ഇത് തെറ്റായ നടപടി, സത്യപ്രതിജ്ഞ വെര്‍ച്വലാക്കണം: മുഖ്യമന്ത്രിയോട് പാര്‍വതി
ഞെട്ടിപ്പിച്ച. അംഗീകരിക്കാനാവാത്ത തീരുമാനം.. 500 പേരെ ഉള്‍ക്കൊള്ളിച്ചുള്ള സത്യപ്രതിജ്ഞക്കെതിരെ പാര്‍വതി തിരുവോത്ത്
കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ രണ്ടാം പിണറായി സര്‍ക്കാരിന്‍റെ സത്യപ്രതിജ്ഞ ഓണ്‍ലൈനായി നടത്തണമെന്ന ആവശ്യം പല ഭാഗത്ത് നിന്നും ഉയരുന്നുണ്ട്. മെയ് 20നാണ് സത്യപ്രതിജ്ഞ നടക്കുക. 500 പേരെ ഉള്‍പ്പെടുത്തി ചടങ്ങ് നടത്തുമെന്നാണ് മുഖ്യമന്ത്രി അറിയിച്ചത്. നടി പാര്‍വതി തിരുവോത്ത് ഉള്‍പ്പെടെയുള്ളവര്‍ വിമര്‍ശനവുമായി രംഗത്തെത്തി. കോവിഡ് കേസുകള്‍ ഇപ്പോഴും വര്‍ദ്ധിച്ചുവരികയാണെന്നും ഇത്തരത്തില്‍ ചടങ്ങ് നടത്തുന്നത് ശരിയായ നടപടി അല്ലെന്നും പാര്‍വതി വ്യക്തമാക്കി.
'കോവിഡ് പ്രതിരോധത്തിനായും മുന്‍നിര കോവിഡ് പ്രവര്‍ത്തകര്‍ക്കായും സംസ്ഥാന സര്‍ക്കാര്‍ ചെയ്തുകൊണ്ടിരിക്കുന്നതെല്ലാം നല്ല കാര്യങ്ങളാണ്. അതിപ്പോഴും സര്‍ക്കാര്‍ ഉത്തരവാദിത്തത്തോടെ തുടരുകയും ചെയ്യുന്നു. അതുകൊണ്ടാണ് ഇത് എല്ലാവരെയും ഞെട്ടിക്കുന്നത്. അതുകൊണ്ടാണ് ഇത് അംഗീകരിക്കാന്‍ കഴിയാത്തതും. സത്യപ്രതിജ്ഞക്കായി 500പേര്‍ എന്നത് അത്ര കൂടുതലല്ല എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. എന്നാല്‍ കോവിഡ് കേസുകള്‍ ഇപ്പോഴും വര്‍ദ്ധിച്ചുവരികയാണ്. നമ്മള്‍ കോവിഡ് പ്രതിരോധത്തിന്റെ അവസാന ഘട്ടത്തിലല്ല താനും. ഇതെല്ലാം കണക്കിലെടുക്കുമ്പോള്‍ തെറ്റായ നടപടിയാണിത്. പ്രത്യേകിച്ചും മറ്റൊരു മാതൃകയ്ക്ക് അവസരമുള്ളപ്പോള്‍. വെര്‍ച്വല്‍ സത്യപ്രതിജ്ഞയിലൂടെ ഒരു മാതൃകയാവുകയാണ് ഇപ്പോള്‍ വേണ്ടത്. ഞാന്‍ ഈ സമയം മുഖ്യമന്ത്രിയോട് അഭ്യര്‍ത്ഥിക്കുകയാണ്, ആള്‍ക്കൂട്ടം ഒഴിവാക്കി വെറച്വലായി സത്യപ്രതിജ്ഞാ ചടങ്ങ് നടത്തണമെന്ന്.'
എന്നാല്‍ മുഖ്യമന്ത്രി ഇന്നലെ പറഞ്ഞത് ഇങ്ങനെയാണ്- "50000ലേറെ പേര്‍ക്ക് ഇരിക്കാവുന്ന സ്ഥലമാണ് സെന്‍ട്രല്‍ സ്റ്റേഡിയം. എന്നാല്‍, ഇതിന്റെ നൂറിലൊന്നു പേരുടെ മാത്രം, അതായത് ഏകദേശം 500 പേരുടെ മാത്രം സാന്നിധ്യത്തിലാണ് സത്യപ്രതിജ്ഞാ ചടങ്ങ് നടത്തുന്നത്. അഞ്ച് കൊല്ലം മുമ്പ് ഇതേ വേദിയില്‍ 40000ല്‍ അധികം പേരുടെ സാന്നിധ്യത്തില്‍ നടത്തിയ പരിപാടിയാണ് ഇന്നത്തെ പ്രത്യേക സാഹചര്യത്തില്‍ ഇങ്ങനെ ചുരുക്കുന്നത്. 500 പേര്‍ എന്നത്, ഇത്തരമൊരു കാര്യത്തിന് വലിയ സംഖ്യയല്ല".