രോഗം മൂലമാണ് കുറ്റം ചെയ്തതെന്ന് നടൻ ശ്രീജിത്ത് രവി; ജാമ്യം നൽകരുതെന്ന് പൊലീസ്
രോഗത്തിന് കൂടുതൽ ചികിത്സ തേടേണ്ടതുണ്ടെന്നും ശ്രീജിത്ത് രവി കോടതിയിൽ
തൃശൂർ: പോക്‌സോ കേസിൽ അറസ്റ്റിലായ നടൻ ശ്രീജിത്ത് രവിക്ക് ജാമ്യം നൽകരുതെന്ന് പൊലീസ്. ജാമ്യം അനുവദിച്ചാൽ കുറ്റകൃത്യത്തിന് പ്രോത്സാഹനം നൽകുന്ന നിലപാടായിരിക്കും അതെന്നും പൊലീസ് കോടതിയിൽ വ്യക്തമാക്കി. എന്നാൽ രോഗം മൂലമാണ് കുറ്റം ചെയ്തതെന്നും കൂടുതൽ ചികിത്സ തേടേണ്ടതുണ്ടെന്നുമാണ് ശ്രീജിത്ത് രവിയുടെ വാദം. തൃശൂർ പോക്‌സോ കോടതിയിലാണ് ശ്രീജിത്ത് രവിയെ പൊലീസ് ഹാജരാക്കിയത്.
മാനസിക രോഗിയായതിനാൽ തനിക്ക് ജാമ്യം നൽകണമെന്നാണ് ശ്രീജിത്ത് രവി കോടതിയിൽ ആവശ്യപ്പെട്ടത്. രോഗവുമായി ബന്ധപ്പെട്ട് ഡോക്ടർ നൽകിയ രേഖയും ശ്രീജിത്ത് രവി കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. എന്നാൽ പ്രതിക്ക് ജാമ്യം നൽകരുതെന്നും ഇന്നത്തെ ദിവസം ഡോക്ടർ നൽകിയ രേഖ കേസിൽനിന്നും തന്ത്രപൂർവം രക്ഷപ്പെടാനുള്ള പ്രതിയുടെ ശ്രമമാണെന്നും പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു. ചലച്ചിത്ര താരമായ ശ്രീജിത്ത് രവിയെ ജാമ്യത്തിൽ വിട്ടാൽ അത് സമൂഹത്തിന് തെറ്റായ സന്ദേശമാണ് നൽകുകയെന്നും പ്രോസിക്യൂഷൻ കോടതിയിൽ വ്യക്തമാക്കി.
കുട്ടികൾക്ക് നേരെ അശ്ലീല പ്രദർശനം നടത്തിയെന്നതിനാണ് നടൻ ശ്രീജിത്ത് രവിയെ തൃശ്ശൂർ വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. മൂന്ന് ദിവസം മുമ്പാണ് കേസിനാസ്പദമായ സംഭവം. തൃശൂർ അയ്യന്തോൾ എസ്.എൻ. പാർക്കിന് സമീപം കാർ നിർത്തി രണ്ട് കുട്ടികളോട് അശ്ലീലം കാണിച്ചെന്നാണ് കേസ്.
14ഉം 9ഉം വയസുള്ള കുട്ടികൾക്കു മുന്നിൽ നഗ്‌നതാപ്രദർശനം നടത്തിയെന്ന പരാതിയിലാണ് ശ്രീജിത്ത് രവിയെ അറസ്റ്റ് ചെയ്തത്. കറുത്ത കാറിലെത്തിയ പ്രതി നഗ്‌നത പ്രദർശനം നടത്തിയെന്നാണ് കുട്ടികൾ മൊഴി നൽകിയത്. മുൻ പരിചയമുള്ള ആളാണെന്നെന്നും കുട്ടികൾ പൊലീസിനോട് പറഞ്ഞിരുന്നു. സമീപത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ കാറിന്റെ വിവരങ്ങൾ ലഭ്യമായി. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. ശ്രീജിത്ത് രവിയെ കുട്ടികൾ തിരിച്ചറിഞ്ഞതായി പൊലീസ് അറിയിച്ചു. താരാ സംഘടനയായ എ.എം.എം.എ ഇയാൾക്കെതിരെ നടപടി എടുക്കുന്നതിനു മുന്നോടിയായി പൊലീസിൽ വിവരങ്ങൾ തേടിയിട്ടുണ്ട്.
ഇതിന് മുമ്പും സ്‌കൂൾ വിദ്യാർഥിനികളോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയിൽ ശ്രീജിത്ത് രവി അറസ്റ്റിലായിട്ടുണ്ട്. 2016 ആഗസ്ത് 27നായിരുന്നു സംഭവം. സ്‌കൂളിലേക്ക് സംഘമായി പോകുകയായിരുന്ന പെൺകുട്ടികൾക്കടുത്തെത്തി കാറിന്റെ ഡ്രൈവർ സീറ്റിലിരുന്നു നഗ്‌നത പ്രദർശിപ്പിക്കുകയും കുട്ടികൾ ഉൾപ്പെടുന്ന തരത്തിൽ സെൽഫി എടുത്തുവെന്നായിരുന്നു പരാതി. പാലക്കാട് ഒറ്റപ്പാലം പൊലീസാണ് കേസ് എടുത്തത്.