ടിപി കേസിലെ പ്രതികളാണ് സ്വര്‍ണക്കടത്തിന് പിന്നിലെന്ന് ഷെഫീഖിന്‍റെ മൊഴി

സ്വര്‍ണക്കടത്തിന് പിന്നില്‍ ടി. പി കേസ് പ്രതികളായ കൊടി സുനിയും ഷാഫിയും ആണെന്ന് അര്‍ജുന്‍ ആയങ്കി പറഞ്ഞതായി ഷെഫീഖ് കസ്റ്റംസിന് മൊഴി നല്‍കി

Update: 2021-07-03 07:30 GMT
Editor : Jaisy Thomas | By : Web Desk
Advertising

കരിപ്പൂര്‍ സ്വര്‍ണക്കടത്തില്‍ ടിപി വധക്കേസ് പ്രതികളുടെ പങ്ക് വെളിപ്പെടുത്തി ക്യാരിയര്‍ മുഹമ്മദ് ഷെഫീഖ്. സ്വര്‍ണക്കടത്തിന് പിന്നില്‍ ടി. പി കേസ് പ്രതികളായ കൊടി സുനിയും ഷാഫിയും ആണെന്ന് അര്‍ജുന്‍ ആയങ്കി പറഞ്ഞതായി ഷെഫീഖ് കസ്റ്റംസിന് മൊഴി നല്‍കി. സ്വര്‍ണം കവര്‍ച്ച ചെയ്തിട്ടുണ്ടെന്ന് കസ്റ്റംസിനോട് അര്‍ജുന്‍ സമ്മതിച്ചു.

കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത് കേസ് അന്വേഷണത്തില്‍ നിര്‍ണായകമായ മൊഴിയാണ് സ്വര്‍ണം ദുബൈയില്‍ നിന്ന് കൊണ്ടുവന്ന മുഹമ്മദ് ഷെഫീഖ് കസ്റ്റംസിന് നല്‍കിയത്. സ്വര്‍ണം കടത്തിക്കൊണ്ടുവരുന്നതിലെ ആശങ്ക അര്‍ജുനുമായി ഷെഫീഖ് പങ്കുവെച്ചു. അപ്പോഴാണ് ടി.പി വധക്കേസിലെ പ്രതികളായ കൊടി സുനിയും ഷാഫിയും ആണ് സ്വര്‍ണ്ണക്കടത്തിന് നേതൃത്വം നല്‍കുന്നതെന്ന് അര്‍ജുന്‍ തന്നോട് പറഞ്ഞതെന്നാണ് ഷെഫീഖിന്‍റെ മൊഴി. സ്വര്‍ണം പിടിച്ചാലും കൊടി സുനിയും ഷാഫിയും രക്ഷിക്കും എന്ന് അര്‍ജുന്‍ ആത്മവിശ്വാസം നല്‍കി. ഒത്തുതീര്‍പ്പിന് കൊടുവള്ളി സംഘവുമായി സംസാരിക്കുന്നത് കൊടി സുനിയും ഷാഫിയും ആയിരിക്കുമെന്നും അര്‍ജുന്‍ പറഞ്ഞതായും ഷെഫീഖിന്‍റെ മൊഴിയിലുണ്ട്. സ്വര്‍ണക്കടത്ത് പദ്ധതി പൊളിച്ച് സ്വര്‍ണം കവര്‍ച്ച ചെയ്ത് കൊണ്ടുപോകുന്ന പൊട്ടിക്കല്‍ സംഘാംഗമാണ് താനെന്ന് അര്‍ജുന്‍ കസ്റ്റംസിനോട് സമ്മതിച്ചു.

ഇതാദ്യമായാണ് സ്വര്‍ണക്കടത്തിലെ ബന്ധം സമ്മതിച്ചുള്ള മൊഴി അര്‍ജുന്‍ നല്‍കുന്നത്. ദുബൈയില്‍ നിന്ന് കൊണ്ടുവരുന്ന സ്വര്‍ണം ഒരു തവണ കവര്‍ച്ച ചെയ്തിട്ടുണ്ട്. 21ാം തിയതി കരിപ്പൂരില്‍ എത്തിയത് പൊട്ടിക്കല്‍ പ്ലാനുമായാണ്. പൊട്ടിക്കലിന് സഹായിക്കുന്നത് ദുബൈയിലെ സുഹൃത്താണെന്നും അര്‍ജുന്‍ മൊഴി നല്‍കി. കണ്ണൂരിലെ തെളിവെടുപ്പിന് ശേഷം അര്‍ജുനെ ഇന്ന് രാത്രിയോടെ കൊച്ചിയില്‍ എത്തിക്കും. ഷെഫീഖിന്‍റെ മൊഴിയുടെ അടിസ്ഥാനത്തില്‍ വരും ദിവസങ്ങളില്‍ അര്‍ജുനെ വിശദമായി ചോദ്യം ചെയ്യും. ചൊവ്വാഴ്ച വരെയാണ് അര്‍ജുന്‍ കസ്റ്റംസിന്‍റെ കസ്റ്റഡിയില്‍ ഉള്ളത്.


Full View


Tags:    

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News