കേരളത്തിൻ്റെ ആവശ്യം അംഗീകരിക്കില്ല; വയബിലിറ്റി ഗ്യാപ്പ് ഫണ്ട് നിബന്ധനയിൽ മാറ്റമില്ലെന്ന് കേന്ദ്രം
രാജ്യസഭയിൽ ഹാരിസ് ബീരാൻ എംപിയുടെ ചോദ്യത്തിനാണ് കേന്ദ്രത്തിന്റെ മറുപടി
ന്യൂഡൽഹി: വിഴിഞ്ഞം പദ്ധതി വയബിലിറ്റി ഗ്യാപ്പ് ഫണ്ട് നിബന്ധനയിൽ കേരളത്തിന്റെ ആവശ്യം അംഗീകരിക്കാതെ കേന്ദ്ര സർക്കാർ. വിജിഎഫ് നിലപാടിൽ മാറ്റമില്ലെന്ന് കേന്ദ്രസർക്കാർ പാർലമെന്റിൽ അറിയിച്ചു. രാജ്യസഭയിൽ ഹാരിസ് ബീരാൻ എംപിയുടെ ചോദ്യത്തിനാണ് കേന്ദ്രത്തിന്റെ മറുപടി.
2034 മുതൽ വരുമാന വിഹിതത്തിൻ്റെ 20 ശതമാനം പങ്കുവെക്കണം. കേരളത്തിൻ്റെ ആവശ്യം അംഗീകരിക്കില്ലെന്നും കേന്ദ്രം പാർലമെൻ്റിൽ വ്യക്തമാക്കി. നേരത്ത ധനകാര്യ വകുപ്പിന് മുഖ്യമന്ത്രി കത്തയച്ചിരുന്നു.
817 കോടി രൂപയാണ് വയബിലിറ്റി ഗ്യാപ്പ് ഫണ്ടായി വിഴിഞ്ഞം തുറമുഖത്തിന് കേന്ദ്രം അനുവദിച്ചത്. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിനായി അനുവദിച്ച വിജിഎഫ് പലയിരട്ടിയായി തിരിച്ചടയ്ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെടുന്നുവെന്ന് നേരത്തെ മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഇക്കാര്യം രേഖാമൂലം കേന്ദ്രം കേരളത്തെ അറിയിച്ചിട്ടുണ്ട്. തുടർന്ന് ധനമന്ത്രാലയത്തിനോടടക്കം പണം വായ്പയായി നൽകരുത്, ഗ്രാന്റ് ആയി നൽകണമെന്ന് കേരളം ആവശ്യപ്പെട്ടിരുന്നു. എന്നാൽ കേന്ദ്രം വിട്ടുവീഴ്ചകൾക്ക് തയ്യാറാകാത്ത പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചത്.