അഭിമന്യു വധം; കൊലപാതകത്തിന് ഉപയോഗിച്ച കത്തി പൊലീസ് കണ്ടെടുത്തു

Update: 2021-04-17 13:02 GMT
Editor : ijas
Advertising

ആലപ്പുഴ വള്ളികുന്നത്ത് പതിനഞ്ചുകാരനായ അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതികളെ സ്ഥലത്ത് എത്തിച്ച് തെളിവെടുത്തു. കൊലപാതകത്തിന് ഉപയോഗിച്ച കത്തി പ്രദേശത്ത് നിന്ന് കണ്ടെടുത്തു. കേസില്‍ പ്രതിയായിരുന്ന ആർഎസ്എസ് പ്രവർത്തകനും വള്ളിക്കുന്നം സ്വദേശിയുമായ സജയ് ജിത്ത് എറണാകുളം പാലാരിവട്ടം പൊലീസ് സ്റ്റേഷനില്‍ കഴിഞ്ഞ ദിവസം കീഴടങ്ങിയിരുന്നു. ഇയാളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് മറ്റൊരു പ്രതി ജിഷ്ണുവിനെ എറണാകുളത്തു നിന്നു തന്നെ പൊലീസ് പിടികൂടിയത്. കൂടുതല്‍ പ്രതികള്‍ക്കായുള്ള തിരച്ചില്‍ പൊലീസ് ഊര്‍ജിതമാക്കിയിട്ടുണ്ട്.

മുന്‍വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് മുഖ്യപ്രതി സജയ് ജിത്ത് മൊഴി നല്‍കി. കൊല്ലപ്പെട്ട അഭിമന്യുവിന്‍റെ സഹോദരനും ഡി.വൈ.എഫ്‌.ഐ പ്രവര്‍ത്തകനുമായ അനന്തുവിനെ ലക്ഷ്യമിട്ടാണ് സജയ് ജിത്തിന്‍റെ നേതൃത്വത്തിലുള്ള സംഘം ഉത്സവസ്ഥലത്ത് എത്തിയത്. തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിലാണ് അഭിമന്യുവിനെ കുത്തിക്കൊന്നതെന്നാണ് സജയ് ജിത്ത് പൊലീസിനോട് പറഞ്ഞിരിക്കുന്നത്. കേസില്‍ സജയ് ജിത്ത് ഉള്‍പ്പെടെ മൂന്ന് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ പൊലീസിന്‍റെ കസ്റ്റഡിയിലാണ്. കൊലപാതക സംഘത്തില്‍ അഞ്ചിലധികം പേരുണ്ടെന്നാണ് പ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പൊലീസ് എത്തിച്ചേര്‍ന്ന നിഗമനം.

Tags:    

Editor - ijas

contributor

Similar News