എയർ ഇന്ത്യ സാറ്റ്സ് കമ്പനിയിലെ കരാർ ജീവനക്കാരുടെ സമരം അവസാനിപ്പിച്ചു

ശമ്പളവർദ്ധനയും ബോണസും ആവശ്യപ്പെട്ട് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇന്നലെ രാത്രിയാണ് സമരം ആരംഭിച്ചത്

Update: 2024-09-08 12:16 GMT
Advertising

തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്തവളത്തിൽ എയർ ഇന്ത്യ സാറ്റ്സ് കമ്പനിയിലെ കരാർ ജീവനക്കാർ നടത്തിയ സമരം അവസാനിപ്പിച്ചു. മാനേജ്മെന്റുമായി നടത്തിയ ചർച്ചയിൽ ശമ്പള വർദ്ധനയ്ക്കും ബോണസ് നൽകാനും തീരുമാനമായി. ബോണസിൽ ആയിരം രൂപ വർദ്ധിപ്പിക്കാൻ തീരുമാനിച്ചു. 

ഇന്നലെ രാത്രി 10 മണിക്കാണ് തിരുവനന്തപുരം വിമാനത്താവളത്തിൽ കരാർ ജീവനക്കാർ സമരം ആരംഭിച്ചത്. തൊഴിലാളികളുടെ സമരത്തെ തുടർന്ന് തിരുവനന്തപുരം വിമാനത്താവളത്തിൽ നി‌ന്നുള്ള വിമാനങ്ങൾ വൈകി. നിലവിൽ 8 സർവീസുകൾ വൈകിയെന്ന് അധികൃതർ അറിയിച്ചു. രാജ്യാന്തര സർവീസുകൾ പുറപ്പെടാൻ 40 മിനിറ്റ് വരെ കാലതാമസം നേരിട്ടു. യാത്രക്കാരുടെ ലഗേജ് ലഭിക്കാൻ ഒന്നര മണിക്കൂറോളം വൈകിയത് പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.

കഴിഞ്ഞ മൂന്നു വർഷത്തിലേറെയായി മാനേജ്‌മെൻറ് ശമ്പള പരിഷ്‌കരണം നടത്തിയിട്ടില്ലെന്നാരോപിച്ചാണ് സംയുക്ത സമരവുമായി തൊഴിലാളികൾ രംഗത്തെത്തിയത്. മാനേജ്‌മെൻറ് തൊഴിലാളിവിരുദ്ധ സമീപനമാണ് സ്വീകരിക്കുന്നതെന്ന് സംയുക്ത സമരസമിതി ആരോപിച്ചു. ജീവനക്കാരുടെ ശമ്പള വർധനവിലും മറ്റും നടപടി ആവശ്യപ്പെട്ട് ആറുമാസം മുമ്പുതന്നെ കമ്പനിക്ക് നോട്ടീസ് നൽകിയെങ്കിലും യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്ന് സമരക്കാർ പറഞ്ഞു.

റീജണൽ ലേബർ കമ്മീഷണറുടെ നേതൃത്വത്തിൽ പല തവണ ചർച്ച നടത്തിയെങ്കിലും ഫലമുണ്ടായില്ല. സമരം യാത്രക്കാരെ ബാധിക്കുമെന്നതിൽ വിഷമമുണ്ടെന്നും വിഷയത്തിൽ മാനേജ്‌മെന്റാണ് ഉടൻ തീരുമാനമെടുക്കേണ്ടതെന്നും തൊഴിലാളികൾ പറഞ്ഞു. 2022ലാണ് അവസാനമായി ശമ്പള പരിഷ്‌കരണം നടപ്പിലാക്കിയത്. പിന്നീട് നടത്തിയ ചർച്ചകളിൽ വേതനം സംബന്ധിച്ച് ഏകപക്ഷീയ നിലപാടാണ് കമ്പനി സ്വീകരിച്ചിരുന്നത്. കമ്പനി തീരുമാനിക്കുന്ന തുക വേണമെങ്കിൽ തൊഴിലാളികൾ അംഗീകരിച്ചാൽ മതിയെന്ന സമീപനമായിരുന്നു മാനേജ്‌മെന്റ് സ്വീകരിച്ചത്. നിയമപരമായി ലേബർ കമ്മീഷൻ ശ​ുപാർശ ചെയ്യുന്ന ശമ്പള പരിഷ്‌കരണം മാത്രമാണ് മുന്നോട്ടുവെക്കുന്നതെന്നും അത് ന്യായമാണെന്നുമായിരുന്നു തൊഴിലാളികളുടെ വാദം. മാനേജ്‌മെന്റിനും തൊഴിലാളികൾക്കും അനുയോജ്യമായ ശമ്പള വർധന ലേബർ കമ്മീഷൻ മുന്നോട്ട് വെച്ചെങ്കിലും കമ്പനി അത് അംഗീകരിക്കാൻ തയാറായില്ലായിരുന്നു.

Tags:    

Writer - അനസ് അസീന്‍

contributor

Editor - അനസ് അസീന്‍

contributor

By - Web Desk

contributor

Similar News