'ഇനി ഇവിടെ കുത്തിയിരിക്കണോ, വണ്ടിക്കാരെല്ലാം പോയി...' കരിപ്പൂരിൽ വിമാനം വൈകി, പ്രതിഷേധം
കാലാവസ്ഥാ വ്യതിയാനമാണ് വിമാനം വൈകുന്നതിന് കാരണമെന്ന് അധികൃതർ
കോഴിക്കോട്: വിമാനം വൈകിയതിനെ തുടർന്ന് കരിപ്പൂർ വിമാനത്താവളത്തിൽ പ്രതിഷേധം. ദോഹയിലേക്കുള്ള എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനമാണ് വൈകുന്നത്. രാവിലെ 9.35ന് പുറപ്പെടേണ്ട വിമാനമാണിത്.
ദോഹയിൽ നിന്ന് വിമാനമിതുവരെ കരിപ്പൂരിൽ എത്തിയിട്ടില്ലെന്നാണ് അധികൃതരുടെ വിശദീകരണം. കാലാവസ്ഥാ വ്യതിയാനമാണ് വിമാനം വൈകുന്നതിന് കാരണമായി അധികൃതർ ചൂണ്ടിക്കാട്ടുന്നതെങ്കിലും മറ്റ് വിമാനങ്ങൾ ഇവിടെ ഇറങ്ങുന്നുണ്ടെന്നതാണ് യാത്രക്കാർ പറയുന്ന കാര്യം. കരിപ്പൂരിൽ നിലവിൽ മഴയോ മറ്റ് പ്രതിസന്ധികളോ ഇല്ല.
വൈകിട്ട് 5.40ന് യാത്രക്കാരെ കൊണ്ടുപോകാമെന്നാണ് എയർ ഇന്ത്യ എക്‌സ്പ്രസ് അറിയിക്കുന്നത്. അതുവരെ താമസിക്കുന്നതിനുള്ള സൗകര്യങ്ങളെല്ലാം ചെയ്തു നൽകാമെന്ന് അധികൃതർ അറിയിച്ചിട്ടും യാത്രക്കാർ വഴങ്ങിയിട്ടില്ല. വിമാനം വൈകുന്നതിൽ ഇരുകൂട്ടരും തമ്മിൽ വാക്കുതർക്കങ്ങൾ ഉണ്ടായെങ്കിലും നിലവിൽ സ്ഥിതി ശാന്തമാണ്. വിമാനത്താവളത്തിൽ എത്തിയതിന് ശേഷമാണ് വിമാനം ക്യാൻസൽ ചെയ്തത് അറിയുന്നതെന്നാണ് യാത്രക്കാരുടെ പരാതി.