'ദിലീപ് ദൃശ്യങ്ങള്‍ കണ്ടു': സംവിധായകനും പ്രോസിക്യൂഷനും പറഞ്ഞത്...

ദിലീപിന്റെ സുഹൃത്ത് ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകള്‍ ശരിവയ്ക്കുന്നതാണ് പ്രോസിക്യൂഷന്‍റെ വാദം

Update: 2021-12-30 08:45 GMT
Advertising

നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ നടന്‍ ദിലീപ് നേരത്തെ കണ്ടുവെന്ന ആരോപണം പ്രോസിക്യൂഷന്‍ കോടതിയെ മാസങ്ങള്‍ക്ക് മുന്‍പ് തന്നെ അറിയിച്ചിരുന്നു. ദിലീപിന്റെ സുഹൃത്ത് ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകള്‍ ശരിവയ്ക്കുന്നതാണ് പ്രോസിക്യൂഷന്‍റെ ഈ വാദം. ദൃശ്യങ്ങൾ കാണണമെന്നാവശ്യപ്പെട്ട് ദിലീപ് സമർപ്പിച്ച ഹരജിയിലാണ് പ്രോസിക്യൂഷന്‍ രേഖാമൂലം മറുപടി നല്‍കിയത്.

നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങളിലുള്ള കാര്യങ്ങൾ ദിലീപിന്റെ ഹരജിയിൽ സൂചിപ്പിച്ചിട്ടുണ്ടെന്നും മികച്ച സാങ്കേതിക വിദ്യയുള്ള സ്റ്റുഡിയോയിൽ ഇരുന്ന് ഇത് ദിലീപ് അടക്കമുള്ളവർ കണ്ടെന്നുമാണ് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചത്. ദൃശ്യങ്ങൾ കാണണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജിയിൽ, ആ ദൃശ്യത്തിലുള്ള കാര്യങ്ങൾ കൃത്യമായി എങ്ങനെ വിശദീകരിക്കുന്നുവെന്ന ചോദ്യമാണ് പ്രോസിക്യൂഷന്‍ ഉയര്‍ത്തിയത്.

അതേസമയം ബാലചന്ദ്രകുമാറിന്‍റെ പുതിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ കേസിന്‍റെ ഗതി മാറുമെന്ന വിലയിരുത്തലിലാണ് അന്വേഷണ സംഘം. സാക്ഷിപ്പട്ടികയിലേക്ക് ബാലചന്ദ്രകുമാറിനെ കൂടി ഉൾപ്പെടുത്താനുള്ള നിയമ നടപടികളെ കുറിച്ച് അന്വേഷണ സംഘം ആലോചിക്കുന്നുണ്ട്. എ.ജിയുടെ നിയമോപദേശം കിട്ടിയേ ശേഷം തുടർ നടപടി സ്വീകരിക്കാനാണ് നീക്കം. അതിനിടെ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് ബാലചന്ദ്രകുമാർ രണ്ട് ദിവസത്തിനുള്ളിൽ കോടതിയെ സമീപിക്കും.

ഹരജി നാലാം തിയ്യതിയിലേക്ക് മാറ്റി

നടിയെ ആക്രമിച്ച കേസിൽ വിചാരണ നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ സമർപ്പിച്ച ഹരജി വിചാരണ കോടതി ഇന്ന് പരിഗണിച്ചെങ്കിലും നാലാം തിയ്യതിയിലേക്ക് മാറ്റി. സംവിധായകൻ ബാലചന്ദ്രകുമാർ നടത്തിയ വെളിപ്പെടുത്തലിന്‍റെ അടിസ്ഥാനത്തിൽ നടൻ ദിലീപ് അടക്കമുള്ളവർക്കെതിരെ തുടരന്വേഷണം നടക്കുന്ന സാഹചര്യത്തിലാണ് പ്രോസിക്യൂഷൻ കോടതിയെ സമീപിച്ചത്.

നടിയെ ആക്രമിച്ച് ചിത്രീകരിച്ച അപകീർത്തികരമായ ദൃശ്യങ്ങൾ ദിലീപിന്‍റെ കൈവശമുണ്ടെന്നായിരുന്നു ബാലചന്ദ്ര കുമാറിന്‍റെ വെളിപ്പെടുത്തൽ. കേസിൽ അന്തിമ റിപ്പോർട്ട് സമർപ്പിക്കുന്നത് വരെ വിചാരണ നടപടികൾ നിർത്തണമെന്നും അപേക്ഷയിൽ പൊലീസ് വ്യക്തമാക്കിയിരുന്നു. വിചാരണക്കോടതിയുടെ നടപടികളിൽ പ്രതിഷേധിച്ച് ഇന്നലെ സ്പെഷ്യല്‍ പ്രോസിക്യൂട്ടർ രാജിവെച്ചിരുന്നു. പ്രോസിക്യൂട്ടറുടെ അസാന്നിധ്യത്തിലായിരുന്നു ഇന്ന് കോടതി നടപടികൾ. വിചാരണ അന്തിമഘട്ടത്തിൽ എത്തിനിൽക്കുമ്പോഴാണ് കേസിൽ അസാധാരണ നടപടിയുണ്ടായത്. ഇന്ന് വിസ്തരിക്കേണ്ട അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസിന്‍റെ വിസ്താരവും നാലാം തിയ്യതിയിലേക്ക് മാറ്റി.


Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News