'ആ കുട്ടി ഒരാളെ കൂടെ കൂട്ടിയിരുന്നെങ്കിൽ അത് സംഭവിക്കുമായിരുന്നില്ല'; നടി ആക്രമിക്കപ്പെട്ട കേസിൽ മധു
''ദിലീപ് അങ്ങനെ ചെയ്യുമെന്നോ ചെയ്യിപ്പിക്കുമെന്നോ ഞാൻ വിശ്വസിക്കുന്നില്ല, അഥവാ അങ്ങനെ ചെയ്താലും അയാളല്ലാതിരിക്കട്ടെ എന്നു ഞാൻ ആഗ്രഹിക്കുന്നു''
കൊച്ചി: പോകാൻ നേരത്ത് ആരെയെങ്കിലും ഒരാളെ കൂടെ കൂട്ടിയിരുന്നെങ്കിൽ നടി ആക്രമിക്കപ്പെടില്ലായിരുന്നുവെന്നാണ് താൻ പറഞ്ഞതെന്ന് നടൻ മധു. ആ കേസുമായി ബന്ധപ്പെട്ട് താൻ അഭിപ്രായം പറഞ്ഞത് ദിലീപിനെ സന്തോഷിപ്പിക്കാൻ വേണ്ടിയല്ലെന്നും അത് ദിലീപിനോട് തന്നെ നേരിട്ട് പറഞ്ഞിട്ടുണ്ടെന്നും മധു വ്യക്തമാക്കി. സമകാലിക മലയാളം ഓണപ്പതിപ്പിനു വേണ്ടി നടനും സംവിധായകനുമായ മധുപാൽ നടത്തിയ അഭിമുഖത്തിലാണ് മധു നിലപാട് വ്യക്തമാക്കിയത്.
മധുവിന്റെ വാക്കുകൾ: ''ഇടയ്ക്ക് ഒരു പെൺകുട്ടി ഇതുപോലെ ഇന്റർവ്യൂവിനു വന്നു. ഞാൻ പറഞ്ഞു, ദിലീപ് അങ്ങനെ ചെയ്യുമെന്നോ ചെയ്യിപ്പിക്കുമെന്നോ ഞാൻ വിശ്വസിക്കുന്നില്ല, അഥവാ അങ്ങനെ ചെയ്താലും അയാളല്ലാതിരിക്കട്ടെ എന്നു ഞാൻ ആഗ്രഹിക്കുന്നു. പിന്നെ, ടി.വി തുറന്നാൽ കാണുന്നതു മുഴുവൻ ദിലീപിന്റെ കേസാണ്. അന്ന് പോകാൻ നേരത്ത് ആരെങ്കിലുമൊരാളെ ആ കുട്ടി (നടി) കൂടെ കൂട്ടിയിരുന്നെങ്കിൽ ഇതുണ്ടാകില്ലായിരുന്നു. ഇന്നെനിക്ക് ഇതു ടി.വിയിൽ കാണേണ്ടി വരില്ലായിരുന്നു. കുറച്ചു ദിവസം കഴിഞ്ഞ് ദിലീപ് എന്നെ വിളിച്ചു. സർ, വളരെ സന്തോഷം എന്ന് പറഞ്ഞു. ദിലീപേ, ഞാൻ ദിലീപിനെ സന്തോഷിപ്പിക്കാൻ പറഞ്ഞതല്ല എന്നു ഞാനും പറഞ്ഞു. ആരെയും ഞാൻ കുറ്റപ്പെടുത്തുന്നില്ല, ആരെങ്കിലും കൂടെയുണ്ടായിരുന്നെങ്കിൽ എന്നേ പറഞ്ഞുള്ളു. അതു സത്യമാണ്. അവൻ ഈ സിനിമാ ഇൻഡസ്ട്രിക്ക് അകത്തുതന്നെ ഉള്ള ആളാണ്. മറ്റൊരാൾ കാൺകെ അങ്ങനെ ചെയ്യില്ല, ചെയ്യാൻ സാധിക്കില്ല. ആ കുട്ടി ആരെയെങ്കിലുമൊന്ന് കൂടെ കൂട്ടിയാൽ മതിയായിരുന്നു.
ആരെയെങ്കിലുമൊന്ന് കൂടെ കൂട്ടിയിരുന്നെങ്കിൽ എന്ന കാര്യമാണ് ഞാൻ പറഞ്ഞത്. പിന്നെ, ദിലീപ് വിളിച്ചല്ലോ. ആ ഒരു സ്‌നേഹം. പ്രത്യേകിച്ചു പറയാൻ ഒന്നുമില്ലെങ്കിലും. ഇത് എല്ലാവർക്കുമുണ്ട്, സിദ്ദീഖ്... അവർക്കെല്ലാമുണ്ട്-മധു പറഞ്ഞു.