നടിയെ ആക്രമിച്ച കേസ്; വിചാരണക്കോടതിക്കെതിരെ പ്രോസിക്യൂഷൻ ഹൈക്കോടതിയിലേക്ക്...

പ്രതികളുടെ ഫോൺ രേഖകൾ ഹാജരാക്കാൻ ആവശ്യപ്പെടണമെന്ന ആവശ്യം വിചാരണക്കോടതി തള്ളിയതാണ് പ്രോസിക്യൂഷനെ ചൊടിപ്പിച്ചത്.

Update: 2021-12-27 02:34 GMT
Advertising

നടിയെ ആക്രമിച്ച കേസില്‍ പ്രോസിക്യൂഷന്‍റെ ആവശ്യങ്ങൾ വിചാരണക്കോടതി നിരന്തരം അവഗണിക്കുന്നുവെന്ന് ആരോപിച്ച് പ്രോസിക്യൂഷന്‍ ഹൈക്കോടതിയിലേക്ക്. നിർണായക വാദങ്ങൾ കോടതി രേഖപ്പെടുത്തുന്നില്ലെന്നും പ്രോസിക്യൂഷൻ ആരോപിച്ചു. പ്രതികളുടെ ഫോൺ രേഖകൾ ഹാജരാക്കാൻ ആവശ്യപ്പെടണമെന്ന ആവശ്യം വിചാരണക്കോടതി തള്ളിയതാണ് പ്രോസിക്യൂഷനെ ചൊടിപ്പിച്ചത്. വിസ്തരിച്ച ചില സാക്ഷികളേയും മറ്റ് ചിലരേയും വിസ്തരിക്കണമെന്ന പ്രോസിക്യൂഷന്‍റ ആവശ്യവും വിചാരണക്കോടതി തള്ളിയിരുന്നു.

ടെലിഫോൺ കമ്പനികളുടെ സർട്ടിഫൈഡ് പകർപ്പ് അംഗീകരിക്കില്ലെന്ന് പ്രതിഭാഗം വാദിച്ചിരുന്നു. പ്രതികളുടെ ഫോണ്‍കോള്‍ രേഖകളുടെ ഒറിജിനല്‍ പകര്‍പ്പ് വിളിച്ചുവരുത്തണം എന്ന പ്രോസിക്യൂഷന്‍ വാദം കോടതി അംഗീകരിച്ചില്ല. അതുകൊണ്ട് തന്നെ ഇതടിസ്ഥാനപ്പെടുത്തിയുള്ള നിർണായക തെളിവുകൾ അപ്രസക്തമായെന്നും പ്രോസിക്യൂഷൻ പറയുന്നു. നിർണായക വാദങ്ങൾ കോടതി രേഖപ്പെടുത്തുന്നില്ലെന്നും പ്രോസിക്യൂഷന്‍ പരാതി പറയുന്നു. വിചാരണക്കോടതി പക്ഷപാതപരമായി പെരുമാറുന്നു എന്ന് നടിയും പ്രോസിക്യൂഷനും ഇപ്പോള്‍ ആരോപിക്കുന്നു. 

Full View

നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കോടതിക്കെതിരെ നേരത്തേയും ആരോപണവുമായി പ്രോസിക്യൂഷന്‍ രംഗത്തുവന്നിരുന്നു. വിചാരണയടക്കമുള്ള തുടര്‍നടപടികള്‍ നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ അന്ന് ഹരജിയും ഫയല്‍ ചെയ്തിരുന്നു. കോടതിയില്‍നിന്ന് സുതാര്യമായ വിചാരണ പ്രതീക്ഷിക്കുന്നില്ലെന്നും കോടതി മാറ്റം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ അപേക്ഷ നല്‍കുമെന്നും അന്ന് പ്രോസിക്യൂഷന്‍ വ്യക്തമാക്കിയിരുന്നു.

അതേസമയം നടിയെ ആക്രമിച്ച കേസിൽ സുപ്രിം കോടതിയിൽ നൽകിയ വിടുതൽ ഹരജി ദിലീപ് കഴിഞ്ഞയാഴ്ച പിൻവലിച്ചിരുന്നു. കേസിന്‍റെ വിചാരണ അന്തിമ ഘട്ടത്തിലാണ്. ഇരുനൂറിലധികം സാക്ഷികളെ നിലവിൽ വിസ്തരിച്ചുകഴിഞ്ഞു. അതിനാല്‍ ഹരജിയുമായി മുന്നോട്ടുപോകാന്‍ ആഗ്രഹിക്കുന്നില്ലെന്ന് ദിലീപിന്‍റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. തുടർന്ന് ഹരജി പിൻവലിക്കാൻ കോടതി അനുമതി നൽകുകയായിരുന്നു. മുന്നൂറിലധികം സാക്ഷികളുള്ള കേസില്‍ കാവ്യ മാധവൻ ഉൾപ്പടെയുള്ള സാക്ഷികളുടെ വിസ്താരം പൂര്‍ത്തിയായിരുന്നു. 2017 ഫെബ്രുവരിയിലായിരുന്നു കൊച്ചിയില്‍ നടി ആക്രമണത്തിനിരയാകുന്നത്. ഇതില്‍ എട്ടാം പ്രതിയാണ് നടൻ ദിലീപ്.

Tags:    

Writer - ഷെഫി ഷാജഹാന്‍

contributor

Editor - ഷെഫി ഷാജഹാന്‍

contributor

By - Web Desk

contributor

Similar News