2 ദിവസം, 22 മണിക്കൂര്‍ ചോദ്യംചെയ്യല്‍; പ്രതികരിക്കാതെ ദിലീപ് മടങ്ങി

ദിലീപ് നാളെയും ക്രൈംബ്രാഞ്ച് ഓഫീസില്‍ ഹാജരാകണം

Update: 2022-01-24 16:32 GMT
Advertising

നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നടന്‍ ദിലീപിന്‍റെ രണ്ടാം ദിവസത്തെ ചോദ്യംചെയ്യല്‍ പൂര്‍ത്തിയായി. രണ്ടാം ദിവസവും മാധ്യമങ്ങളോട് പ്രതികരിക്കാതെയാണ് ദിലീപ് മടങ്ങിയത്. രണ്ട് ദിവസങ്ങളിലായി 22 മണിക്കൂറാണ് ക്രൈംബ്രാഞ്ച് ദിലീപിനെ ചോദ്യംചെയ്തത്.

കളമശ്ശേരി ക്രൈംബ്രാഞ്ച് ഓഫീസിലായിരുന്നു ചോദ്യംചെയ്യൽ. ദിലീപ് നാളെയും ക്രൈംബ്രാഞ്ച് ഓഫീസില്‍ ഹാജരാകണം. ചോദ്യംചെയ്യലിനായി ഹൈക്കോടതി അനുവദിച്ചിട്ടുള്ള മൂന്നു ദിവസത്തെ സമയ പരിധി നാളെ അവസാനിക്കും. ദിലീപിന് പുറമെ സഹോദരന്‍ അനൂപ്, സഹോദരീ ഭര്‍ത്താവ് സൂരജ്, ഡ്രൈവര്‍ അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട് എന്നിവരേയും ക്രൈംബ്രാഞ്ച് ചോദ്യംചെയ്തു.

കേസുമായി ബന്ധപ്പെട്ട് സംവിധായകന്‍ റാഫിയെയും ദിലീപിന്‍റെ നിര്‍മാണ കമ്പനിയായ ഗ്രാന്റ് പ്രൊഡക്ഷന്‍സ് മാനേജറെയും ക്രൈംബ്രാഞ്ച് ഇന്ന് വിളിപ്പിച്ചു. നടന്‍ ദിലീപും സംവിധായകന്‍ ബാലചന്ദ്രകുമാറും തമ്മില്‍ പ്രശ്നങ്ങളുണ്ടെന്ന് തോന്നിയിട്ടില്ലെന്ന് സംവിധായകന്‍ റാഫി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. പിക്ക് പോക്കറ്റ് സിനിമയിൽ നിന്ന് പിൻമാറുന്ന കാര്യം തന്നെ അറിയിച്ചത് ബാലചന്ദ്രകുമാർ ആണ്. ആ സിനിമയുടെ തിരക്കഥ റീവര്‍ക്ക് ചെയ്യാനാണ് തന്നെ ഏല്‍പ്പിച്ചതെന്നും റാഫി പറഞ്ഞു. റാഫിയെ ഇന്ന് ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു.

ജയിലിൽ നിന്ന് പുറത്തിറങ്ങിയ ശേഷം നെഗറ്റീവ് ക്യാരക്ടർ ചെയ്യാൻ ബുദ്ധിമുട്ട് ഉണ്ടായിരുന്നു എന്ന് ദിലീപ് സത്യവാങ്മൂലത്തിൽ പറഞ്ഞിരുന്നു. എന്നാല്‍ ദിലീപിന്‍റെ സത്യവാങ്മൂലത്തിലെ ഈ പരാമർശം റാഫി തള്ളി. അങ്ങനെ ബുദ്ധിമുട്ട് പറഞ്ഞിരുന്നില്ലെന്നും നല്ല രസമുള്ള കഥയായിരുന്നുവെന്നും റാഫി പറഞ്ഞു. സിനിമ നടക്കാതെ പോയത് എന്തുകൊണ്ടെന്ന് അറിയില്ല. കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളിലാണ് സിനിമയില്‍ നിന്ന് പിന്മാറുന്ന കാര്യം ബാലചന്ദ്രകുമാര്‍ തന്നെ വിളിച്ചുപറഞ്ഞതെന്ന് റാഫി വ്യക്തമാക്കി. ദിലീപ് കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറഞ്ഞത് താനാണ് സിനിമയില്‍ നിന്ന് പിന്മാറിയതെന്നാണ്. അതുകൊണ്ടാണ് ബാലചന്ദ്രകുമാറിന് വൈരാഗ്യമെന്നും ദിലീപ് ആരോപിച്ചു.

Full View

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News