ഇടത് അനുകൂല പ്രചാരണം; നേതൃത്വത്തിന്റെ പ്രസ്താവനയ്ക്ക് ശേഷവും വിരുദ്ധ പ്രവർത്തനം നടത്തിയവർ സമസ്തക്കാരല്ലെന്ന് അബ്ദുസമദ് പൂക്കോട്ടൂർ
സമസ്ത ലീഗ് തർക്കം നേതാക്കൾ ഇടപെട്ട് പരിഹരിക്കുമെന്നും അബ്ദുസമദ് പൂക്കോട്ടൂർ
കോഴിക്കോട്: ഒരു വിഭാഗം സമസ്ത പ്രവർത്തകർ ഇടതുപക്ഷത്തിന് അനുകൂലായി രാഷ്ട്രീയ പ്രചാരണം നടത്തിയ സംഭവത്തില്‍ സംഘടനാ പരിശോധനയുണ്ടാകുമെന്ന് എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി അബ്ദുസമദ് പൂക്കോട്ടൂർ മീഡിയവണിനോട് പറഞ്ഞു. നേതൃത്വത്തിന്റെ പ്രസ്താവനയ്ക്ക് ശേഷവും വിരുദ്ധ പ്രവർത്തനം നടത്തിയവർ സമസ്തക്കാരല്ല. സമസ്ത ചമഞ്ഞ ലീഗ് വിരുദ്ധരാണ്. ഇവരുടെ പ്രവർത്തനം പൊന്നാനിയിലെ യു.ഡി.എഫ് സ്ഥാനാർഥി എം.പി. അബ്ദുസമദ് സമദാനിയുടെ വിജയത്തെ ബാധിക്കില്ല. സമസ്ത ലീഗ് തർക്കം നേതാക്കൾ ഇടപെട്ട് പരിഹരിക്കുമെന്നും അബ്ദുസമദ് പൂക്കോട്ടൂർ പറഞ്ഞു.
'സമസ്ത പ്രസിഡന്‍റ് ഉൾപ്പെടെ സമുന്നതരായ നേതാക്കളുടെ സുവ്യക്തമായ പ്രസ്താവന വന്നിരുന്നു. അതിനു ശേഷവും ഈ ബന്ധം വഷളാക്കുന്ന പ്രവർത്തനം തുടരുന്നവർ സമസ്തക്കാരല്ല എന്ന കാര്യത്തിൽ ഒരു തർക്കവുമില്ല. അവർ പരമ്പരാഗതമായി മുസ്‌ലിം ലീഗ് വിരുദ്ധത മനസ്സിൽ സൂക്ഷിക്കുന്നവരാണ്. അവർ സമസ്ത ചമഞ്ഞ് ഇവ രണ്ടും തമ്മിലൊരു ഭിന്നതയുണ്ടാക്കാൻ അധ്വാനിക്കുകയാണ് ചെയ്തിട്ടുള്ളത്. അവരുടെ പോസ്റ്റുകളും പുറത്തു വന്ന വോയിസ് ക്ലിപ്പുകളും വച്ച് നോക്കിയാൽ മനസ്സിലാവും. സംഘടന ഇക്കാര്യം നിരീക്ഷിച്ചിട്ടുണ്ട്. എസ്.കെ.എസ്.എസ്.എഫിന്‍റെ സംസ്ഥാന പ്രസിഡന്‍റ്, എസ്.കെ.എസ്.എസ്.എഫിന്‍റെ സംസ്ഥാന സെക്രട്ടറി എന്നിവർ ഈ വിഷയത്തിൽ കൃത്യമായ ഫേസ്ബുക് പോസ്റ്റിട്ടു. മുസ്‌ലിം ലീഗിനെ തോൽപ്പിക്കാനോ ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയെ വിജയിപ്പിക്കാനോ ആരെയും ചുമതലപ്പെടുത്തിയിട്ടില്ല. സംഘടനയുടെ അച്ചടക്കത്തിന് വിരുദ്ധമായി പ്രവർത്തിച്ചയാളുകളുണ്ടെങ്കിൽ അത് ചർച്ച ചെയ്ത് പരിശോധിക്കും.' അബ്ദുസമദ് പൂക്കോട്ടൂർ പറഞ്ഞു.
പൊന്നാനിയിൽ ഇടതുപക്ഷ സ്ഥാനാർഥി ഉൾപ്പെടെ ഇടതുപക്ഷത്തിന് വേണ്ടി പ്രവർത്തിച്ചവർക്ക് പോലും വിജയപ്രതീക്ഷയില്ലെന്നാണ് മനസ്സിലാക്കുന്നത്. അബ്ദുസ്സമദ് സമദാനി തികഞ്ഞ ഒരു സമസ്തക്കാരനും എസ്.വൈ.എസിന്‍റെ സംസ്ഥാന ഭാരവാഹിയായിരുന്നു. അദ്ദേഹത്തിന്‍റെ പ്രഭാഷണങ്ങളും പ്രവാചക സ്നേഹവും ഒക്കെ ഉൾക്കൊണ്ട മതബോധമുള്ള ആളുകൾ അദ്ദേഹത്തിന് വോട്ട് ചെയ്യും. അതൊക്കെ വെച്ച് നോക്കുമ്പോൾ, സമസ്തയുടെ ആളുകൾ എന്ന് പറഞ്ഞ് രംഗത്തുവന്നവരുടെ എതിർപ്പ് ഈ തെരഞ്ഞെടുപ്പിൽ ഒരു വിഷയമാകുമെന്ന് നീരീക്ഷകരായ ആരും അംഗീകരിക്കുന്നില്ല' എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി മീഡിയവണിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. പാണക്കാട് കുടുംബവും സമസ്തയും ഒരു തമ്മിൽ പിളർപ്പ് ഉണ്ടാക്കാൻ ആഗ്രഹിക്കുന്നവർ നിരാശരാകും. അത് ഒരിക്കലും മുന്നോട്ടു പോവില്ല. സമസ്ത ലീഗ് തർക്കം നേതാക്കൾ ഇടപെട്ട് പരിഹരിക്കുമെന്നും അബ്ദുസമദ് പൂക്കോട്ടൂർ പറഞ്ഞു.