ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററെ മാറ്റണം, മതേതര ശക്തികള്‍ ഇടപെടണം: മഅ്ദനി
'വർഗീയ തിമിരം ബാധിച്ച ഗുജറാത്ത് മുൻ ആഭ്യന്തര മന്ത്രി പ്രഫുൽ പട്ടേലിനെ ദ്വീപ് അഡ്മിനിസ്ട്രേറ്റർ സ്ഥാനത്തു നിന്ന് ഉടൻ മാറ്റി ലക്ഷദ്വീപ് ജനതയെ രക്ഷിക്കണം'
ലക്ഷദ്വീപിലെ സാംസ്കാരിക തനിമ തകർക്കാനുള്ള നീക്കം തടയണമെന്ന് പിഡിപി ചെയര്‍മാന്‍ അബ്ദുന്നാസിർ മഅ്ദനി. മതേതര ശക്തികളുടെ അടിയന്തര ഇടപെടൽ ഉണ്ടാകണമെന്നും മഅ്ദനി ആവശ്യപ്പെട്ടു.
"ലക്ഷദ്വീപിന്റെ സാംസ്കാരിക തനിമയും ജനജീവിതവും ഭക്ഷ്യസുരക്ഷയും ആരോഗ്യവുമെല്ലാം തകർത്തു തരിപ്പണമാക്കാനുള്ള കേന്ദ്രസർക്കാർ നീക്കത്തിനെതിരെ ശക്തമായി പ്രതിഷേധിക്കുന്നു. വർഗീയ തിമിരം ബാധിച്ച ഗുജറാത്ത് മുൻ ആഭ്യന്തര മന്ത്രി പ്രഫുൽ പട്ടേലിനെ ദ്വീപ് അഡ്മിനിസ്ട്രേറ്റർ സ്ഥാനത്തു നിന്ന് ഉടൻ മാറ്റി ലക്ഷദ്വീപ് ജനതയെ രക്ഷിക്കാൻ കേരളത്തിലെ ഉള്‍പ്പെടെ ഇന്ത്യയിലെ മുഴുവൻ മതേതര ശക്തികളും അടിയന്തര ഇടപെടൽ നടത്തണം"- എന്നാണ് മഅ്ദനി ആവശ്യപ്പെട്ടത്.
ലക്ഷദ്വീപില്‍ ഫാഷിസ്റ്റ് അജണ്ട നടപ്പാക്കാനുള്ള പുതിയ അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിന്റെ നയങ്ങള്‍ക്കെതിരെ കേരളത്തില്‍ വ്യാപക പ്രതിഷേധമാണുയരുന്നത്. ബിജെപി അജണ്ട നടപ്പാക്കാന്‍ അനുവദിക്കില്ലെന്നാണ് ഇ ടി മുഹമ്മദ് ബഷീര്‍ എംപി ട്വിറ്ററില്‍ പ്രതികരിച്ചത്. പുതിയ നീക്കം തടയണമെന്നാവശ്യപ്പെട്ട് എളമരം കരിം എംപി രാഷ്ട്രപതിക്ക് കത്തയച്ചിട്ടുണ്ട്. വി ടി ബല്‍റാം അടക്കമുള്ളവരും വിവിധ സംഘടനകളും പ്രതിഷേധവുമായി രംഗത്തെത്തി. കേന്ദ്ര ഭരണ പ്രദേശമായ ദ്വീപില്‍ ബിജെപി സർക്കാർ നിക്ഷിപ്ത താത്പര്യങ്ങളോട് കൂടിയ ഇടപെടലുകൾ നടത്തുന്നത് ആശങ്കാകരമാണ്. ലക്ഷദ്വീപിനെ മറ്റൊരു കശ്മീരാക്കാനാണോ സംഘ് പരിവാർ ശ്രമം എന്ന് സംശയിക്കേണ്ടതുണ്ടെന്ന് വി ടി ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചു.
സോളിഡാരിറ്റി, ഫ്രട്ടേണിറ്റി മൂവ്മെന്‍റ്, മുസ്‍ലിം ജമാഅത്ത് കൌണ്‍സില്‍, എസ്കെഎസ്എസ്എഫ്, വിസ്ഡം സംഘടനകളും പ്രതിഷേധവുമായി രംഗത്ത് വന്നിട്ടുണ്ട്. കഴിഞ്ഞ ദിവസം ലക്ഷദ്വീപിലെ വിദ്യാര്‍ഥികള്‍ നടത്തിയ ഓണ്‍ലൈന്‍ പ്രതിഷേധത്തിന് കേരളത്തില്‍ നിന്നും എസ്എഫ്ഐ പിന്തുണ പ്രഖ്യാപിച്ചു. ജില്ലാ പഞ്ചായത്തിന്റെ അധികാര പരിധിയില്‍ വരുന്ന വിദ്യാഭ്യാസം, ആരോഗ്യം, കൃഷി, മത്സ്യബന്ധനം, മൃഗസംരക്ഷണം തുടങ്ങിയവയൊക്കെ അഡ്മിനിസ്ട്രേറ്ററുടെ കീഴിലാക്കി ഏകാധിപത്യ ഭരണത്തിനാണ് ശ്രമമെന്നാണ് ലക്ഷദ്വീപുകാരുടെ പരാതി.