അന്ന് 100 രൂപക്ക് ഓട്ടോക്കൂലി കടം പറഞ്ഞു; 30 വർഷങ്ങൾക്കുശേഷം 100 ഇരട്ടിയായി തിരികെ നൽകി
ഏറെ നാളെത്തെ അന്വേഷണത്തിന് ഒടുവിലാണ് അജിത്ത് ഓട്ടോഡ്രൈവറായ ബാബുവിനെ കണ്ടെത്തിയത്
കൊച്ചി: കടം പറഞ്ഞ ഓട്ടോക്കൂലി 30 വർഷങ്ങൾക്കുശേഷം തിരികെ ലഭിച്ചതിന്റ ഞെട്ടലിലാണ് ഓട്ടോറിക്ഷ ഡ്രൈവറായ ബാബു. തിരുവനന്തപുരം സ്വദേശിയായ അജിതാണ് മൂന്ന് പതിറ്റാണ്ടിന് ശേഷം 100 ഇരട്ടിയായി ഓട്ടോ കൂലി തിരികെ നൽകിയത്. 1993ലെ 100 രൂപ ഓട്ടോ കൂലി 2023ൽ 10000 രൂപയായിട്ടാണ് ബാബുവിന് ലഭിച്ചത്.
മുപ്പത് കൊല്ലം മുൻപ് ബാബു എന്ന ഓട്ടോ ഡ്രൈവർ കാണിച്ച നല്ല മനസിന് പകരമായി ഒരു വലിയ സ്‌നേഹസമ്മാനമാണ് ലഭിച്ചിരിക്കുന്നത്. 1993ൽ ചങ്ങനാശ്ശേരിയിൽ നിന്ന് സുഹൃത്തിനെ കാണനെത്തിയതായിരുന്നു തിരുവനന്തപുരം സ്വദേശി അജിത്ത്. ബാബുവിന്റെ ഓട്ടോയിൽ മംഗലത്തുനടയിലുള്ള സുഹൃത്തിന്റെ വീട്ടിൽ എത്തിയപ്പോൾ ഓട്ടോ കൂലി നൽകാൻ പണം തികഞ്ഞില്ല. ഇതോടെ പ്രതിസന്ധിയിലായ അജിത്ത് ബാബുവിനോട് ഓട്ടോ കൂലി കടം പറഞ്ഞു. അജിത്തിന്റെ നിസാഹായവസ്ഥ മനസിലാക്കിയ ബാബു ഒരു ചെറു പുഞ്ചിരിയോടെ അവിടെ നിന്ന് മടങ്ങി.
ഏറെ നാളെത്തെ അന്വേഷണത്തിന് ഒടുവിലാണ് അജിത്ത് ബാബുവിനെ കണ്ടെത്തിയത്. കൊച്ചി നേവൽബേസിലെ കേന്ദ്രീയ വിദ്യാലയത്തിലെ ബയോളജിവിഭാഗം അധ്യാപകനാണ് അജിത്. കോലഞ്ചേരി സ്വദേശിയായ ബാബു ഇപ്പോഴും ഓട്ടോ ഓടിച്ചാണ് ഉപജീവനം കണ്ടെത്തുന്നത്.