നടിയെ ആക്രമിച്ച കേസിൽ രഹസ്യ രേഖകൾ ചോർന്നിട്ടില്ലെന്ന് കോടതി

കോടതി ജീവനക്കാർക്കെതിരെ തെളിവുണ്ടെങ്കിൽ അന്വേഷണം നടത്താം. രേഖകൾ ചോർന്നതിന് തെളിവ് ഹാജരാക്കണമെന്ന് കോടതി

Update: 2022-04-26 08:21 GMT
Advertising

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ രഹസ്യ രേഖകൾ ചോർന്നിട്ടില്ലെന്ന് വിചാരണ കോടതി. 'എ' ഡയറി രഹസ്യ രേഖയല്ല. ഇത് കോടതിയിൽ ദിനം പ്രതി നടക്കുന്ന കാര്യങ്ങൾ രേഖപ്പെടുത്തുന്നതാണ്. അത് ബഞ്ച് ക്ലർക്കാണ് തയ്യാറാക്കുന്നത്. രേഖകൾ ചോർന്നതിന് ജീവനക്കാർക്കെതിരെ തെളിവ് ഹാജരാക്കണമെന്നും കോടതി ആവശ്യപ്പെട്ടു.

കോടതിയിലെ ചില രഹസ്യരേഖകൾ ദിലീപിന്‍റെ ഫോണില്‍ നിന്ന് കണ്ടെത്തിയെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞത്. ഇത് സംബന്ധിച്ച് കോടതി ജീവനക്കാരെ ചോദ്യംചെയ്യണമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടു. ഈ കേസാണ് ഇന്ന് വിചാരണ കോടതി പരിഗണിച്ചത്. ഇത് പരിഗണിക്കുമ്പോഴാണ് എന്ത് രേഖകൾ സംബന്ധിച്ചാണ് അന്വേഷണം നടക്കുന്നതെന്ന് വ്യക്തത വരുത്തണം എന്ന് കോടതി ആവശ്യപ്പെട്ടത്.

എന്ത് രേഖയാണ് ദിലീപിൻറെ ഫോണിൽ നിന്ന് കണ്ടെത്തിയത് എന്നത് സംബന്ധിച്ച് വ്യക്തത വരുത്താൻ കോടതി പ്രോസിക്യൂട്ടറോട് ആവശ്യപ്പെട്ടു. കേസിന്‍റെ അന്നന്നുള്ള വിശദാംശങ്ങൾ രേഖപ്പെടുത്തുന്ന എ ഡയറി പൊതു ഡോക്യുമെന്‍റാണ്. മറ്റൊന്ന് കോടതി ഉത്തരവിൻറെ ജഡ്ജ് ഒപ്പിട്ട രണ്ട് പേജുകളാണ്. നടിയെ ആക്രമിച്ച് പകർത്തിയ ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡ് ചണ്ഡീസ്ഗഡിലെ ലാബിൽ കൊണ്ടുപോയി പരിശോധിച്ച് അതിൽ വ്യക്തത വരുത്തണമെന്ന് ആവശ്യമുയര്‍ന്നിരുന്നു. അത് കോടതി നേരത്തെ അനുവദിക്കുകയുണ്ടായി. വിമാന മാർഗം രണ്ട് പോലീസുകാർ പോകണം, അതിനുള്ള ചെലവ് ദിലീപ് വഹിക്കണം എന്നായിരുന്നു ഉത്തരവ്. ഇത് രഹസ്യരേഖ അല്ല എന്നാണ് കോടതി വ്യക്തമാക്കിയത്. അതിനുവേണ്ടി കോടതി ജീവനക്കാരെ ചോദ്യംചെയ്യണോ എന്നാണ് കോടതി പ്രോസിക്യൂട്ടറോട് ചോദിച്ചത്.

ദിലീപ് വളരെയധികം സ്വാധീനമുള്ള വ്യക്തിയാണെന്ന് പ്രോസിക്യൂട്ടര്‍ മറുപടി നല്‍കി. പല സാക്ഷികളെയും ഈ കേസിൽ സ്വാധീനിച്ചു. കോടതി ജീവനക്കാരെയും സ്വാധീനിച്ചോ എന്നത് സംബന്ധിച്ച് വ്യക്തത വരുത്തേണ്ടതുണ്ടെന്ന് പ്രോസിക്യൂട്ടര്‍ നിലപാടെടുത്തു. കൃത്യമായ തെളിവുകൾ കൊണ്ടുവരാൻ കോടതി ആവശ്യപ്പെട്ടു. ജീവനക്കാർക്കെതിരെ തെളിവുകൾ ഉണ്ടെങ്കിൽ അന്വേഷണം നടത്താം. അതിന് തടസ്സമില്ലെന്ന് കോടതി വ്യക്തമാക്കി.

ദിലീപിൻറെ ജാമ്യം റദ്ദാക്കണം എന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ നൽകിയ ഹരജിയും ഇന്ന് പരിഗണനയ്ക്ക് വന്നു. ദിലീപിനോട് ഇന്ന് മറുപടി നൽകാൻ ആവശ്യപ്പെട്ടിരുന്നെങ്കിലും, മറുപടി നൽകാൻ കൂടുതൽ സമയം ചോദിച്ചതിനെ തുടർന്ന് ആ കേസ് മാറ്റി.


Full View


Summary- No secret document leaked in actress attack case, says court

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News