ജന്മദിനത്തില്‍ സത്യപ്രതിജ്ഞ.. കേക്ക് മുറിച്ച് ആഘോഷിച്ച് അഹമ്മദ് ദേവര്‍കോവില്‍
"നിലപാടിന്‍റെ ഭാഗമായി ഇടതുപക്ഷത്ത് വന്നവരാണ് ഞങ്ങള്‍. അധികാരത്തിനുവേണ്ടി വന്നവരല്ല. മന്ത്രിയാകുമ്പോള്‍ ഒരു ടെന്‍ഷനുമില്ല"
ജന്മദിനത്തില്‍ തന്നെ മന്ത്രിയായതിന്‍റെ ഇരട്ട സന്തോഷത്തിലാണ് അഹമ്മദ് ദേവർകോവിൽ. പാർട്ടി നേതാക്കൾക്കൊപ്പം നിയുക്ത മന്ത്രി ലളിതമായി പിറന്നാൾ ആഘോഷിച്ചു.
രണ്ടര പതിറ്റാണ്ടിലേറെയുള്ള കാത്തിരിപ്പിനൊടുവിൽ പാർട്ടിക്ക് മന്ത്രി പദവി ലഭിച്ചതിന്റെ സന്തോഷത്തിലാണ് ഐഎൻഎൽ. പാർട്ടി ദേശീയ ജനറൽ സെക്രട്ടറി അഹമ്മദ് ദേവർകോവിൽ രണ്ടാം പിണറായി സർക്കാറിൽ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നതിന്റെ ആഘോഷത്തിലാണ് പ്രവർത്തകർ. ഇതോടൊപ്പം ജന്മദിനത്തില്‍ തന്നെ മന്ത്രിയാകുന്നതിന്റെ സന്തോഷം കൂടിയുണ്ട് അഹമ്മദ് ദേവർകോവിലിന്. അറുപത്തി ഒന്നാം പിറന്നാൾ ദിനത്തിലാണ് സത്യപ്രതിജ്ഞ. ഐഎൻഎൽ ദേശീയ അധ്യക്ഷൻ പ്രൊഫസർ മുഹമ്മദ് സുലൈമാൻ ഉള്‍പ്പെടെയുള്ള നേതാക്കൾ നിയുക്ത മന്ത്രിയുടെ പിറന്നാൾ ആഘോഷത്തിന്റെ ഭാഗമായി.
തുടക്കക്കാരന്‍റെ പരിഭ്രമമൊന്നും ഇല്ലാതെയാണ് ദേവർകോവിൽ തുറമുഖ വകുപ്പിന്റെ അമരത്തെത്തുന്നത്- "മന്ത്രിയാകുമ്പോള്‍ ഒരു ടെന്‍ഷനുമില്ല. തുറമുഖവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിട്ടുള്ള ആളാണ് ഞാന്‍. വളരെ നന്നായി പഠിച്ച് കാര്യങ്ങള്‍ കൈകാര്യം ചെയ്യും. ഐഎന്‍എല്ലിനോട് സിപിഎമ്മിന് നേരത്തെ തന്നെ സ്നേഹമുണ്ട്. നിലപാടിന്‍റെ ഭാഗമായി ഇടതുപക്ഷത്ത് വന്നവരാണ് ഞങ്ങള്‍. അധികാരത്തിനുവേണ്ടി വന്നവരല്ല. ലീഗിന്‍റെ നിലപാടുകള്‍ ശരിയല്ലെന്ന് കണ്ട് പുറത്തുവന്ന് പുതിയ മതേതര രാഷ്ട്രീയ പാര്‍ട്ടിയായി മാറിയവരാണ്. ഞങ്ങളുടെ ആദര്‍ശ ലക്ഷ്യങ്ങള്‍ ബോധ്യപ്പെട്ടാണ് മുന്നണിയിലെടുത്തത്. ഇപ്പോള്‍ മന്ത്രിസ്ഥാനവും നല്‍കി".