ഐഷ സുൽത്താനയെ പൊലീസ് ചോദ്യം ചെയ്ത് വിട്ടയച്ചു
ആവശ്യമെങ്കിൽ വീണ്ടും നോട്ടീസ് നൽകി ചോദ്യം ചെയ്യാൻ വിളിപ്പിക്കുമെന്നുംപൊലീസ് അറിയിച്ചു
മീഡിയവൺ ചർച്ചയിലെ പരാമർശത്തന്‍റെ പേരിൽ ലക്ഷദ്വീപിൽ രാജ്യദ്രോഹ കുറ്റത്തിന് കേസെടുത്ത സിനിമ പ്രവർത്തക ഐഷ സുൽത്താനയെ പൊലീസ് ചോദ്യം ചെയ്ത് വിട്ടയച്ചു.
ആവശ്യമെങ്കിൽ വീണ്ടും നോട്ടീസ് നൽകി ചോദ്യം ചെയ്യാൻ വിളിപ്പിക്കുമെന്നുംപൊലീസ് അറിയിച്ചു. ലക്ഷദ്വീപ് എസ്.എസ്.പി ഓഫീസിൽ ശരത് സിംഗ് ഐപിഎസിന്റെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യൽ. ചോദ്യം ചെയ്യലിനു ശേഷം അറസ്റ്റ് രേഖപ്പെടുത്തിയാലും ഐഷയെ ജാമ്യത്തിൽ വിടണമെന്ന് ഹൈക്കോടതി നിർദേശം നൽകിയിട്ടുണ്ടായിരുന്നു. അഭിഭാഷകനൊപ്പമാണ് ഐഷ എസ്എസ്പി ഓഫീസിൽ ഹാജരായത്.
നാലുമണിക്ക് തന്നെ ഐഷ സുൽത്താന കവരത്തി പൊലീസ് ആസ്ഥാനത്തെത്തിയിരുന്നു. എന്നാൽ ഒരു മണിക്കൂറോളം വൈകിയാണ് ഉദ്യോഗസ്ഥർ ചോദ്യം ചെയ്യാനെത്തിയത്. ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യൽ. രണ്ട് മണിക്കൂറോളം ചോദ്യം ചെയ്യൽ നീണ്ടു. ലക്ഷദ്വീപ് വിട്ടുപോകരുതെന്ന നിർദേശവും ഐഷയ്ക്ക് നൽകിയിട്ടുണ്ട്. എന്നാൽ ഈ നിർദേശം രേഖാമൂലം നൽകിയിട്ടില്ല.