ഒറ്റ രാത്രികൊണ്ട് ഒറ്റുകാരനാക്കുന്ന പ്രവണത അംഗീകരിക്കാനാവില്ല; പരസ്യമായി പ്രതികരിക്കേണ്ടി വരും-ഡി.വൈ.എഫ്.ഐക്ക് ആകാശ് തില്ലങ്കേരിയുടെ മുന്നറിയിപ്പ്

ആകാശ് തില്ലങ്കേരി അവസാനമിട്ട ഫെയ്‌സ്ബുക്ക് പോസ്റ്റിന് അടിയില്‍ സവാദ് എന്നയാളുടെ ഒരു കമന്റിന് മറുപടിയായാണ് പാര്‍ട്ടി നേതൃത്വത്തെ ഭീഷണിപ്പെടുത്തുന്ന കുറിപ്പ്.

Update: 2021-06-28 10:21 GMT
Advertising

സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ആരോപണമുയര്‍ന്ന സാഹചര്യത്തില്‍ താനടക്കമുള്ളവരെ തള്ളിപ്പറഞ്ഞ ഡി.വൈ.എഫ്.ഐ നേതൃത്വത്തിനെതിരെ മുന്നറിയിപ്പുമായി ആകാശ് തില്ലങ്കേരി. ഒറ്റ രാത്രികൊണ്ട് ഒറ്റുകാരനാക്കുന്ന പ്രവണത അംഗീകരിക്കാനാവില്ലെന്നും നുണപ്രചരണം ശ്രദ്ധയില്‍പ്പെടുത്തിയിട്ടും തിരുത്താന്‍ തയ്യാറായില്ലെങ്കില്‍ എനിക്കും പരസ്യമായി പ്രതികരിക്കേണ്ടി വരുമെന്നും ആകാശ് തില്ലങ്കേരി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ആകാശ് തില്ലങ്കേരി അവസാനമിട്ട ഫെയ്‌സ്ബുക്ക് പോസ്റ്റിന് അടിയില്‍ സവാദ് എന്നയാളുടെ ഒരു കമന്റിന് മറുപടിയായാണ് പാര്‍ട്ടി നേതൃത്വത്തെ ഭീഷണിപ്പെടുത്തുന്ന കുറിപ്പ്. കുറ്റപ്പെടുത്തുന്നവരെ തെറ്റുപറയാനാവില്ലെന്നും ഉത്തരവാദപ്പെട്ടവര്‍ തന്നെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ ബാബുവേട്ടന്റെ കൊലയാളികളുടെ കൂടെ കൊട്ടേഷന്‍ നടത്തി എന്ന് പോസ്റ്റുകള്‍ ഇടുമ്പോള്‍ ആരായാലും ഇതുപോലെ പ്രതികരിച്ചുപോവും. ഇത് ഒരു തരം വൈകാരികത ഇളക്കിവിടലാണ്. ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി ആവുമ്പോള്‍ പറയുന്നതില്‍ ആധികാരികതയുണ്ടെന്ന് ധരിച്ചുപോവും.

രക്തസാക്ഷികളെ ഒറ്റിക്കൊടുത്തവര്‍ ആരായാലും അവരുടെ പേര് വെളിപ്പെടുത്തണം. താനാണ് കുറ്റവാളിയെങ്കില്‍ തെരുവില്‍ വന്ന് നില്‍ക്കാം. നിങ്ങള്‍ക്കെന്നെ എറിഞ്ഞുകൊല്ലാവുന്നതാണ്. അല്ലാതെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുന്നത് അംഗീകരിക്കാനാവില്ലെന്നും ആകാശ് തില്ലങ്കേരി പറഞ്ഞു.






 


 


സ്വര്‍ണക്കടത്തില്‍ ആരോപണവിധേയരായ അര്‍ജ്ജുന്‍ ആയങ്കി, ആകാശ് തില്ലങ്കേരി തുടങ്ങിയവരെ കഴിഞ്ഞ ദിവസം ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി പരസ്യമായി തള്ളിപ്പറഞ്ഞിരുന്നു. സി.പി.എം ജില്ലാ നേതൃത്വവും കൊട്ടേഷന്‍ സംഘങ്ങളെന്ന പേരില്‍ ഇവരെ തള്ളിപ്പറഞ്ഞിരുന്നു. ഇതാണ് ആകാശ് തില്ലങ്കേരിയെ പ്രകോപിപ്പിച്ചത്. ഡി.വൈ.എഫ്.ഐ നേതൃത്വത്തിന് മാത്രമല്ല സി.പി.എം ജില്ലാ നേതൃത്വത്തിന് കൂടിയുള്ള മുന്നറിയിപ്പാണ് ആകാശ് തില്ലങ്കേരി ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ നല്‍കിയിരിക്കുന്നത്.

Tags:    

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News