മാമി തിരോധാനത്തിനു പിന്നിൽ അജിത് കുമാറിന്റെ കറുത്ത കൈകൾ, അദ്ദേഹം നൊട്ടോറിയസ് ക്രിമിനൽ; പി.വി. അൻവർ
സുജിത് ദാസിന്റെ ഗതി അജിത് കുമാറിനും വരുമെന്നും അൻവർ
മല്പപ്പുറം: മാമി തിരോധനത്തിനു പിന്നിൽ എഡിജിപി എം.ആർ അജിത് കുമാറിന്റെ കറുത്ത കൈകളാണെന്ന് പി.വി അൻവർ എംഎൽഎ. ഇതിനു പുറകിൽ പ്രവർത്തിച്ചത് അജിത് കുമാറാണെന്നതിന്റെ തെളിവുകൾ കയ്യിലുണ്ടെന്നും അത് പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറിയെന്നും അൻവർ പറഞ്ഞു. വിവാദങ്ങൾ ഉയർന്നുവന്നതിനു പിന്നാലെ അജിത് കുമാർ അവധിയിൽ പോയത് തെളിവുകൾ നശിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നും അദ്ദേഹം ഒരു നൊട്ടോറിയസ് ക്രിമിനലാണെന്നും അൻവർ എംഎൽഎ പറഞ്ഞു.
അജിത് കുമാർ കാലചക്രം തിരിക്കുകയാണ്. സുജിത് ദാസിന്റെ ഗതി അയാൾക്കും വരും. അജിത് കുമാറും സുജിത് ദാസും ഒരച്ഛന്റെ രണ്ട് മക്കളാണ്. മാമി കേസിൽ പുതിയ ക്രൈം ബ്രാഞ്ച് സംഘത്തിന്റെ അന്വേഷണത്തിൽ തൃപ്തനാണ്. അൻവർ പറഞ്ഞു. അതേസമയം മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിയെ സംബന്ധിച്ച രാഷ്ട്രീയം പറയാനില്ലെന്നു അൻവർ പറഞ്ഞു.
കേസ് അന്വേഷണ സംഘത്തിൽ ഉൾപ്പെട്ടതോടെയാണ് എഡിജിപി എം.ആർ അജിത് കുമാറിനെതിരെ പി.വി അൻവർ എംഎൽഎ ആരോപണങ്ങൾ ഉന്നയിച്ചത്. ‘മാമിയെന്ന കോഴിക്കോട്ടേ കച്ചവടക്കാരനെ കാണാതായിട്ട് ഒരു വർഷമായി. കൊണ്ടുപോയി കൊന്നതായിരിക്കും എന്നാണ് ഞാൻ വിശ്വസിക്കുന്നത്. അന്വേഷണം എങ്ങുമെത്തിയില്ല. കേസ് അനങ്ങിയിട്ടില്ല, അത് അനങ്ങൂല. അതും ഈ സംഘവുമായി ബന്ധപ്പെട്ട വിഷയമാണ്’ എന്നായിരുന്നു അൻവറിന്റെ ആരോപണം.
ഇതിനു പിന്നാലെ മാമിയുടെ കുടുംബവും പരാതിയുമായി രംഗത്തുവന്നതോടെയാണ് കേസ് കോഴിക്കോട് ക്രൈംബ്രാഞ്ചിന് കൈമാറിയത്. കോഴിക്കോട്ടെ റിയൽ എസ്റ്റേറ്റ് വ്യാപാരിയായിരുന്ന മാമി എന്ന മുഹമ്മദ് ആട്ടൂരിനെ 2023 ആഗസ്റ്റ് 22 നാണ് കാണാതായത്.
കേസ് തെളിയുമെന്ന് പി.വി അൻവർ എംഎൽഎ ഉറപ്പ് നൽകിയെന്ന് മാമിയുടെ മകൾ അദീബ പറഞ്ഞു. കേസ് തെളിയും വരെ കൂടെയുണ്ടാകുമെന്ന് പി.വി അൻവർ ഉറപ്പ് നൽകിയെന്നും അവർ കൂട്ടിച്ചേർത്തു.