വ്യായാമം ചെയ്യുന്നതിൽ എന്തിനാണ് ഏതെങ്കിലും വിഭാഗത്തെ എടുത്തുപറയുന്നത്?, മെക്7 നല്ല ആരോഗ്യ കൂട്ടായ്മ: അഹമ്മദ് ദേവർകോവിൽ എംഎൽഎ
താൻ മെക്7 വ്യായാമത്തിൽ പങ്കെടുത്തിരുന്നു. മതപരമോ രാഷ്ട്രീയമോ ആയ ഒരു ചർച്ചയും അവിടെയില്ലെന്ന് ദേവർകോവിൽ പറഞ്ഞു.
Update: 2024-12-15 04:43 GMT
കോഴിക്കോട്: മെക്7 കൂട്ടായ്മയെ പിന്തുണച്ച് മുൻ മന്ത്രി അഹമ്മദ് ദേവർകോവിൽ. വ്യായാമം ചെയ്യുന്നതിൽ എന്തിനാണ് ഏതെങ്കിലും ഒരു വിഭാഗത്തെ എടുത്തുപറയുന്നതെന്ന് അദ്ദേഹം ചോദിച്ചു. നല്ല ആരോഗ്യകൂട്ടായ്മയാണ് മെക്7 എന്നാണ് താൻ മനസ്സിലാക്കിയത്. ബീച്ചിൽ അത് ഉദ്ഘാടനം ചെയ്തത് താനായിരുന്നുവെന്നും ദേവർകോവിൽ പറഞ്ഞു.
ഓപ്പൺ സ്ഥലത്ത് എല്ലാവർക്കും കാണാവുന്ന രീതിയിലാണ് മെക്7 പരിപാടി സംഘടിപ്പിക്കുന്നത്. ആളുകൾക്ക് നല്ല റിസൽട്ട് ലഭിക്കുന്നതുകൊണ്ടാണ് അതിൽ പങ്കെടുക്കുന്നത്. ഒരു സാമ്പത്തിക നേട്ടവും അതിലൂടെ ഉണ്ടാക്കുന്നില്ല. ജാതിയോ മതമോ ഒന്നും അവിടെ ആരും ചോദിക്കുന്നില്ല. മോഹനൻ മാഷുമായി ഈ വിഷയം സംസാരിച്ചിരുന്നു. ഏതെങ്കിലും സംഘടനയെക്കുറിച്ച് താൻ പറഞ്ഞിട്ടില്ല എന്നാണ് അദ്ദേഹം പറഞ്ഞതെന്നും ദേവർകോവിൽ വ്യക്തമാക്കി.