ആലപ്പുഴ ഇരട്ടകൊലപാതകം; സർവകക്ഷിയോഗം നാളത്തേക്ക് മാറ്റി
കൂടിയാലോചനയില്ലാതെയാണ് യോഗം വിളിച്ചതെന്ന് ചൂണ്ടിക്കാട്ടി ഇന്ന് നടത്താനിരുന്ന യോഗത്തിൽ പങ്കെടുക്കില്ലെന്ന് ബിജെപി അറിയിച്ചിരുന്നു.
ആലപ്പുഴയിൽ കളക്ടർ വിളിച്ച സർവകക്ഷി സമാധാന യോഗം നാളത്തേക്ക് മാറ്റി. കൂടിയാലോചനയില്ലാതെയാണ് യോഗം വിളിച്ചതെന്ന് ചൂണ്ടിക്കാട്ടി ഇന്ന് നടത്താനിരുന്ന യോഗത്തിൽ പങ്കെടുക്കില്ലെന്ന് ബിജെപി അറിയിച്ചിരുന്നു. രൺജിത് ശ്രീനിവാസന്റെ സംസ്‌കാര ചടങ്ങിന്റെ നേരത്താണ് കളക്ടർ യോഗം വിളിച്ചതെന്നായിരുന്നു ബിജെപിയുടെ ആക്ഷേപം. നാളെ നാല് മണിക്ക് യോഗം ചേരും.
എല്ലാവരും പങ്കെടുക്കണമെന്നുള്ളതുകൊണ്ടാണ് യോഗം മാറ്റിയതെന്ന് ജില്ലാ കലക്ടർ എ അലക്‌സാണ്ടർ പറഞ്ഞു. എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും എം പി, എംഎൽഎമാരുടെയും ജില്ലയിലെ രണ്ട് മന്ത്രിമാരുടെ സാന്നിധ്യത്തിൽ യോഗം നടക്കും. കൂടാതെ പൊലീസ് ഉദ്യോഗസ്ഥരും റവന്യു വകുപ്പ് ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുക്കും.
അതേസമയം രൺജിത്തിന്റെ മൃതദേഹത്തോട് അനാദരവ് കാട്ടിയെന്ന് ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. പോസ്റ്റ്മോർട്ടം നടത്തുന്ന മെഡിക്കൽ കോളജിൽ എത്തിയാണ് കെ സുരേന്ദ്രൻ മാധ്യമപ്രവർത്തകരോട് സംസാരിച്ചത്. മൃതദേഹം തൊട്ടിട്ട് പോലുമില്ല, ഫ്രീസറിൽ പോലും വയ്ക്കാതെയാണ് ഇന്നലെ മുഴുവൻ മൃതദേഹത്തോട് അനാദരവ് കിട്ടിയിരിക്കുന്നത്. അതൊരിക്കലും ക്ഷമിക്കാവുന്ന ഒന്നല്ല. പൂർണ്ണമായിട്ടും സർക്കാരിന്റെ ഭാഗത്ത് നിന്നും സംഭവിച്ച ഏകപക്ഷീയ നിലപാടണെന്നും കെ സുരേന്ദ്രൻ വ്യക്തമാക്കി.