ലഹരി വിരുദ്ധ ക്യാമ്പയിന് ശേഷം ബാറിലേക്ക്; ഡി.വൈ.എഫ്.ഐയിൽ അച്ചടക്ക നടപടി
ആംബുലൻസ് വാങ്ങാൻ പണം പിരിച്ചതിൽ അഴിമതി നടത്തിയ നേമം ഏരിയാകമ്മിറ്റി പ്രസിഡന്റിനും ജനറൽ സെക്രട്ടറിക്കുമെതിരെ അന്വേഷണ കമ്മീഷനെ നിയോഗിക്കാനും തീരുമാനിച്ചിട്ടുണ്ട്.
തിരുവനന്തപുരം: ലഹരി വിരുദ്ധ ക്യാമ്പയിന് ശേഷം ബാറിൽ പോയി മദ്യപിച്ച ഡി.വൈ.എഫ്.ഐ അംഗങ്ങൾക്കെതിരെ അച്ചടക്ക നടപടി. ഡി.വൈ.എഫ്.ഐ തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗമായ അഭിജിത്ത്, ജെ.ജെ ആശിഖ് എന്നിവർക്കെതിരെയാണ് നടപടി.
ലഹരി വിരുദ്ധ പരിപാടിയിൽ പങ്കെടുക്കുന്നതിന്റെ ഫോട്ടോ അടക്കം ആശിഖ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെ സുഹൃത്തിനൊപ്പം ബാറിൽ പോയി മദ്യപിക്കുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് അച്ചടക്ക നടപടി സ്വീകരിക്കാൻ നേതൃത്വം തീരുമാനിച്ചത്.
ആംബുലൻസ് വാങ്ങാൻ പണം പിരിച്ചതിൽ അഴിമതി നടത്തിയ നേമം ഏരിയാകമ്മിറ്റി പ്രസിഡന്റിനും ജനറൽ സെക്രട്ടറിക്കുമെതിരെ അന്വേഷണ കമ്മീഷനെ നിയോഗിക്കാനും തീരുമാനിച്ചിട്ടുണ്ട്. ഏരിയാ കമ്മിറ്റി പ്രസിഡന്റ് നിതിൻ രാജൻ, സെക്രട്ടറി മനുക്കുട്ടൻ എന്നിവർക്കെതിരെയാണ് നടപടി. ഒരു ലക്ഷം രൂപ ഇവർ തട്ടിയെടുത്തെന്നാണ് പരാതി. 7,70,000 രൂപ പിരിച്ചതിൽ 6,70,000 രൂപയാണ് കണക്കിൽ കാണിച്ചത്.