മഴ ചതിച്ചു; വട്ടവടയിൽ കൃഷിനാശം രൂക്ഷം
ഏക്കറുകണക്കിന് ശീതകാല പച്ചക്കറികളാണ് മഴയില്‍ നശിച്ചത്.
ശക്തമായ മഴയെ തുടർന്ന് ഇടുക്കി വട്ടവടയില്‍ ഏക്കർ കണക്കിന് കൃഷി നശിച്ചു. ശീതകാല പച്ചക്കറികളായ സ്ട്രോബറിയും കാബേജും ക്യാരറ്റുമടക്കമുള്ളവയാണ് അഴുകി നശിച്ചത്.
ശീതകാല പച്ചക്കറികളുടെ വിളനിലമാണ് വട്ടവട. എന്നാല്‍ ഇത്തവണ വിളവെടുപ്പ് നടന്നില്ല. ഈ മാസം തുടക്കം വരെ പെയ്ത ശക്തമായ മഴയില്‍ വ്യാപകമായി കൃഷി നശിച്ചു. വട്ടവടയിലെ അന്‍പതു ശതമാനത്തോളം കൃഷി നശിച്ചുവെന്നാണ് കർഷകർ പറയുന്നത്. വിളവെടുക്കാന്‍ പാകമായിരിക്കെയാണ് ക്യാബേജും, ഉരുളക്കിഴങ്ങും, ക്യാരറ്റുമെല്ലാം അഴുകിപ്പോയത്.
ലോക്ഡൗണ്‍ മുതല്‍ പ്രതിസന്ധിയിലായിരുന്ന സ്ട്രോബറി കർഷകരുടേതാണ് ഏറ്റവും വലിയ ദുരിതം. കഴിഞ്ഞ രണ്ട് സീസണിലും ഉത്പാദിപ്പിച്ച സ്ട്രോബറികള്‍ വില്‍ക്കാനായിരുന്നില്ല. വിനോദ സഞ്ചാരികളേറെ എത്തുമെന്ന പ്രതീക്ഷയിലിരിക്കുമ്പോഴാണ് മഴ വില്ലനായത്.
പല കര്‍ഷകരും കൃഷി തുടങ്ങിയത് ലോണെടുത്താണ്. കൃഷിനാശം വലിയ സാമ്പത്തിക ബാധ്യതയാണ് കര്‍ഷകര്‍ക്ക് വരുത്തിയിരിക്കുന്നത്. തിരിച്ചടവ് മുടങ്ങിയതോടെ സർക്കാർ സഹായിക്കണമെന്നാണ് ഇവരുടെ ആവശ്യം.