ആരോഗ്യ പ്രവർത്തകർക്കെതിരായ അതിക്രമങ്ങൾ: ആശങ്ക രേഖപ്പെടുത്തി പ്രമുഖർ

ഐഎംഎ കാംപയിനിന് ശശി തരൂർ എംപി, ചലച്ചിത്ര താരങ്ങളായ മോഹൻലാൽ, മമ്മൂട്ടി, പൃഥ്വിരാജ് തുടങ്ങിയവർ ഐക്യദാർഢ്യം രേഖപ്പെടുത്തി

Update: 2021-06-09 09:46 GMT
Editor : Shaheer | By : Web Desk
Advertising

കോവിഡ് മഹാമാരിക്കെതിരായ പോരാട്ടത്തിൽ മുന്നണിപ്പോരാളികളായ ആരോഗ്യ പ്രവർത്തകർക്കുനേരെ നടക്കുന്ന അതിക്രമങ്ങൾക്കെതിരെ പ്രതികരണവുമായി പ്രമുഖർ. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെട്ട അക്രമസംഭവങ്ങളിൽ ചലച്ചിത്ര താരങ്ങളായ മോഹൻലാൽ, മമ്മൂട്ടി, പൃഥ്വിരാജ്, ശശി തരൂർ എംപി തുടങ്ങിയവർ ആശങ്ക രേഖപ്പെടുത്തി. ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ(ഐഎംഎ) ആഭിമുഖ്യത്തിൽ നടക്കുന്ന കാംപയിൻ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചാണ് ഇവർ ആരോഗ്യ പ്രവർത്തകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചത്.

വളരെ ദുഷ്‌ക്കരമായ ലോക്ക്ഡൗൺ സമയങ്ങളിൽ എല്ലാവരും വീടുകളിൽ സുരക്ഷിതരായി ഇരിക്കാനായി, ജീവൻപോലും പണയംവച്ച് അഹോരാത്രം പ്രവർത്തിക്കുന്ന ഡോക്ടർമാർക്കെതിരെയും ആശുപത്രികൾക്കെതിരെയുമുള്ള അതിക്രമങ്ങൾ അങ്ങേയറ്റം അപലപനീയമാണെന്ന് മോഹൻലാൽ ഫേസ്ബുക്കിൽ കുറിച്ചു. കോവിഡ് എന്ന മഹാമാരിക്കെതിരെ കഴിഞ്ഞ ഒന്നര വർഷത്തോളമായി പോരാടിക്കൊണ്ടിരിക്കുന്നവരാണ് നമ്മളെല്ലാവരും. ഈ യുദ്ധത്തിലെ മുന്നണിപ്പോരാളികളാണ് ഡോക്ടർമാർ അടങ്ങുന്ന ആരോഗ്യപ്രവർത്തകരെന്നും അദ്ദേഹം കുറിച്ചു.

Full View

ഡോക്ടർമാരുടെ മനോവീര്യം തകർക്കുന്ന തരത്തിൽ ശാരീരിക, മാനസിക ആക്രമണങ്ങളും സൈബർ ഇടങ്ങളിലെ വേട്ടയാടലും അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഐഎംഎ ഓൺലൈൻ കാംപയിൻ ആരംഭിച്ചത്. 'ഡോക്ടർമാക്കെതിരായ അക്രമങ്ങൾ അവസാനിപ്പിക്കണം, നമ്മുടെ ആരോഗ്യം അവരുടെ കൈയിലാണ്' എന്ന ആവശ്യമാണ് കാംപയിനിൽ മുന്നോട്ടുവച്ചിരിക്കുന്നത്.

Full View

അസം, കർണാടക മുതൽ കേരളത്തിൽ വരെ ഈ കോവിഡ് മഹാമാരി കാലത്തും ഡോക്ടർമാർക്കെതിരെ ശാരീരിക-മാനസിക ആക്രമണങ്ങൾ തുടരുകയാണ്. പൊലീസ് ഉദ്യോഗസ്ഥർക്ക് ആശുപത്രി ആക്രമണങ്ങളെ കർശനമായി നേരിടാനുള്ള മാർഗനിർദേശം മുൻപ് നൽകിയതുപോലെ വീണ്ടും നൽകേണ്ട സമയമാണ്. കേന്ദ്രനിയമം ആവശ്യപ്പെട്ട് അവധി തവണ കേന്ദ്രസർക്കാരിനെ സമീപിച്ചിട്ടുള്ളതാണ്. അത് ഉടനുണ്ടാകുമെന്നാണ് പ്രതീക്ഷ. ഇത്തരം അതിക്രമങ്ങൾക്കെതിരായ നിയമനടപടികൾക്ക് ശക്തമായ പിന്തുണയുണ്ടാകണമെന്നും ഐഎംഎ കേരള ഘടകം ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ പങ്കുവച്ച കുറിപ്പിൽ ആവശ്യപ്പെടുന്നു.

Tags:    

Editor - Shaheer

contributor

By - Web Desk

contributor

Similar News