ചുമതലയേറ്റിട്ട് രണ്ടാഴ്ച; ഒരു ഫയൽ പോലും ഒപ്പിടാനാകാതെ കെ.ടി.യു വിസി

ജീവനക്കാർ സഹകരിക്കുന്നില്ലെന്ന് സിസാ തോമസ്

Update: 2022-11-20 04:06 GMT
Editor : Lissy P | By : Web Desk
Advertising

തിരുവനന്തപുരം: ചുമതലയേറ്റ് രണ്ടാഴ്ച പിന്നിട്ടിട്ടും ഒരു ഫയൽ പോലും ഒപ്പിടാനാകാതെ സാങ്കേതിക സർവകലാശാല വൈസ് ചാൻസലർ സിസാ തോമസ്. ജീവനക്കാർ സഹകരിക്കാത്തതിനാൽ ഭരണ പ്രതിസന്ധി ഉണ്ടാകുന്നു എന്നാണ് വിസിയുടെ പരാതി. സർട്ടിഫിക്കറ്റ് വിതരണം പോലും കൃത്യമായി നടക്കുന്നില്ല എന്ന പ്രശ്‌നം വിദ്യാർഥികളും ഉന്നയിക്കുന്നു.

കെ.ടി.യു വൈസ് ചാൻസിലറെ പുറത്താക്കിക്കൊണ്ടുള്ള സുപ്രിംകോടതി ഉത്തരവുമുതലാണ് പ്രശ്‌നങ്ങളുടെ തുടക്കം. സർക്കാർ ശുപാർശ തള്ളി പകരം ടെക്‌നിക്കൽ എജുക്കേഷൻ ജോയിൻ ഡയറക്ടറായ സിസ തോമസിന് ഗവർണർ സ്വന്തം നിലയ്ക്ക് ചുമതല നൽകി. എന്നാൽ ചുമതല ലഭിച്ച് 16 ദിവസം പിന്നിട്ടിട്ടും സർവകലാശാലയിൽ കാര്യമായി ഒന്നും ചെയ്യാൻ വിസിക്ക് ആയിട്ടില്ല. സർവകലാശാലയിലെ ജീവനക്കാരുടെ നിസഹകരണ മനോഭാവമാണ് പ്രതിസന്ധിക്ക് കാരണമെന്ന് വൈസ് ചാൻസലർ പറയുന്നു. രജിസ്ട്രാറടക്കമുള്ള പ്രധാന ഉദ്യോഗസ്ഥർ മാറിനിൽക്കുന്നത് മൂലം പല പ്രധാന ഫയലുകളിലും ഒപ്പിടാൻ സാധിക്കുന്നില്ല. സിൻഡിക്കേറ്റും സെനറ്റും ചേർന്ന് എടുത്ത തീരുമാനങ്ങളും പാതിവഴിയിലാണ്. സർട്ടിഫിക്കറ്റ് വിതരണം ഉൾപ്പടെ അത്യാവശ്യ പ്രവർത്തനങ്ങൾ പോലും സർവകലാശാലയിൽ നടക്കുന്നില്ല. ജോലിക്കും ഉപരിപഠനത്തിനുമായി സർവകലാശാലയെ സമീപിക്കുന്ന വിദ്യാർഥികൾ ഇതുമൂലം ബുദ്ധിമുട്ടിലാണ്.

അപ്പോഴും എത്രയും വേഗം പ്രശ്‌നം പരിഹരിക്കാൻ സാധിക്കുമെന്ന പ്രതീക്ഷയാണ് വിസി പങ്കുവെയ്ക്കുന്നത്. ഗവർണർ ഇടപെട്ട് ഭരണപ്രതിസന്ധി പരിഹരിക്കുമെന്ന് ഉറപ്പു നൽകിയെങ്കിലും സർവകലാശാല കേന്ദ്രീകരിച്ചുള്ള സമരങ്ങൾ വിസിക്ക് തലവേദനയാവുകയാണ്.

Full View

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News