എഐ ക്യാമറ: റോഡ് നിയമലംഘനങ്ങള്‍ക്ക് നാളെ മുതല്‍ പിഴ ചുമത്തും
മൂന്ന് പേരുമായി ഇരുചക്രവാഹനത്തില്‍ പോകുമ്പോള്‍ ഒരാള്‍ 12 വയസ്സിന് താഴെയുള്ള കുട്ടിയാണെങ്കില്‍ പിഴയില്‍ നിന്ന് ഇളവ് ലഭിക്കും
തിരുവനന്തപുരം: എഐ ക്യാമറ പിടിക്കുന്ന റോഡ് നിയമ ലംഘനങ്ങള്‍ക്ക് നാളെ മുതല്‍ പിഴ ചുമത്തും. ക്യാമറയുടെ സാങ്കേതിക വശങ്ങള്‍ പഠിച്ച അഡിഷണല്‍ ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറുടെ റിപ്പോര്‍ട്ട് ഗതാഗത വകുപ്പിന് കൈമാറി. ക്യാമറയുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആരോപണങ്ങളില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് എഐ ക്യാമറകള്‍ സ്ഥാപിച്ച ഇടങ്ങളില്‍ കോണ്‍ഗ്രസ് നാളെ ധര്‍ണ നടത്തും.
ബോധവത്കരണത്തിന്‍റെ ഭാഗമായ മുന്നറിയിപ്പ് സന്ദേശം ഇന്ന് കൂടി മാത്രം. നാളെ മുതല്‍ ഹെല്‍മറ്റ്, സീറ്റ് ബെല്‍റ്റ് ധരിക്കാതിരിക്കുക, ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗം, അനധികൃത പാര്‍ക്കിങ്, ചുവപ്പ് സിഗ്നല്‍ ലംഘനം, മൂന്ന് പേരുമായി ഇരുചക്രവാഹന യാത്ര എന്നിവക്ക് പിഴ ചുമത്തും. മൂന്ന് പേരുമായി ഇരുചക്രവാഹനത്തില്‍ പോകുമ്പോള്‍ ഒരാള്‍ 12 വയസ്സിന് താഴെയുള്ള കുട്ടിയാണെങ്കില്‍ പിഴയില്‍ നിന്ന് ഇളവ് ലഭിക്കും. 726 എഐ ക്യാമറകളാണ് വിവിധയിടങ്ങളില്‍ സ്ഥാപിച്ചിട്ടുള്ളത്. ഇതിന് പുറമെ അമിതവേഗം കണ്ടെത്താന്‍ വാഹനങ്ങളില്‍ സ്ഥാപിച്ച 4 ക്യാമറകളുമുണ്ട്.
പദ്ധതി മുഴുവന്‍ അഴിമതിയെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷം രംഗത്തെത്തിയിരുന്നു. ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ടിട്ടും സര്‍ക്കാര്‍ വിമുഖത കാട്ടുകയാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. കോണ്‍ഗ്രസ് ധര്‍ണ കണ്ണൂരില്‍ കെ.പി.സി.സി പ്രസിഡന്‍റ് കെ. സുധാകരന്‍ നിര്‍വഹിക്കും.