'ഇക്കാര്യം ഓർക്കാതിരുന്നാൽ ഇടതുപക്ഷം വീണ്ടും അധികാരത്തിൽ വരും'; പുതുപ്പള്ളി വിജയത്തിൽ അഖിൽ മാരാർ

വരും വർഷങ്ങളിൽ ഇടതുപക്ഷത്തിന്‍റെ ഭരണം ജനങ്ങള്‍ക്ക് കൂടുതൽ മനോഹരമായി അനുഭവപ്പെട്ടാൽ, പിണറായി വിജയനോട് ഇന്നുള്ള വിരോധം മാറി കൂടുതൽ ഇഷ്ടം തോന്നിയാൽ ഇടതുപക്ഷം വീണ്ടും അധികാരത്തിൽ വരുമെന്നും അഖിൽ മാരാർ പറഞ്ഞു

Update: 2023-09-08 13:39 GMT
Advertising

പുതുപ്പള്ളി തെരഞ്ഞെടുപ്പിലെ കോൺഗ്രസിന്‍റെ വിജയത്തിന് പിന്നാലെ ചാണ്ടി ഉമ്മന് അഭിനന്ദനമറിയിച്ച് സംവിധായകൻ അഖിൽ മാരാർ. 'പ്രിയപ്പെട്ട ചാണ്ടി ഉമ്മന് അഭിനന്ദനങ്ങള്‍ കൂട്ടത്തില്‍ ഓരോര്‍മപെടുത്തല്‍ കൂടി' എന്ന തലക്കെട്ടോട് കൂടിയാണ് വീഡിയോ സന്ദേശം പങ്കുവെച്ചിരിക്കുന്നത്.

പുതുപ്പള്ളിക്കാർക്ക് ഏറെ പ്രിയപ്പെട്ട ഉമ്മൻചാണ്ടി സാറിന്‍റെ മകന് അഭിനന്ദങ്ങള്‍ അറിയിച്ചുകൊണ്ട് തുടങ്ങുന്ന വീഡിയോ സന്ദേശത്തിൽ വിജയിക്കുമ്പോള്‍ അതിന്‍റെ കാരണങ്ങളെ കുറിച്ച് മനസിലാക്കണമെന്നും ഉമ്മൻ ചാണ്ടിയേക്കാള്‍ ഭൂരിപക്ഷം നേടി ചാണ്ടി ഉമ്മൻ വിജയിക്കുമ്പോഴും യഥാർത്ഥത്തിൽ ജയിച്ചത് ഉമ്മൻ ചാണ്ടി തന്നെയാണെന്നും അഖിൽ മാരാർ പറഞ്ഞു.

ഉമ്മൻ ചാണ്ടിയോടുള്ള ജനങ്ങളുടെ സ്നേഹമാണ് ചാണ്ടി ഉമ്മന്‍റെ വിജയത്തിനുള്ള പ്രധാനപ്പെട്ട കാരണം. ചാണ്ടി ഉമ്മൻ വിജയത്തിന് പിന്നിലെ മൂന്ന് കാരണങ്ങളും അഖിൽ മാരാർ ചൂണ്ടിക്കാട്ടി. ഉമ്മൻ ചാണ്ടിയോടുള്ള സ്നേഹം തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചില്ലായിരുന്നെങ്കിൽ ജെയ്കിന് വലിയ ജന പിന്തുണ ലഭിക്കുമായിരുന്നു. ചർച്ചകളിലും സംസാരത്തിലും ജെയ്ക് സൃഷ്ടിച്ചെടുക്കുന്ന അഹങ്കാരങ്ങള്‍, ചില പ്രസ്താവനകള്‍ എന്നിവ മാറ്റി ജനങ്ങള്‍ക്ക് ഇഷ്ടപ്പെടുന്ന രീതിയിൽ സംസാരിച്ചാൽ ജെയ്കിനോടുള്ള വിരോധം കുറയുമായിരുന്നെന്നും അഖിൽ അഭിപ്രായപ്പെട്ടു.

വിജയ കാരണങ്ങള്‍

'ചാണ്ടി ഉമ്മന്‍റെ വിജയത്തിന് പിന്നിലെ കാരണങ്ങള്‍ കണ്ടെത്തണം, എങ്കിൽ മാത്രമേ ആ വിജയം നിലനിർത്താൻ കഴിയു. ഞാൻ മനസിലാക്കുന്നത് ഈ വിജയത്തിന് പിന്നിൽ ഉമ്മൻ ചാണ്ടി എന്ന മനുഷ്യന്‍റെ 50 വർഷത്തിലെ പൊതുപ്രവർത്തനത്തിലെ നന്മ തന്നെയാണ്. രണ്ടാമത്തേത് അദ്ദേഹത്തെ തള്ളിപ്പറഞ്ഞ,പരിഹസിച്ച ഇടതുപക്ഷ അനുഭാവികള്‍ പോലും അതിൽ പശ്ചാത്തപിക്കുകയും അദ്ദേഹത്തിന്‍റെ മരണ ശേഷം അത് ചാണ്ടി ഉമ്മന് പിന്തുണയാകുകയും ചെയ്തു. മൂന്നാമത്തേത് ഏഴ് വർഷമായി കേരളം ഭരിക്കുന്ന കമ്മ്യൂണിസ്റ്റ് പാർട്ടിയോടുള്ള ഭരണപക്ഷ വിരുദ്ധതയും ഈ വിജയത്തിന് കാരണമായിട്ടുണ്ട്. '

ഓർമപ്പെടുത്തലുകള്‍

'ഇനി ചാണ്ടി ഉമ്മൻ ചെയ്യേണ്ടത് വിജയിക്കാനുള്ള ഈ കാരണങ്ങളെ ഇല്ലാതാക്കി അടുത്ത തെരഞ്ഞെടുപ്പിലെ വിജയത്തിന് മാറ്റ് കൂട്ടാനുള്ള കാരണം ചാണ്ടി ഉമ്മൻ ആവുക എന്നതാണ്. ഇനിയുള്ള തെരഞ്ഞെടുപ്പിൽ വിജയിക്കാനുള്ള കാരണം ചാണ്ടി ഉമ്മൻ ആകണമെങ്കിൽ ഈ വിജയത്തിൽ അഹങ്കരിക്കാതിരിക്കുക. നിങ്ങളുടെ പ്രകടന മികവ് കൊണ്ടാണോ വിജയിച്ചത് എന്ന് ആലോചിക്കുക. നിങ്ങളുടെ പ്രകടന മികവ് വിജയിച്ചാൽ മാത്രമേ നിങ്ങള്‍ക്ക് അനുകൂലമായ അന്തരീക്ഷം സൃഷ്ടിച്ചെടുക്കാൻ സാധിക്കു. ഉമ്മൻ ചാണ്ടിയോടുള്ള സ്നേഹം തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചില്ലായിരുന്നെങ്കിൽ ജെയ്ക് എന്ന ചെറുപ്പക്കാരൻ അദ്ദേഹത്തിന്‍റെ ചർച്ചകളിലും സംസാരത്തിലും സൃഷ്ടിച്ചെടുക്കുന്ന അഹങ്കാരങ്ങള്‍, ചില പ്രസ്താവനകള്‍ മാറ്റി ജനങ്ങള്‍ക്ക് ഇഷ്ടപ്പെടുന്ന രീതിയിൽ സംസാരിച്ചാൽ ജെയ്കിനോടുള്ള വിരോധം കുറയും. വരും വർഷങ്ങളിൽ ഇടതുപക്ഷത്തിന്‍റെ ഭരണം ജനങ്ങള്‍ക്ക് കൂടുതൽ മനോഹരമായി അനുഭവപ്പെട്ടാൽ പിണറായി വിജയനോട് ഇന്നുള്ള വിരോധം മാറി കൂടുതൽ ഇഷ്ടം തോന്നിയാൽ ഇടതുപക്ഷം വീണ്ടും അധികാരത്തിൽ വരും. അത് തിരിച്ചറിയാനുള്ള ബോധം നിങ്ങള്‍ക്ക് ഉണ്ടാകണം. ഈ വിജയത്തിൽ അഹങ്കരിക്കാതെ കൂടുതൽ മികച്ച പ്രവർത്തനങ്ങളുമായി പോയി ഈ വിജയം നിലനിർത്താൻ പരിശ്രമിക്കുക. പ്രിയ സുഹൃത്തിന് എല്ലാ അഭിനന്ദനങ്ങളും നേരുന്നു.' - അഖിൽ മാരാർ

Full View


Tags:    

Writer - ബിന്‍സി ദേവസ്യ

web journalist trainee

Editor - ബിന്‍സി ദേവസ്യ

web journalist trainee

By - Web Desk

contributor

Similar News