‘ഡിജിറ്റൽ ഒപ്പ് ദുരുപയോഗം ചെയ്തു’; സോളാർ പ്ലാൻറ് അഴിമതിയിൽ അനർട്ട് സിഇഒക്കെതിരെ ഗുരുതര ആരോപണം
സ്മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി തിരുവനന്തപുരം നഗരത്തിൽ സോളാർ പ്ലാന്റുകൾ സ്ഥാപിച്ചതിൽ അഴിമതി ആരോപണവുമായി എം. വിൻസന്റ് എംഎൽഎ രംഗത്തുവന്നിരുന്നു
തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിൽ സോളാർ പ്ലാന്റുകൾ സ്ഥാപിച്ച പദ്ധതിയിൽ അഴിമതിയെന്ന ആരോപണം ബലപ്പെടുന്നു. അനർട്ട് സിഇഒ നരേന്ദ്രനാഥ് വേലൂരിക്കെതിരെ മുൻ പർച്ചേസ് മാനേജർ ആരോഗ്യദാസ് രംഗത്തെത്തി. താൻ പങ്കെടുക്കാത്ത ടെണ്ടർ നടപടികളിൽ തന്റെ ഡിജിറ്റൽ സിഗ്‌നേച്ചർ ഉപയോഗിച്ചെന്നാണ് ആരോപണം. വിനയ് എന്ന കരാർ ജീവനക്കാരനാണ് ഡിജിറ്റൽ സിഗ്നേച്ചർ ഉപയോഗിച്ചത്.
ടെണ്ടർ നടപടികളിൽ ഒന്നിൽ പോലും തന്നെ പങ്കെടുപ്പിച്ചിട്ടില്ലെന്നും ആരോഗ്യദാസ് മീഡിയവണിനോട് പറഞ്ഞു. വിരമിച്ച ശേഷവും രണ്ട് തവണ തന്റെ ഡിജിറ്റൽ സിഗ്‌നേച്ചർ ദുരുപയോഗം ചെയ്തതായി ആരോഗ്യദാസ് ആരോപണമുന്നയിച്ചു.
സ്മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി തിരുവനന്തപുരം നഗരത്തിൽ സോളാർ പ്ലാന്റുകൾ സ്ഥാപിച്ചതിൽ അഴിമതി ആരോപണവുമായി എം. വിൻസന്റ് എംഎൽഎ രംഗത്തുവന്നിരുന്നു. 61 കോടി രൂപയുടെ പദ്ധതിയിൽ 30 കോടിയിലധികം രൂപ അധികമായി നൽകി. ടെണ്ടർ കമ്മറ്റിയുടെയും ഫിനാൻസ് കമ്മറ്റിയുടെയും അനുമതിയില്ലാതെയാണ് പണം നൽകിയതെന്നും അദ്ദേഹം ആരോപിച്ചു.
ഇതു സംബന്ധിച്ചു നിയമസഭയിൽ ചോദ്യമുന്നയിച്ചപ്പോൾ വ്യക്തതയില്ലാത്ത മറുപടി നൽകി. നടപടിക്രമങ്ങൾക്ക് എതിരായ ടെണ്ടർ നടപടിയാണ് ഉണ്ടായിരിക്കുന്നത്. കോടികൾ ചിലവഴിച്ചിട്ടും മിക്കയിടങ്ങളിലും പ്ലാന്റ് നിർമാണം പൂർത്തിയായിട്ടില്ല. ടെണ്ടറിൽ പങ്കെടുത്ത കമ്പനികൾ വ്യാജ ബാങ്ക് ഗാരന്റികൾ സമർപ്പിച്ചെന്നും എം. വിൻസന്റ് എംഎൽഎ പറഞ്ഞു.
വാർത്ത കാണാം-