ആറ്റിങ്ങലിൽ ഫോട്ടോ ഫിനിഷ്; അടൂർ പ്രകാശിന് ജയം
അടൂർ പ്രകാശിന്റെ രണ്ട് അപരന്മാർ 2502 വോട്ടുകൾ നേടി.
തിരുവനന്തപുരം: ലീഡ് നിലകൾ മാറിമറിഞ്ഞ ശക്തമായ ത്രികോണ മത്സരം നടന്ന ആറ്റിങ്ങൽ ലോക്സഭാ മണ്ഡലത്തിൽ യു.ഡി.എഫ് സ്ഥാനാർഥി അടൂർ പ്രകാശിന് ജയം. എൽ.ഡി.എഫ് സ്ഥാനാർഥി വി. ജോയിയെയാണ് പരാജയപ്പെടുത്തിയത്. ഒരു ഘട്ടത്തിൽ നേരിയ വോട്ടുകൾക്ക് വി. ജോയി ഏറെ നേരം മുന്നിട്ടുനിന്നെങ്കിലും ഫോട്ടോഫിനിഷിൽ 1708 വോട്ടിന് അടൂർ പ്രകാശ് വിജയിക്കുകയായിരുന്നു. ഈ തെരഞ്ഞെടുപ്പിലെ ഏറ്റവും കുറഞ്ഞ ഭൂരിപക്ഷമാണ് അടൂര്‍ പ്രകാശ് നേടിയത്. തുടർച്ചയായ രണ്ടാംതവണയാണ് അടൂർ പ്രകാശ് ആറ്റിങ്ങലിൽ നിന്ന് ലോക്സഭയിലെത്തുന്നത്. എൻ.ഡി.എ സ്ഥാനാർഥിയും കേന്ദ്ര മന്ത്രിയുമായ വി. മുരളീധരൻ മൂന്നാംസ്ഥാനത്താണ്. അടൂർ പ്രകാശ് 3,22,884 വോട്ട് നേടിയപ്പോൾ വി. ജോയ് 3,21,176 വോട്ട് നേടി.
സംസ്ഥാനത്തെ മറ്റ് മണ്ഡലങ്ങളെല്ലാം ഉച്ചയോടെ കൃത്യമായ ഫലസൂചന ലഭിച്ചിരുന്നെങ്കിലും ആറ്റിങ്ങൽ അവസാന നിമിഷം വരെ സസ്പെൻസ് ആയിരുന്നു. ഒടുവിൽ 1708 വോട്ടിന് അടൂർ പ്രകാശ് വിജയിക്കുകയായിരുന്നു. എന്നാൽ, അടൂർ പ്രകാശിന്റെ രണ്ട് അപരന്മാർ 2502 വോട്ടുകൾ നേടി. മണ്ഡലം പിടിക്കുക തന്നെ ലക്ഷ്യമിട്ടാണ് ഇത്തവണ ബി.ജെ.പി കേന്ദ്ര മന്ത്രിയായ വി. മുരളീധരനെ തന്നെ ഇറക്കിയത്. എന്നാൽ, 3,07,133 വോട്ടാണ് നേടാൻ കഴിഞ്ഞത്.