റോയിട്ടേഴ്‌സിലെ മലയാളി മാധ്യമപ്രവര്‍ത്തകയുടെ മരണം: ദുരൂഹത നീക്കണമെന്ന് ആക്ഷൻ കമ്മറ്റി
കാസർകോട് ആക്ഷൻ കമ്മറ്റി രൂപീകരിച്ചു
കാസര്‍കോട്: വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സിലെ മലയാളി മാധ്യമപ്രവര്‍ത്തകയെ ബെംഗളൂരുവില്‍ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിലെ ദുരൂഹത നീക്കണമെന്ന് ആവശ്യപ്പെട്ട് കാസർകോട് ആക്ഷൻ കമ്മറ്റി രൂപീകരിച്ചു. ജില്ലയിലെ എം.എൽ.എമാരുടെ നേതൃത്വത്തിലാണ് ആക്ഷൻ കമ്മറ്റി രൂപീകരിച്ചത്. കാസര്‍കോട് വിദ്യാനഗര്‍ സ്വദേശിയായ ശ്രുതിയെ മാർച്ച് 24ന് ബെംഗളൂരുവിലെ അപ്പാര്‍ട്ട്‌മെന്‍റില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
റോയിട്ടേഴ്‌സ് ബെംഗളൂരു ഓഫീസില്‍ സബ് എഡിറ്ററായിരുന്നു ശ്രുതി. ബെംഗളൂരു നല്ലൂറഹള്ളി മെഫെയറിലെ അപ്പാര്‍ട്ട്‌മെന്റിലാണ് ശ്രുതിയും ഭര്‍ത്താവ് അനീഷും താമസിച്ചിരുന്നത്. ശ്രുതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ ദിവസം തളിപ്പറമ്പിനടുത്ത ചുഴലിയിലെ വീട്ടിലായിരുന്നു അനീഷ്. ശ്രുതിയുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍ രംഗത്ത് എത്തിയിരുന്നു. ഭര്‍തൃപീഡനമാണ് മരണത്തിന് കാരണമെന്ന് ചൂണ്ടിക്കാട്ടി ബന്ധുക്കള്‍ പൊലീസിൽ പരാതി നൽകി. അസ്വാഭാവിക മരണത്തിന് ബെംഗളൂരു പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നുണ്ട്.
കഴിഞ്ഞ ദിവസം തളിപ്പറമ്പിനടുത്ത ചുഴലിയിലെ വീട്ടിൽ ബെംഗളൂരു പൊലീസ് പരിശോധന നടത്തിയിരുന്നെങ്കിലും അനീഷിനെ കണ്ടെത്താനായില്ല. മരണത്തിലെ ദുരൂഹത നീക്കണമെന്ന് ആവശ്യപ്പെട്ട് കാസർകോട് ആക്ഷൻ കമ്മറ്റി പ്രവർത്തനം തുടങ്ങി. എംഎൽഎമാരായ എൻ.എ നെല്ലിക്കുന്ന്, ഇ ചന്ദ്രശേഖരൻ എന്നിവരുടെ നേതൃത്വത്തിലാണ് ആക്ഷൻ കമ്മറ്റി രൂപീകരിച്ചത്.
സാമൂഹ്യ പ്രവർത്തകനും എഴുത്തുകാരനുമായ നാരായണൻ പെരിയയുടെ മകളാണ് ശ്രുതി. ആക്ഷൻ കമ്മറ്റി രൂപീകരണ യോഗത്തിൽ സാമൂഹ്യ, സാംസ്കാരിക, രാഷ്ട്രീയ മാധ്യമ രംഗത്തെ പ്രമുഖർ പങ്കെടുത്തു.
Summary- Reuters Malayali journalist Sruthi found dead in flat in bengaluru. Action committee demands proper investigation