വിഴിഞ്ഞത്ത് കുരിശടി പൊളിച്ചു മാറ്റുന്നത് സംബന്ധിച്ച് വിശ്വാസികളും പൊലീസും തമ്മില്‍ സംഘര്‍ഷം
തുറമുഖ നിർമാണത്തിനായി കുരിശടി പൊളിച്ചുമാറ്റാന് അദാനി ഗ്രൂപ്പിന് അനുമതി ലഭിച്ചിരുന്നു.
വിഴിഞ്ഞം കരിമ്പളിക്കരയിൽ പള്ളിയുടെ കുരിശടി പൊളിച്ച് മാറ്റുന്നതിനെച്ചൊല്ലി പ്രതിഷേധം. തുറമുഖ നിർമാണത്തിനായി കുരിശടി പൊളിച്ചുമാറ്റാന് അദാനി ഗ്രൂപ്പിന് അനുമതി ലഭിച്ചിരുന്നു.
കുരിശടി പൊളിച്ച് മാറ്റാൻ അനുവദിക്കില്ലെന്ന് ഒരു കൂട്ടം വിശ്വാസികൾ പറയുന്നത്. പ്രദേശത്ത് കുരിശടി കൂടാതെ ഒരു കാണിക്കവഞ്ചി കൂടെയുണ്ട്. ഇതിൽ അറ്റകുറ്റപ്പണി നടത്താൻ ഇന്നലെ ഇടവക വികാരികൾ എത്തിയപ്പോൾ തുറമുഖ നിർമാണം ചൂണ്ടിക്കാട്ടി അധികൃതർ തടഞ്ഞിരുന്നു. അതിനെ തുടർന്ന് ഇന്ന് രാവിലെ സബ് കലക്ടറുമായി നടന്ന ചർച്ചയിലാണ് കുരിശടി കൂടി പൊളിച്ചുമാറ്റണമെന്നാണ് സർക്കാർ നിലപാടെന്ന കാര്യം കലക്ടർ പ്രദേശവാസികളെ അറിയിച്ചത്.
ഇതോടെയാണ് സ്ത്രീകളടക്കം നിരവധി വിശ്വാസികൾ പ്രദേശത്തെത്തി പ്രാർഥന നടത്തണമെന്ന് ആവശ്യപ്പെട്ടത്. ഇത് പൊലീസ് തടഞ്ഞതോടെയാണ് സംഘർഷമുണ്ടായത്. നൂറുകണക്കിന് വിശ്വാസികളാണ് പ്രദേശത്ത് തടിച്ചു കൂടിയിട്ടുള്ളത്. മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി ചർച്ച നടത്തിയെങ്കിലും പ്രദേശവാസികൾ സമവായത്തിന് തയാറായിട്ടില്ല. പൊലീസിനെ തള്ളിമാറ്റികൊണ്ടാണ് വിശ്വാസികൾ കുരിശടിക്ക് സമീപത്തേക്ക് ഓടിയത്.
പ്രാർഥന കൂടാതെ കാണിക്കവഞ്ചിയുടെ പണി കൂടെ പൂർത്തികരിക്കുമെന്ന നിലപാടിലാണ് ഇപ്പോള്‍ വിശ്വാസികൾ. പ്രദേശത്ത് ഇപ്പോഴും സംഘർഷാവസ്ഥ നിലനിൽക്കുകയാണ്.