പഞ്ച് ചെയ്യും, പണിയെടുക്കില്ല; ശമ്പളം തരില്ലെന്ന് സർക്കാർ ജീവനക്കാർക്ക് മുന്നറിയിപ്പ്
സെക്രട്ടറിയേറ്റിലടക്കം ചില ജീവനക്കാർ പഞ്ചിങിന് ശേഷം ഓഫീസ് ജോലികൾ ചെയ്യുന്നില്ലെന്നും കണ്ടെത്തി
തിരുവനന്തപുരം: സർക്കാർ ഓഫീസുകളിൽ പഞ്ചിങ് സംവിധാനം കൊണ്ടുവന്നിട്ടും ജീവനക്കാർ കൃത്യനിഷ്ഠത പാലിക്കുന്നില്ല. സെക്രട്ടറിയേറ്റിലടക്കം ചില ജീവനക്കാർ പഞ്ചിങിന് ശേഷം ഓഫീസ് ജോലികൾ ചെയ്യുന്നില്ലെന്നും കണ്ടെത്തി. ഇക്കാര്യം വ്യക്തമാകുന്ന അഡീഷണൽ ചീഫ് സെക്രട്ടറിയുടെ സർക്കുലർ മീഡിയവണിന് ലഭിച്ചു. ഓഫീസ് ജോലികൾ കൃത്യമായി ചെയ്യാത്തവർക്ക് ശമ്പളം നൽകില്ലെന്നും സർക്കുലറിൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ബയോമെട്രിക് സംവിധാനം കർശനമായി നടപ്പാക്കിയിട്ടും അത് അട്ടിമറിക്കപ്പെടുന്നുവെന്നാണ് പൊതുഭരണ വകുപ്പ് പറയുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ അഡീഷണൽ ചീഫ് സെക്രട്ടറി കെആർ ജ്യോതിലാൽ കർശന നിർദേശങ്ങളടങ്ങുന്ന ഒരു കുറിപ്പ് ഉദ്യോഗസ്ഥർക്ക് അയക്കുകയും ചെയ്തിട്ടുണ്ട്.
ബയോമെട്രിക് സംവിധാനം നിലവിൽ വന്ന ശേഷവും ചില ജീവനക്കാർ പഞ്ചിങ് കൃത്യമായി രേഖപ്പെടുത്തിയ ശേഷം ഓഫീസ് ജോലികൾ ചെയ്യാതെ ശമ്പളം വാങ്ങുന്ന സ്ഥിതിവിശേഷം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. പഞ്ചിങ് സംവിധാനം നിലവിൽ വന്നെങ്കിലും ജീവനക്കാർ ഓഫീസിൽ കൃത്യമായി ഹാജരാകുന്നുവെന്നും ജോലികൾ വീഴ്ച കൂടാതെ ചെയ്യുന്നുവെന്നും ഉറപ്പാക്കേണ്ടത് മേലുദ്യോഗസ്ഥന്റെ ചുമതലയാണ്. ഇക്കാര്യം കൃത്യമായി നിർവഹിക്കുവാൻ എല്ലാ മേലുദ്യോഗസ്ഥരും അതീവ ശ്രദ്ധ ചെലുത്തണമെന്നും അഡീഷണൽ ചീഫ് സെക്രട്ടറിയുടെ നിർദേശത്തിൽ പറയുന്നു.
ഓഫീസ് ജോലികൾ കൃത്യമായി ചെയ്യാത്ത ഉദ്യോഗസ്ഥരുടെ ശമ്പളം മാറിനൽകേണ്ടതില്ലെന്ന് അക്കൗണ്ട് സെക്ഷനുകളെ അറിയിക്കാനും അദ്ദേഹം നിർദേശിച്ചിട്ടുണ്ട്. ഇത്തരക്കാർക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കണമെന്നും നിർദേശമുണ്ട്.