'ഇതു പോരാ, പെറ്റിക്കേസുകളുടെ എണ്ണം കൂട്ടണം'; ഡിസിപി ഐശ്വര്യ ഡോങ്‌റെയുടെ നിർദേശം വിവാദത്തിൽ
ലോക്ഡൗണിൽ പൊലീസ് 125 കോടി രൂപ പിഴയായി പിരിച്ചെടുത്തു എന്നാണ് കണക്ക്
കൊച്ചി: നഗരത്തിൽ പെറ്റിക്കേസുകളുടെ എണ്ണം വർധിപ്പിക്കാൻ ഡിസിപി ഐശ്വര്യ ഡോങ്‌റെ നൽകിയ നിർദേശം വിവാദത്തിൽ. കോവിഡ് നിയന്ത്രണങ്ങളുടെ പേരിൽ പൊലീസ് ജനങ്ങളെ പിഴിയുന്നു എന്ന ആരോപണം ശക്തമാകുന്നതിനിടെയാണ് ഡിസിപിയുടെ നിർദേശം. പൊലീസ് കൺട്രോൾ റൂമിൽ നിന്ന് സ്‌റ്റേഷനുകളിലേക്ക് അയച്ച വയർലെസ് സന്ദേശമാണ് മാധ്യമങ്ങളിലൂടെ പുറത്തുവന്നത്.
'സ്പെഷ്യൽ ഡ്രൈവ് നടത്താനുള്ള പെറ്റി കേസുകൾ കൂടുതൽ നടത്തണമെന്ന് നിർദേശിച്ചിരുന്നതാണ്. പല സ്റ്റേഷനുകളുടെയും പെർഫോമൻസ് മോശമാണെന്ന് അറിയിക്കുന്നു. 9-12 പെർഫോമൻസ് പല സ്റ്റേഷനുകളിലും മോശമാണെന്ന് അറിയിച്ചിട്ടുണ്ട്. എസ്.എച്ച്.ഒമാർ കൂടുതൽ ഡിറ്റൻഷൻ നടത്തണമെന്ന് മാഡം അറിയിക്കുന്നുണ്ട്'- വയർലെസ് സന്ദേശത്തിൽ പറയുന്നു.
പിഴയായി ഈടാക്കിയത് 125 കോടി
രണ്ടാം ലോക്ക്ഡൗൺ കാലത്ത് 17 ലക്ഷത്തിലേറെപ്പേരിൽ നിന്ന് 125 കോടിയിലേറെ രൂപ പൊലീസ് പിഴയായി ഈടാക്കി എന്നാണ് കണക്ക്. 17.75 ലക്ഷം പേർക്കെതിരെയാണ് ഈ കാലയളവിൽ പൊലീസ് കേസെടുത്തത്. മെയ് എട്ടു മുതൽ ആഗസ്ത് നാലിന് ഇളവുകൾ പ്രഖ്യാപിച്ചതു വരെയുള്ള കണക്കാണിത്. ഇതിൽ 10.7 ലക്ഷം കേസുകൾ മാസ്‌ക് ധരിക്കാത്തതിനു മാത്രമാണ്. സാമൂഹ്യ അകലം പാലിക്കാത്തതിനു 4.7 കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. 2.3 ലക്ഷം വാഹനങ്ങളാണ് ലോക്‌ഡൌൺ ലംഘനത്തിൻറെ പേരിൽ പിടിച്ചെടുത്തത്.
500 രൂപ മുതൽ 5000 വരെയാണ് പകർച്ചവ്യാധി നിയന്ത്രണ നിയമപ്രകാരം വിവിധ ലംഘനങ്ങൾക്കു പിഴ. പിഴയിനത്തിൽ ആകെ എത്ര ഈടാക്കിയെന്നു പൊലീസ് വെളിപ്പെടുത്തിയിട്ടില്ലെങ്കിലും 125 കോടി മുതൽ 150 കോടി വരെയാണ് ഇതെന്നാണ് റിപ്പോർട്ട്. കേസുകളുടെ എണ്ണവും പിഴത്തുകയും കേരള പൊലീസിന്റെ വെബ്‌സൈറ്റിൽ ലഭ്യമാണ്.
നേരത്തെയും വിവാദം
നേരത്തെ എറണാകുളം നോർത്തിലെ വനിതാ സ്‌റ്റേഷനിൽ വേഷം മാറിയെത്തി ഡോങ്‌റെ വിവാദം സൃഷ്ടിച്ചിരുന്നു. സ്‌റ്റേഷനിലെത്തിയ ഇവര്‍ അകത്തേക്ക് കയറിപ്പോകാൻ ശ്രമിക്കുന്നതിനിടെ പാറാവിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥ തടയുകയായിരുന്നു. പുതുതായി ചുമതലയേറ്റ ഡിസിപിയെ മുഖപരിചയം ഇല്ലാത്തതു കാരണമാണ് ഉദ്യോഗസ്ഥ തടഞ്ഞുവച്ചത്. എന്നാൽ സംഭവത്തിൽ പ്രകോപിതയായ ഇവർ പൊലീസ് ഉദ്യോഗസ്ഥയോട് വിശദീകരണം ചോദിച്ചു. രണ്ടു ദിവസം ട്രാഫിലേക്ക് ശിക്ഷാനടപടിയായി അയയ്ക്കുകയും ചെയ്തു.
ഇത് പൊലീസിനുള്ളിൽ വലിയ ഒച്ചപ്പാടുണ്ടാക്കി. ഡോങ്‌റെയെ ആഭ്യന്തര വകുപ്പ് താക്കീത് ചെയ്യുകയും ചെയ്തു. സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ ഐപിഎസ് ഉദ്യോഗസ്ഥ കൂടിയായ ഇവരുടെ പെരുമാറ്റം അതിരുകടന്നു എന്നായിരുന്നു പൊലീസ് ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ.