നിഖിലിന് പിടിക്കപ്പെടില്ലെന്ന ഉറപ്പ് നൽകുന്നത് ആരാണ്? അധ്യാപകർക്ക് നിശ്ശബ്ദരാകേണ്ടി വരുന്നത് എന്തുകൊണ്ടാണ്? സജിത മഠത്തില്‍
'ചില കോളജുകളിൽ വിദ്യാർഥി നേതാക്കൻമാർ ക്ലാസ്സിൽ ഒരിക്കൽ പോലും വന്നില്ലെങ്കിലും അവർക്ക് പൂർണമായ ഹാജറും കൂടിയ ഇന്റേണൽ മാർക്കും നൽകാൻ അധ്യാപകർ നിർബന്ധിതരാകുന്നത് എന്തുകൊണ്ടാവും?'
തിരുവനന്തപുരം: എസ്.എഫ്.ഐ കായംകുളം മുന്‍ ഏരിയ സെക്രട്ടറി നിഖില്‍ തോമസിന്‍റെ വ്യാജ സര്‍ട്ടിഫിക്കറ്റ് വിവാദത്തില്‍ പ്രതികരണവുമായി നടി സജിത മഠത്തില്‍. നിഖിൽ എന്ന ചെറുപ്പക്കാരന് ഇത്രയും വലിയ തട്ടിപ്പ് നടത്താനുള്ള ധൈര്യം നൽകുന്ന ഒരു സിസ്റ്റം കേരളത്തിൽ നിലനിൽക്കുന്നുണ്ടോയെന്നും പിടിക്കപ്പെടില്ല എന്ന ഉറപ്പ് നൽകുന്നത് ആരാണെന്നും സജിത ചോദിക്കുന്നു. തങ്ങൾ തോൽപ്പിച്ച ഒരു വിദ്യാർഥി അതേ കോളജിൽ ഉന്നത വിദ്യാഭ്യാസത്തിന് മറ്റൊരു യൂണിവേഴ്സിറ്റിയുടെ സർട്ടിഫിക്കറ്റുമായി വരുമ്പോൾ ആ ഡിപ്പാർട്ട്മെന്റിലെ അധ്യാപകർക്ക് നിശ്ശബ്ദരായി ഇരിക്കേണ്ടി വരുന്നത് എന്തുകൊണ്ടാവുമെന്നും സജിത മഠത്തില്‍ ചോദിക്കുന്നു.
കുറിപ്പിന്‍റെ പൂര്‍ണരൂപം
നിഖിലിന്റെ വിഷയത്തിൽ ഒന്നും മിണ്ടരുതെന്ന് കരുതിയതാണ്. മനസ്സമാധാനം കളയാൻ ആർക്കും താൽപര്യം ഉണ്ടാവില്ലല്ലോ. എങ്കിലും ഇതെല്ലാം മാറിനിന്നു കാണുമ്പോൾ തോന്നുന്ന ചില സംശയങ്ങളാണ്.
1 - യഥാർഥത്തിൽ നിഖിൽ എന്ന ചെറുപ്പക്കാരന് ഇത്രയും വലിയ തട്ടിപ്പ് നടത്താനുള്ള ധൈര്യം നൽകുന്ന ഒരു സിസ്റ്റം കേരളത്തിൽ നിലനിൽക്കുന്നുണ്ടോ? പിടിക്കപ്പെടില്ല എന്ന ഉറപ്പ് നൽകുന്നത് ആരാണ്?
2- തങ്ങൾ തോൽപ്പിച്ച ഒരു വിദ്യാർഥി അതേ കോളജിൽ ഉന്നത വിദ്യാഭ്യാസത്തിന് മറ്റൊരു യൂണിവേഴ്സിറ്റിയുടെ സർട്ടിഫിക്കറ്റ് ആയി വരുമ്പോൾ ആ ഡിപ്പാർട്ട്മെന്റിലെ അധ്യാപകർക്ക് നിശ്ശബ്ദരായി ഇരിക്കേണ്ടി വരുന്നത് എന്തുകൊണ്ടാവും?
3- ചില കോളജുകളിൽ വിദ്യാർഥി നേതാക്കൻമാർ ക്ലാസ്സിൽ ഒരിക്കൽ പോലും വന്നില്ലെങ്കിലും അവർക്ക് പൂർണമായ ഹാജറും കൂടിയ ഇന്റേണൽ മാർക്കും നൽകുവാൻ അധ്യാപകർ നിർബന്ധിതരാകുന്നത് എന്തുകൊണ്ടാവും?
4- ഈ കുട്ടികളെ കൃത്യമായി മുന്നോട്ടു നയിക്കേണ്ട അധ്യാപകർക്ക് ഇവിടെ എന്താണ് സംഭവിക്കുന്നത്? അതിന് അവരെ തടസ്സപ്പെടുത്തുന്നത് എന്തായിരിക്കും? തൽകാലിക ലാഭങ്ങൾ മാത്രമായിരിക്കുമോ ഈ അധ്യാപകരെ നിശ്ശബ്ദരാക്കുന്നുണ്ടാവുക?
ഞാൻ പറഞ്ഞില്ലെ സംശയം ചോദിച്ചെന്നെ ഉള്ളൂ. കൊല്ലരുത്!