'കേരളത്തിൽ കള്ള് ജിഹാദ്'; നാർക്കോട്ടിക് ജിഹാദ് കാലത്ത് ചർച്ചയാകുന്ന അൽ മൊയ്തു
കേരളത്തിൽ നാർക്കോട്ടിക് ജിഹാദ് നടക്കുന്നുണ്ടെന്ന് പാലാ രൂപത ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട് ആരോപണം ഉന്നയിച്ച പശ്ചാത്തലത്തിലാണ് ഹ്രസ്വചിത്രം ശ്രദ്ധേയമാകുന്നത്
'പിന്നേ.. പെണ്ണുങ്ങളെ വളച്ച് മതംമാറ്റലും അവരെ കൊണ്ടുപോയി വേശ്യാലയത്തിൽ വിൽക്കുന്നതുമൊക്കെ മുസ്‌ലിംകൾക്ക് പുണ്യകർമമായതു കൊണ്ടാ ലവ് ജിഹാദ് ഇവിടെയൊക്കെ എല്ലാവരും വിശ്വസിച്ചത്. ലവ് ജിഹാദിന്റെ അത്ര പൊരുത്തക്കേടൊന്നും ഇതിലില്ലല്ലോ. ലവ് ജിഹാദ് വിശ്വസിച്ച കിഴങ്ങന്മാര് ഇതും വിശ്വസിക്കും.'
ലവ് ജിഹാദ് വിവാദത്തില്‍ അഷ്‌കർ-റമീസ് സംവിധാനം ചെയ്ത അൽ മൊയ്തു എന്ന ഹ്രസ്വചിത്രത്തിലെ ഒരു കഥാപാത്രത്തിന്റെ വാക്കുകളാണിത്. കേരളത്തിൽ നാർക്കോട്ടിക് ജിഹാദ് നടക്കുന്നുണ്ടെന്ന പാലാ രൂപത ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിന്റെ ആരോപണത്തിൽ ഈ വാക്കുകൾക്ക് മാനങ്ങളേറെ.
മതം മാറ്റത്തിനായി കേരളത്തിൽ നടക്കുന്ന 'കള്ള് ജിഹാദിന്റെ' കഥയാണ് അൽ മൊയ്തു പറയുന്നത്. വീര്യമുള്ള കള്ളു നൽകി ആളുകളെ മയക്കിക്കിടത്തി തലയിൽ പൊന്നാനിത്തൊപ്പി കമിഴ്ത്തിയാണ് കേന്ദ്രകഥാപാത്രമായ മൊയ്തു മതംമാറ്റം നടത്തുന്നത്. കള്ള് ഹറാമായ ഒരു സമുദായത്തെ കുറിച്ചുള്ള ഇത്തരം സൃഷ്ടികൾ ആളുകൾ വിശ്വസിക്കുമോ എന്ന ചോദ്യത്തിന് ലവ് ജിഹാദിൽ വിശ്വസിച്ച കിഴങ്ങന്മാർ ഇതും ഏറ്റെടുക്കും എന്നാണ് കഥാപാത്രം ഉത്തരം നൽകുന്നത്.
ലവ് ജിഹാദിനെ ചോദ്യം ചെയ്യുന്നതിനൊപ്പം നുണകൾ വിൽപ്പന നടത്തുന്ന മാധ്യമ സെൻസേഷണലിസത്തെ അൽ മൊയ്തു കണക്കറ്റ് പരിഹസിക്കുകയും ചെയ്യുന്നു. 'വർഷത്തിൽ 364 ദിവസവും ഇമ്മാതി വാർത്തകൾ കൊടുത്തിട്ട് 365-ാമത്തെ ദിവസം നമ്മള് തങ്ങളെ വീട്ടിലെ ഏതെങ്കിലും കുട്ടിയുടെ സുന്നത്ത് കല്യാണത്തിന്റെ ചടങ്ങിന് ഫുൾ കവറേജ് വാർത്ത കൊടുക്കുന്നു, വിത്ത് കളർ ഫോട്ടോ. മലപ്പുറം എഡിഷനിൽ മാത്രം മതി. അപ്പോ അവര് വിചാരിക്കും, ഇത് അവരുടെയും കൂടെ പത്രമാണെന്ന്. നമ്മള് സേഫ്.'- ഇങ്ങനെ പോകുന്നു പരിഹാസം.
ഏതെങ്കിലും കേന്ദ്രത്തിൽ നിന്ന് പടച്ചുവിടുന്ന നുണബോംബുകൾ സമൂഹത്തെ സ്‌ഫോടനാത്മകമായി സ്വാധീനിക്കുന്നത് എങ്ങനെ എന്ന് അടയാളപ്പെടുന്ന ചിത്രമാണ് 2014ൽ പുറത്തിറങ്ങിയ അൽ മൊയ്തു. പാലാ ബിഷപ്പിന്റെ നാർക്കോട്ടിക് ജിഹാദ് പ്രസ്താവനയും കള്ള് ജിഹാദ് കഥയും തമ്മിൽ സാമ്യങ്ങളേറെയുണ്ട്. 'തീവ്രവാദത്തിന്റെ ആസ്ഥാനമായും കള്ളപ്പണക്കാരുടെയും കുഴൽപ്പണക്കാരുടെയും ഭീകരാവാദികളെയും നാടായും' മലപ്പുറം ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. മലപ്പുറം ജില്ലയ്‌ക്കെതിരെ സമീപകാലത്തു നടന്ന കുപ്രചാരണങ്ങളെയാണ് ചിത്രം വിമർശിക്കുന്നത്.
സകീൻ ഓൺലൈൻ ചാനലും ഫേസ്ബുക്ക് കൂട്ടായ്മയായ റൈറ്റ് തിങ്കേഴ്‌സും ചേർന്നാണ് ചിത്രം പുറത്തിറക്കിയിരിക്കുന്നത്. റമീസ് മുഹമ്മദ് തിരക്കഥയും അശ്കർ, റമീസ് എന്നിവർ സംവിധാനവും നിർവഹിച്ചിരിക്കുന്നു. മാമുക്കോയ, ശശി കലിംഗ, നിർമൽ പാലാഴി, ശാഫി കൊല്ലം എന്നിവരാണ് പ്രധാന അഭിനേതാക്കൾ. ഇതുവരെ മൂന്നു ലക്ഷത്തോളം പേര്‍ ചിത്രം യൂട്യൂബില്‍ കണ്ടിട്ടുണ്ട്.
പാലാ ബിഷപ്പിന്റെ ആരോപണം
ലവ് ജിഹാദിന് പുറമേ നാർക്കോട്ടിക് ജിഹാദും കേരളത്തിൽ നടക്കുന്നു എന്നാണ് പാലാ ബിഷപ്പിന്റെ ആരോപണം. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ;
'കേരളത്തിൻറെ മുൻ ഡിജിപി ലോക്‌നാഥ് ബെഹ്‌റ ഒരിക്കൽ പറഞ്ഞു കേരളം തീവ്രവാദികളുടെ റിക്രൂട്ടിങ് സെൻററാകുന്നു, തീവ്രവാദികളുടെ സ്ലീപ്പിങ് സെല്ലുകൾ ഇവിടെയുണ്ടെന്ന്. വർഗീയതയും വിദ്വേഷവും വെറുപ്പും വളർത്താൻ ശ്രമിക്കുന്ന ജിഹാദി തീവ്രവാദികൾ എല്ലായിടത്തുമുണ്ട്. കൊച്ചുകേരളത്തിലുമുണ്ട്. ജിഹാദികളുടെ കാഴ്ചപ്പാടിൽ അമുസ്‌ലിംകൾ നശിപ്പിക്കപ്പെടേണ്ടതാണ്. അതിനായി ഉപയോഗിക്കുന്ന രണ്ട് മാർഗങ്ങളാണ് ലവ് ജിഹാദും നാർക്കോട്ടിക് ജിഹാദും. എങ്ങനെ പെൺകുട്ടിയെ വശത്താക്കാമെന്ന് വിദഗ്ധ പരിശീലനം നേടിയവരാണ് ജിഹാദികൾ. കേരളത്തിൽ ലവ് ജിഹാദ് ഇല്ലെന്ന് പറയുന്നവർ വെറുതെ കണ്ണടച്ച് ഇരുട്ടാക്കുകയാണ്. അങ്ങനെ ശ്രമിക്കുന്ന രാഷ്ട്രീയ, സാമൂഹ്യ, സാംസ്‌കാരിക, മാധ്യമ പ്രവർത്തകർക്ക് അവരുടേതായ താത്പര്യങ്ങളുണ്ടാവാം. നമ്മുടെ പെൺകുട്ടികളെ നമുക്ക് നഷ്ടപ്പെടുന്നുണ്ട്. അത് പ്രണയ വിവാഹങ്ങളല്ല. യുദ്ധതന്ത്രമാണ്. രണ്ടാമത് നാർക്കോട്ടിക് ജിഹാദാണ്. ജിഹാദികൾ നടത്തുന്ന ഐസ്‌ക്രീം പാർലറുകൾ, മധുര പാനീയ കടകൾ, ഹോട്ടലുകൾ എന്നിവ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഇവർ അമുസ്ലിംകളെ നശിപ്പിക്കാനുള്ള ആയുധമായി വിവിധ മയക്കുമരുന്നുകൾ ഉപയോഗിക്കുന്നുവെന്നത് നമ്മുടെ സമൂഹത്തിൽ ചർച്ചയാവുന്നുണ്ട്. ക്ലബ് ഹൗസ്, ഇൻസ്റ്റഗ്രാം, ഫേസ്ബുക് തുടങ്ങിയ മാധ്യമങ്ങളിലൂടെയുള്ള സൗഹൃദങ്ങളിൽ അപകട സാധ്യത കൂടുതലുണ്ട് എന്ന് തിരിച്ചറിയണം'
പ്രതിഷേധവുമായി മുസ്‌ലിം സംഘടനകൾ
ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിന്റെ പ്രസ്താവനയ്‌ക്കെതിരെ എസ്‌കെഎസ്എസ്എഫ്, എസ്ഐഒ അടക്കമുള്ള മുസ്‌ലിം സംഘടനകൾ രംഗത്തെത്തി. നാർക്കോട്ടിക് ജിഹാദിന്റെ ബിഷപ്പ് തെളിവുകൾ പുറത്തുവിടണമെന്ന് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ജനറൽ സെക്രട്ടറി സത്താർ പന്തല്ലൂർ ആവശ്യപ്പെട്ടു.
'ലൗ ജിഹാദ്, നാർകോട്ടിക് ജിഹാദ് ആരോപണത്തിന്റെ തെളിവുകൾ പാലാ ബിഷപ്പ് വെളിപ്പെടുത്തണം. അതിന് കഴിയില്ലെങ്കിൽ അദ്ദേഹം നാർകോട്ടിക് അടിച്ചതെവിടെ നിന്നെന്ന് തുറന്നു പറയണം. രണ്ടും നടക്കില്ലെങ്കിൽ ഈ വിഷ സർപ്പത്തെ പിടിച്ച് കൂട്ടിലടക്കണം.' - എന്നാണ് സത്താർ പന്തല്ലൂർ ഫേസ്ബുക്കിൽ കുറിച്ചത്. സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് എസ്.ഐ.ഒ ഡി.ജി.പിക്കും മുഖ്യമന്ത്രിക്കും പരാതി നൽകിയിട്ടുണ്ട്.