എഡിഎമ്മിന്റെ മരണം: വിവാദ പെട്രോൾ പമ്പ് അപേക്ഷകൻ ടി.വി പ്രശാന്തന് സസ്പെൻഷൻ

സ്വകാര്യ ബിസിനസ് ചട്ട ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ആരോ​ഗ്യ വകുപ്പിന്റെ നടപടി

Update: 2024-10-26 11:48 GMT
Advertising

തിരുവനന്തപുരം: മുന്‍ എഡിഎം നവീന്‍ ബാബുവിന്‍റെ മരണത്തിൽ ടി.വി പ്രശാന്തന് സസ്പെൻഷൻ. ആരോ​ഗ്യ വകുപ്പ് നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. സ്വകാര്യ ബിസിനസ് സർവീസ് ചട്ടലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രശാന്തനെ സസ്പെൻഡ് ചെയ്തത്. വിവാദമായ പെട്രോൾ പമ്പിന് അപേക്ഷ നൽകിയ ആളായ പ്രശാന്തൻ പരിയാരം മെഡിക്കൽ കോളജ് ജീവനക്കാരനാണ്.

പുറത്താക്കിയതിനു പിന്നാലെ പ്രശാന്തിനെതിരെ പെലീസ് അന്വേഷണത്തിന് ശിപാർശ ചെയ്തിട്ടുണ്ട്. പമ്പ് തുടങ്ങാൻ ഉള്ള വരുമാനം അടക്കം അന്വേഷിക്കണമെന്നാണ് ആരോഗ്യ വകുപ്പിന്റെ റിപ്പോർട്ട് ശിപാർശ ചെയ്യുന്നത്. 

നവീന്‍ ബാബുവിന്‍റെ മരണത്തിൽ പ്രശാന്തന്‍റെ മൊഴി അന്വേഷണസംഘം കഴിഞ്ഞ ദിവസമാണ് രേഖപ്പെടുത്തിയത്. പ്രശാന്തന്‍ രണ്ടാം തവണയാണ് അന്വേഷണ സംഘത്തിന്‍റെ മുന്നിലെത്തുന്നത്. കഴിഞ്ഞ വെള്ളിയാഴ്ചയും മൊഴി രേഖപ്പെടുത്തിയിരുന്നു. ഇന്നലെ മൊഴി രേഖപ്പെടുത്തിയ ശേഷം പുറത്തിറങ്ങിയ പ്രശാന്തന്‍ മാധ്യമങ്ങളോട് പ്രതികരിക്കാൻ തയാറായിരുന്നില്ല.

പരിയാരം മെഡിക്കൽ കോളജിലെ കരാര്‍ ജീവനക്കാരനായ ടി.വി പ്രശാന്തനെതിരെ കടുത്ത നടപടി സ്വീകരിക്കാൻ സർക്കാർ നേരത്തെ തീരുമാനിച്ചിരുന്നു. ഇതിൽ ആരോഗ്യമന്ത്രി വീണാ ജോർജ് സൂചന നൽകിയതുമായിരുന്നു. സർക്കാരിന്‍റെ ശമ്പളം പ്രശാന്തന്‍ ഇനി വാങ്ങില്ലെന്നായിരുന്നു ആരോഗ്യമന്ത്രി പറഞ്ഞത്.

കണ്ണൂർ എഡിഎം ആയിരുന്ന നവീൻ ബാബുവിനെതിരെ അഴിമതി ആരോപണമുന്നയിച്ചതോടെയാണ് പ്രശാന്തന്‍ വാർത്തകളിൽ ഇടംപിടിക്കുന്നത്. നവീൻ ബാബുവിന് കൈക്കൂലി നൽകിയെന്ന് പ്രശാന്ത് വെളിപ്പെടുത്തിയിരുന്നു. പെട്രോൾ പമ്പിന് അംഗീകാരം നൽകുന്നതുമായി ബന്ധപ്പെട്ട് നവീൻ ബാബു 91,500 രൂപ കൈക്കൂലി വാങ്ങിയെന്നാണ് പ്രശാന്തൻ ആരോപിച്ചത്. ഇക്കാര്യം ചൂണ്ടിക്കാട്ടി ഇദ്ദേഹം മുഖ്യമന്ത്രിക്കും പരാതി നൽകിയിരുന്നു.

എന്നാൽ സംഭവത്തിൽ പ്രശാന്തനോട് കണ്ണൂർ മെഡിക്കൽ കോളജ് പ്രിൻസിപ്പൽ വിശദീകരണം തേടിയിരുന്നു. മെഡിക്കൽ കോളജിലെ ഇലക്ട്രിക് വിഭാഗം ജീവനക്കാരനാണ് പ്രശാന്ത്. സർക്കാർ ജീവനക്കാരനായ പ്രശാന്ത് പെട്രോൾ പമ്പ് തുടങ്ങിയത് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി എൻജിഒ അസോസിയേഷൻ പരാതി നൽകിയിരുന്നു. കൈക്കൂലി നൽകുന്നതും നിയമവിരുദ്ധമാണെന്നിരിക്കെ പ്രശാന്തിനെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണമെന്നും എൻജിഒ അസോസിയേഷൻ മെഡിക്കൽ എജ്യുക്കേഷൻ ഡയറക്ടർക്ക് നൽകിയ പരാതിയിൽ ആവശ്യപ്പെട്ടിരുന്നു.

Full View
Tags:    

Writer - അരുണ്‍രാജ് ആര്‍

contributor

Editor - അരുണ്‍രാജ് ആര്‍

contributor

By - Web Desk

contributor

Similar News