അക്കൗണ്ട് മരവിപ്പിക്കൽ: ഇടപെട്ട് സർക്കാർ, നടപടി മീഡിയവൺ വാർത്തയെ തുടർന്ന്
വാർത്ത റിസർവ് ബാങ്കിന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്ന് ധനകാര്യമാന്ത്രി കെ.എൻ ബാലഗോപാൽ പറഞ്ഞു
തിരുവനന്തപുരം: ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കുന്നതുമായി ബന്ധപ്പെട്ട മീഡിയവൺ വാർത്തിയിൽ ഇടപെട്ട് സംസ്ഥാന സർക്കാർ. വാർത്ത റിസർവ് ബാങ്കിന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്ന് ധനകാര്യമാന്ത്രി കെ.എൻ ബാലഗോപാൽ പറഞ്ഞു. 'വിഷയത്തിൽ ഗൗരവമായി ഇടപെടും. ചില തട്ടിപ്പുകൾ നടക്കുന്നുണ്ട്. സാങ്കേതികമായ ചില കാര്യങ്ങൾ കൂടിയുണ്ട്'. മന്ത്രി പറഞ്ഞു.
മീഡിവൺ അന്വേഷണ പരമ്പരയോടായിരുന്നു മന്ത്രിയുടെ പ്രതികരണം. കഴിഞ്ഞ കുറേയധികം ദിവസങ്ങളായി പരമ്പരകളായി ഇതുസംബന്ധിച്ച വാർത്തകൾ മീഡിയവൺ പരമ്പരകളായി നൽകയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലിൽ നിന്നായി നിരവധിയാളുകൾക്ക് ഇത്തരത്തിൽ ബാങ്ക് അക്കൗണ്ട് ഫ്രീസ് ആവുകയും പണം നഷ്ടമാവുകയും ചെയ്തതായി കണ്ടെത്തിയിരുന്നു.
ഏറ്റവുമൊടുവിലായി ബാങ്ക് അക്കൗണ്ടിലൂടെ ഫീസ് വാങ്ങിയ സ്‌കൂളിന്റെ അക്കൗണ്ട് ഫ്രീസ് ആയ വാർത്തയാണ് മീഡിയവൺ പുറത്തുവിട്ടത്. മലപ്പുറം ചെമ്മാട് നാഷണൽ ഇംഗ്ലീഷ് മീഡിയം ഹയർ സെക്കൻഡറി സ്‌കൂളിൻറെ കേരള ഗ്രാമീൺ ബാങ്കിലെ അക്കൗണ്ട് ആണ് ഫ്രീസ് ആയത്. ഫെഡറൽ ബാങ്കിൽ നിന്നാണ് പണം ഗ്രാമീൺ ബാങ്കിലേക്ക് ട്രാൻസ്ഫർ ചെയ്തത്.
കഴിഞ്ഞ മാസം 13 നാണ് സ്‌കൂൾ അക്കൗണ്ടിലേക്ക് 13200 രൂപ എത്തിയത്. ഹയർ സെക്കൻഡറി വിഭാഗത്തിൽ പഠിക്കുന്ന രണ്ട് കുട്ടികളുടെ ഫീസാണ് സൗദിയിൽ നിന്ന് രക്ഷിതാവ് സ്‌കൂൾ അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്ത നൽകിയത്.മാർച്ച് 24 ന് സ്‌കൂൾ അധികൃതർക്ക് ഗ്രാമീൺ ബാങ്കിൽ നിന്നും വിളിയെത്തി.
ഗുജറാത്ത് സൈബർ സെല്ലിനെയും കേരളത്തിലെ സൈബർ സെല്ലിനെയും ബന്ധപ്പെട്ടെങ്കിലും ഒരു മറുപടിയും ലഭിച്ചില്ലെന്നും സ്‌കൂൾ അധികൃതർ പറഞ്ഞു. അക്കൗണ്ട് മരവിപ്പിച്ചത് മാറ്റി കിട്ടാൻ കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ് സ്‌കൂൾ അധികൃതർ.