ദത്ത് വിവാദം; പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് കോടതിയിൽ
ജാമ്യാപേക്ഷയിൽ പോലീസ് നിലപാടറിയിക്കാൻ കോടതി നിർദ്ദേശിച്ചിരുന്നു. ജാമ്യാപേക്ഷയെ എതിർത്ത് പോലീസ് ഇന്നു റിപ്പോർട്ട് നൽകും
കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി ദത്ത് നൽകിയ കേസിൽ പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും. പരാതിക്കാരിയായ അനുപമയുടെ അച്ഛൻ ജയചന്ദ്രൻ, അമ്മ സ്മിത ഉൾപ്പെടെ ആറു പേരുടെ ജാമ്യാപേക്ഷയാണ് പരിഗണിക്കുക. ജാമ്യാപേക്ഷയിൽ പോലീസ് നിലപാടറിയിക്കാൻ കോടതി നിർദ്ദേശിച്ചിരുന്നു. ജാമ്യാപേക്ഷയെ എതിർത്ത് പോലീസ് ഇന്നു റിപ്പോർട്ട് നൽകും.
സംഭവത്തിൽ ഇന്നലെ അനുപമ വനിതാ ശിശു വികസന വകുപ്പിനു മൊഴി നൽകി. ശിശുക്ഷേമ സമിതി ജീവനക്കാരുടെ മൊഴി പ്രത്യേകം രേഖപ്പെടുത്തണം എന്ന് അനുപമ ആവശ്യപ്പെട്ടു. മൊഴിയെടുക്കൽ അഞ്ചര മണിക്കൂർ നീണ്ടു.
വകുപ്പുതല അന്വേഷണത്തിന്‍റെ ഭാഗമായാണ് അനുപമയും അജിത്തും വനിതാ ശിശു വികസന വകുപ്പ് ഡയറക്ടർ ടി വി അനുപമ ഐ എ എസിന് മുൻപിൽ ഹാജരായത്. ഷിജുഖാന്‍റെ സുഹൃത്തും ശിശുക്ഷേമ സമിതി മുൻ ജീവനക്കാരനുമായ ശശിധരനു കാര്യങ്ങളെക്കുറിച്ച് അറിയാമായിരുന്നു. ഇയാളുടെ മൊഴി പ്രത്യേകം രേഖപ്പെടുത്തണമെന്നും അനുപമ ആവശ്യപ്പെട്ടു. ഷിജു ഖാനെതിരായ ആരോപണത്തിൽ ഉറച്ചു നിൽക്കുന്നുവെന്നും വകുപ്പുതല അന്വേഷണത്തിൽ വിശ്വാസമുണ്ടെന്ന് അനുപമ പറഞ്ഞു.