"സമസ്തയെ സാദിഖലി ശിഹാബ് തങ്ങൾ അവഹേളിച്ചു"; സമസ്ത ആരുടെയും അടിമയല്ലെന്ന് അഹമ്മദ് ദേവർകോവിൽ
ലീഗുകാരുടെ പ്രസ്താവന കേട്ടാൽ ലീഗിൻ്റെ പരലോക തൊഴിലാളി യൂണിയനാണ് സമസ്ത എന്നാണ് തോന്നുക. സമസ്ത ആധികാരിക സംഘടനയാണെന്നും അവർക്ക് സ്വതന്ത്രമായ അഭിപ്രായമുണ്ടെന്നും മന്ത്രി പറഞ്ഞു.
തിരുവനന്തപുരം: സമസ്തയെ സാദിഖലി ശിഹാബ് തങ്ങൾ അവഹേളിച്ചെന്ന് മന്ത്രി അഹമ്മദ് ദേവർകോവിൽ. ലീഗുകാരുടെ പ്രസ്താവന കേട്ടാൽ ലീഗിൻ്റെ പരലോക തൊഴിലാളി യൂണിയനാണ് സമസ്ത എന്നാണ് തോന്നുക. സമസ്ത ആധികാരിക സംഘടനയാണെന്നും അവർക്ക് സ്വതന്ത്രമായ അഭിപ്രായമുണ്ടെന്നും ദേവർകോവിൽ പറഞ്ഞു. സമസ്തയ്ക്ക് സ്വതന്ത്രമായ അഭിപ്രായമുണ്ട്, അത് അനുവദിച്ച് കൊടുക്കണം. ആരുടേയും അടിമയാകേണ്ട സാഹചര്യമല്ലെന്നും മന്ത്രി അഹമ്മദ് ദേവർകോവിൽ വ്യക്തമാക്കി.
സമസ്തയിലെ ചിലരെ സി.പി.എം കൈയ്യിലെടുത്തെന്നും അവർ ലീഗിനെ വിമർശിക്കാൻ സമസ്തയിലെ സ്ഥാനം ഉപയോഗിച്ചെന്നുമാണ് പി.എം.എ.സലാമിന്റെ പരാമർശം. സമസ്ത പ്രതിഷേധിച്ചതിനെ തുടർന്ന് വിവാദമായ പ്രസ്താവന ആരെയും ഉദ്ദേശിച്ചല്ലെന്നും തട്ടം വിഷയത്തിൽ പ്രതികരിക്കാത്തവരെക്കുറിച്ച് പൊതുവിമർശനമായിരുന്നെന്നും പി.എം.എ.സലാം മീഡിയവണിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ പറഞ്ഞു. ഒരു മുശാവറഅംഗം തനിക്കെതിരെ മോശം പരാമർശം നടത്തി. ഇത്തരക്കാരെ തുറന്നെതിർക്കും. ലീഗിന് അധിക സീറ്റിന് അർഹതയുണ്ടെന്നും പി.എം.എ.സലാം കൂട്ടിച്ചേർത്തു.
സി.ഐ.സി ഉള്‍പ്പെടെ സമസ്തയുമായുളള തർക്കം തീർക്കാന്‍ ഇരുവിഭാഗത്തിലെയും നേതാക്കള്‍ ചർച്ചകള്‍ നടത്തി വരികയാണ്. എന്നാല്‍ സമവായ സാഹചര്യം ഉണ്ടാകുമ്പോഴെല്ലാം ഒരു വിഭാഗം സമസ്ത നേതാക്കള്‍ പുതിയ പ്രശ്നങ്ങള്‍ സൃഷ്ടിക്കുകയാണെന്നാണ് ലീഗ് വിലയിരുത്തല്‍. പി.എം.എ.സലാമിന്റെ പരാമർശം വിവാദമാക്കിയതും സമസ്തയിലെ ഇടത് അനുകൂലികളാണെന്നും ലീഗ് കരുതുന്നു. ഈ സാഹചര്യത്തിലാണ് സമസ്തയെ അംഗീകരിച്ചുകൊണ്ടു തന്നെ അതിലെ ഇടത് അനുകൂലികള്‍ക്കെതിരെ കർശന നിലപാടെടുക്കാന്‍ ലീഗ് തീരുമാനിച്ചത്.