വിവാദങ്ങള്‍ക്ക് പിന്നാലെ സോഷ്യൽ മീഡിയയോട് ബൈ പറഞ്ഞു ജോജു ജോര്‍ജ്
തന്നെ സ്‌നേഹിക്കുന്ന പ്രേക്ഷക മനസിൽ തനിക്ക് സ്ഥാനമുണ്ടെന്നും സോഷ്യൽ മീഡിയയിലൂടെ അത് പങ്കുവയ്‌ക്കേണ്ട ആവശ്യമില്ലെന്നുമാണ് ജോജുവിന്‍റെ നിലപാട്
വിവാദങ്ങൾക്ക് പിന്നാലെ നടൻ ജോജു ജോർജിന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ അപ്രത്യക്ഷമായി. ഹാക്ക് ചെയ്തതാണെന്ന വാർത്തകൾ ഉണ്ടായിരുന്നെങ്കിലും അക്കാര്യം ജോജുവിന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ കൈകാര്യം ചെയ്യുന്ന ഏജൻസി നിഷേധിച്ചു. ജോജുവിന്റെ നിർദേശപ്രകാരമാണ് അക്കൗണ്ടുകൾ ഡിലീറ്റ് ചെയ്തതെന്ന് അവർ അറിയിച്ചു. തനിക്ക് ഇനിമുതൽ
സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വേണ്ടെന്നാണ് താരത്തിന്റെ നിലപാട്. ഏറെ സജീവമായിരുന്ന ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം അക്കൗണ്ടുകളാണ് നടൻ ഡീലിറ്റ് ചെയ്തത്. തന്നെ സ്‌നേഹിക്കുന്ന പ്രേക്ഷക മനസിൽ തനിക്ക് സ്ഥാനമുണ്ടെന്നും സോഷ്യൽ മീഡിയയിലൂടെ അത് പങ്കുവയ്‌ക്കേണ്ട ആവശ്യമില്ലെന്നുമാണ് ജോജു അറിയിച്ചത്.
ഇന്ധനവില വർധനവിനെതിരെ കോൺഗ്രസ് സംഘടിപ്പിച്ച ഉപരോധ സമരത്തിനെതിരെ കഴിഞ്ഞ ദിവസം ജോജു പ്രതികരിച്ചത് വലിയ വിവാദത്തിലേക്ക് നയിച്ചിരുന്നു.
അതേസമയം കോൺഗ്രസ് റോഡ് ഉപരോധത്തിൽ ഉണ്ടായ സംഘർഷത്തിൽ നടൻ ജോജു ജോർജിനെതിരെ ആക്രമണം നടത്തിയവരിൽ ചിലരെ താരം തിരിച്ചറിഞ്ഞതായി കൊച്ചി പൊലീസ് കമ്മീഷണർ അറിയിച്ചു. തിരിച്ചറിഞ്ഞ പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യും. ജോജുവിൻറെ വാഹനം തകർത്തതിന് കേസ് എടുത്തിട്ടുണ്ട്. പ്രതികളെ ജാമ്യമില്ലാ വകുപ്പ് പ്രകാരമായിരിക്കും അറസ്റ്റു ചെയ്യുകയെന്നും കാർ തകർക്കുന്ന ദൃശ്യങ്ങളിൽ നിന്നും പ്രതികളെ തിരിച്ചറിഞ്ഞതായും കമ്മീഷണർ പറഞ്ഞു. നേരത്തെ പ്രതികളെ തിരിച്ചറിയാൻ ദൃശ്യങ്ങളും ചിത്രങ്ങളും പൊലീസ് ജോജുവിന് അയച്ചുകൊടുത്തിരുന്നു.
ജോജുവിനെ ആക്രമിച്ചെന്നു കാട്ടി ജാമ്യമില്ലാവകുപ്പുകൾ ചുമത്തിയാണ് കൊച്ചി മുൻ മേയർ ടോണി ചമ്മണിക്കെതിരെയും പ്രവർത്തകർക്കെതിരെയും പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. കേസിൽ കൂടുതൽ പേരെ പ്രതി ചേർത്തേക്കും. പ്രതികൾ എത്ര ഉന്നതരായാലും അറസ്റ്റ് നടക്കുമെന്നും കമ്മീഷണർ പറഞ്ഞു.
അതേസമയം ജോജുവിനെതിരായ മഹിള കോൺഗ്രസ് പ്രവർത്തകരുടെ പരാതിയിൽ ഇതുവരെ വിശ്വസനീയമായ തെളിവ് ലഭിച്ചിട്ടില്ലെന്നും കേസെടുത്തിട്ടില്ലെന്നും കമ്മീഷണർ പറഞ്ഞു.
വിഷയം നിയമസഭയിലും ചർച്ചയായി. സഭയിൽ സിപിഎമ്മിനെ കടന്നാക്രമിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ.' നിങ്ങൾ സമരം നടത്തുന്ന സ്ഥലത്തേക്കാണ് ഒരാൾ വന്ന് ബഹളമുണ്ടാക്കിയതെങ്കിൽ എന്തായിരുന്നേനെ അയാളുടെ സ്ഥിതി?, ഇന്ന് അയാൾക്ക് വേണ്ടി അനുശോചന യോഗം ചേരേണ്ടി വന്നേനെ'- വി.ഡി. സതീശൻ പറഞ്ഞു.
ജോജു ജോർജിനെ കോൺഗ്രസ് നേതാക്കൾ മദ്യപനായി ചിത്രീകരിച്ചത് ശരിയായില്ലെന്നും അതേക്കുറിച്ച് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ അന്വേഷിക്കണമെന്നും അടിയന്തര പ്രമേയ ചർച്ചയ്ക്കിടെ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
കേരളത്തിൽ അക്രമസമര പരമ്പരകൾ നടത്തിയവരാണ് കോൺഗ്രസ് സമരത്തെ വിമർശിക്കുന്നതെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു. എങ്ങനെ സമരം നടത്തണമെന്ന് സിപിഎം പഠിപ്പിക്കേണ്ട. കൊച്ചിയിൽ എന്തിനു വേണ്ടിയായിരുന്നു സമരം എന്ന് ജനങ്ങൾ വിലയിരുത്തട്ടെ. എന്തു സാഹചര്യത്തിലാണ് നടൻ ബഹളമുണ്ടാക്കിയതെന്നു മുഖ്യമന്ത്രി അന്വേഷിക്കണം. അവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരാണ് നടൻ മദ്യപിച്ച് ലക്കുകെട്ട് സംസാരിക്കുന്നതായി കോൺഗ്രസ് പ്രവർത്തകരോട് പറഞ്ഞതെന്നും വി.ഡി.സതീശൻ പറഞ്ഞു.
സിനിമാ താരത്തെ വഴിതടഞ്ഞതും വണ്ടി അടിച്ചു പൊട്ടിച്ചതും ആരാണെന്നു ധനമന്ത്രി കെ.എൻ.ബാലഗോപാലും ചോദിച്ചു. അതിനുശേഷം ജോജു മദ്യപിച്ചതായി കപട പ്രചാരണം നടത്തുകയാണെന്നും ധനമന്ത്രി പറഞ്ഞു.