നടിയെ ആക്രമിച്ച കേസ്; ഫോൺ കൈമാറണമെന്ന് ദിലീപിനോട് ഹൈക്കോടതി

മുൻകൂർ ജാമ്യാപേക്ഷ ഫോണിൽ തീരുമാനമായിട്ട് പരിഗണിക്കാമെന്നും കോടതി പറഞ്ഞു. സ്വന്തം നിലയിൽ ഫോൺ പരിശോധനക്കയച്ചത് ശരിയായ നടപടിയല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.

Update: 2022-01-29 06:06 GMT
Editor : abs | By : Web Desk
Advertising

നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ വാദങ്ങൾ തള്ളി ഹൈക്കോടതി. ദിലീപ് ഫോൺ കൈമാറണമെന്ന് കോടതി പറഞ്ഞു. ഫോൺ പരിശോധന സംബന്ധിച്ച് ഇന്ന് തന്നെ തീരുമാനമെടുക്കണം, സഹകരിച്ചില്ലെങ്കിൽ മാറി ചിന്തിക്കേണ്ടി വരുമെന്നും കോടതി ചൂണ്ടിക്കാട്ടി.

മുൻകൂർ ജാമ്യാപേക്ഷ ഫോണിൽ തീരുമാനമായിട്ട് പരിഗണിക്കാമെന്നും കോടതി പറഞ്ഞു. സ്വന്തം നിലയിൽ ഫോൺ പരിശോധനക്കയച്ചത് ശരിയായ നടപടിയല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.

ബാലചന്ദ്രകുമാറിൻറെ വെളിപെടുത്തലിന് ശേഷം നാലുപേരും ഫോൺ മാറ്റിയിട്ടുണ്ടെന്നും ഫോൺ സുപ്രധാന തെളിവാണെന്നും പ്രോസിക്യൂഷൻ ആദ്യ ദിനത്തിൽ വാദിച്ചിരുന്നു. തങ്ങൾ ഫോറൻസിക് പരിശോധന നടത്തി ഫലം കൈമാറാമെന്ന ദിലീപിന്റെ അഭിഭാഷകന്റെ നിലപാട് കേട്ടു കേൾവിയില്ലാത്തതാണ്. ദിലീപിന് കൂടുതൽ സമയം നൽകരുതെന്നും അത് അപകടകരമാണ്. അറസ്റ്റിൽ നിന്നുള്ള സംരക്ഷണം അന്വേഷണപുരോഗതിയെ ബാധിക്കുന്നുണ്ട്. ദിലീപ് കേസ് അന്വേഷണത്തോട് സഹകരിക്കുന്നില്ല- പ്രോസിക്യൂഷൻ കൂട്ടിച്ചേർത്തു.

മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്ന വേളയിൽ, ഫോൺ തങ്ങൾക്ക് ലഭിക്കണമെന്ന ആവശ്യം ഉപഹർജി ആയാണ് അന്വേഷണ ഉദ്യോഗസ്ഥർ കോടതിയിൽ നൽകിയിരുന്നത്. ഈ ഉപഹർജിയിലാണ് വിശദമായ വാദം നടന്നിരുന്നത്.

ഫോൺ കൈമാറണമെന്ന പ്രോസിക്യൂഷന്റെ ആവശ്യത്തോട് തുടക്കം മുതൽ തന്നെ അനുകൂല നിലപാടാണ് കോടതി സ്വീകരിച്ചത്. ഹൈക്കോടതി രജിസ്ട്രിക്ക് ഫോൺ കൈമാറണമെന്നാണ് കോടതി ആവശ്യപ്പെട്ടിട്ടുള്ളത്. എന്നാൽ അഡ്വ. രാമൻപിള്ളയ്ക്ക് പകരം ദിലീപിന് വേണ്ടി ഹാജരായ അഭിഭാഷകൻ പ്രോസിക്യൂഷന്റെ ആവശ്യം എതിർത്തു. സുപ്രിംകോടതി ഭരണഘടനാ ബഞ്ചിന്റെ ഉത്തരവ് പ്രകാരം പ്രതികളോട് തെളിവുകൾ ഹാജരാക്കാൻ അന്വേഷണ ഉദ്യോഗസ്ഥർ ആവശ്യപ്പെടുന്നത് കീഴ്വഴക്കങ്ങളുടെ ലംഘനമാണ് എന്നും അഭിഭാഷകൻ ചൂണ്ടിക്കാട്ടി. അത് നിയമവിരുദ്ധമാണ് എന്നും അദ്ദേഹം വാദിച്ചു. രജിസ്ട്രിക്ക് ഫോൺ കൈമാറുന്നതിൽ എന്താണ് തടസ്സം എന്നാണ് കോടതി ഇതിൽ പ്രതികരിച്ചത്.

Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News