സ്കൂള്‍ അധ്യാപക നിയമനം; മുന്നറിയിപ്പുമായി കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍
സംസ്ഥാനത്ത് ആകെ ആറായിരത്തിലധികം അധ്യാപക ഒഴിവുകളുണ്ട്
സ്കൂള്‍ അധ്യാപക നിയമനം വൈകരുതെന്ന മുന്നറിയിപ്പുമായി കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍. ഈ മാസം 29നകം തീരുമാനമെടുത്തില്ലെങ്കില്‍ അഡ്വൈസ് കിട്ടിയവർക്ക് ശമ്പളം നല്‍കണമെന്ന് ഉത്തരവിടേണ്ടിവരും. കുട്ടികളെ പഠിപ്പിക്കാന്‍ അധ്യാപകരല്ലാത്തവരെ നിയോഗിക്കുന്നത് നിർഭാഗ്യകരമാണെന്നും ട്രൈബ്യൂണല്‍ നിരീക്ഷിച്ചു.
കാസർകോട്, തൃശൂർ ജില്ലകളില്‍ നിയമന ഉത്തരവ് ലഭിച്ച അധ്യാപകരാണ് ട്രൈബ്യൂണിലിനെ സമീപിച്ചത്. കാസര്‍കോഡ് ജില്ലയിലെ സ്കൂളുകളില്‍ അധ്യാപക ക്ഷാമം പരിഹരിക്കാന്‍ ബി.എഡ് വിദ്യാര്‍ഥികളെ നിയോഗിക്കുന്ന വാർത്ത കഴിഞ്ഞ ദിവസം മീഡിയവൺ റിപ്പോർട്ട് ചെയ്തിരുന്നു.
സംസ്ഥാനത്ത് ആകെ ആറായിരത്തിലധികം അധ്യാപക ഒഴിവുകളുണ്ട്. 1632 അധ്യാപകര്‍ നിയമന ഉത്തരവ് നല്‍കി കാത്തിരിക്കുന്നവരുണ്ട്. അവര്‍ക്ക് ഒഴിവുകളില്‍ പ്രവേശിക്കാന്‍ സാധിക്കുന്നില്ല. സംസ്ഥാനത്ത് ഓണ്‍ലൈന്‍ ക്ലാസുകള്‍ നടത്താന്‍ അധ്യാപകരില്ലാത്ത അവസ്ഥയും നിലനില്‍ക്കുന്നുണ്ട്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ അധ്യാപക ക്ഷാമം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് കാസര്‍കോട് ജില്ലയിലാണ്.