കേരളത്തിൽ മദ്യപാനികൾ കുറയുന്നു; പുതിയ കണക്കുകൾ ഇങ്ങനെ

നാല് വർഷം മുമ്പുള്ള കണക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ ഉപഭോക്താക്കളുടെ എണ്ണത്തിൽ 46% ഇടിവാണ് രേഖപ്പെടുത്തിയത്

Update: 2022-02-17 16:19 GMT
Advertising

സംസ്ഥാനത്ത് മദ്യപാനികളുടെ എണ്ണം കുറയുന്നതായി നാഷണൽ ഫാമിലി ഹെൽത്ത് സർവേയുടെ ഏറ്റവും പുതിയ റിപ്പോർട്ട്. നാല് വർഷം മുമ്പുള്ള കണക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ കേരളത്തിലെ ജനങ്ങൾക്കിടയിലെ മദ്യ ഉപഭോഗത്തിൽ വലിയ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്.

2019-20 കാലയളവിൽ നടത്തിയ റിപ്പോർട്ടനുസരിച്ച്, സംസ്ഥാനത്ത് 15 വയസ്സിന് മുകളിലുള്ള 19.9% പുരുഷന്മാരും 0.2% സ്ത്രീകളും മാത്രമാണ് മദ്യം കഴിക്കുന്നത്. 2015-16ൽ നടത്തിയ സർവേയിൽ സംസ്ഥാനത്ത് 15-49 വയസ്സിനിടയിലുള്ള 37% പുരുഷന്മാരും 1.6% സ്ത്രീകളും മദ്യപാനികളാണെന്ന് കണ്ടെത്തിയിരുന്നു. രണ്ട് റിപ്പോർട്ടുകളും താരതമ്യം ചെയ്യുമ്പോൾ ഉപഭോക്താക്കളുടെ എണ്ണത്തിൽ 46% ഇടിവ് കാണിക്കുന്നതായി വിദഗ്ധർ പറയുന്നു.

എന്നിരുന്നാലും, കേരളത്തിലെ പുരുഷന്മാർക്കിടയിലെ ഉപഭോഗ നിരക്ക് ദേശീയ ശരാശരിയേക്കാൾ നേരിയ തോതിൽ കൂടുതലാണ് എന്നതാണ് പ്രധാനം. രാജ്യവ്യാപകമായി പുരുഷന്മാരുടെയും സ്ത്രീകളുടെയും ഉപഭോഗം യഥാക്രമം 18.8%, 1.3% എന്നിങ്ങനെയാണ്.

സർവേ പ്രകാരം അരുണാചൽ പ്രദേശാണ് മദ്യത്തിന്റെ ഉപഭോഗത്തിൽ ഏറ്റവും മുന്നിലുള്ള സംസ്ഥാനം. 52.7 ശതമാനമാണ് അരുണാചൽ പ്രദേശിലെ ഉപഭോഗ നിരക്ക്. കേരളത്തിനു പുറമേ തമിഴ്നാട്ടിലും മദ്യത്തിന്റെ ഉപഭോഗം കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. മുൻ സർവേ കണക്കുകളെ അപേക്ഷിച്ച് മദ്യപാനികളിൽ 25.4% കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. കേരള സ്റ്റേറ്റ് ബിവറേജസ് കോർപ്പറേഷന്റെ മൊത്ത വിൽപനയുടെ അളവിലുണ്ടായ ഇടിവാണ് നാഷണൽ ഹെൽത്ത് ഫാമിലി സർവേ ഡാറ്റയിലുണ്ടായ മാറ്റത്തിന് കാരണം.

2015-16ൽ ഐഎംഎഫ്എയും ബിയറും ഉൾപെടെ 355.95 ലക്ഷം കെയ്സുകൾ കോർപറേഷൻ വിറ്റു. എന്നാൽ 2019-20ൽ ഇത് 334.08 ലക്ഷമായി കുറഞ്ഞു. അതേസമയം മദ്യത്തിന്റെ വിലയും നികുതിയും ഈ കാലയളവിൽ ഗണ്യമായി വർധിച്ചതിനാൽ കോർപറേഷന്റെ വിറ്റുവരവ് 2015-16 ൽ 11,577 കോടി രൂപ 2019-20 ൽ 14,707.44 കോടി രൂപയായി വർധിച്ചു.

സർവേയിൽ കാണിക്കുന്ന ഉപഭോഗം കുറയുന്നത് സ്വാഗതാർഹമായ പ്രവണതയാണെന്ന് ബെവ്കോ ചെയർമാനും മാനജിംഗ് ഡയറക്ടറുമായ എസ് ശ്യാംസുന്ദർ പറഞ്ഞു. എക്സൈസ് വകുപ്പിന്റെ വിമുക്തി ക്യാംപയിനാണ് ഇതിന് കാരണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. പ്രീമിയം ബ്രാൻഡുകളുടെ വിൽപനയിലുണ്ടായ വർധനയാണ് വിറ്റുവരവ് കൂടാനുള്ള പ്രധാന കാരണമെന്നും അദ്ദേഹം പറയുന്നു.

ഉപഭോഗം കുറയുന്നത് ലോകവ്യാപകമായ പ്രവണതയാണെന്ന് ആൽകഹോൾ ആൻഡ് ഡ്രഗ് ഇൻഫർമേഷൻ സെന്റർ (എഡിഐസി-ഇൻഡ്യ) ഡയറക്ടർ ജോൺസൺ എടയാറന്മുള പറഞ്ഞു. കുടുംബശ്രീയും ആരോഗ്യ വകുപ്പും എഡിഐസി-ഇൻഡ്യ യും ചേർന്ന് നടത്തിയ ക്യാംപയിനിലൂടെ കേരളത്തിലെ ഉപഭോഗ പ്രവണത കുറയാൻ തുടങ്ങി. അടുത്ത വർഷം 4 ശതമാനം ഇടിവ് രേഖപ്പെടുത്തി. 2016-ൽ 730 ബാറുകൾ താൽകാലികമായി അടച്ചുപൂട്ടിയത് ഈ പ്രവണതയെ ത്വരിതപ്പെടുത്തിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എല്ലാവരും മറച്ചുവെക്കാൻ ആഗ്രഹിക്കുന്ന മറ്റൊരു ഘടകമാണ് ഈ പ്രവണത തുറന്നുകാട്ടുന്നതെന്ന് ഹോട്ടലുടമയും ബാർ ഹോടൽ ഉടമകളുടെ അസോസിയേഷൻ മുൻ വർകിംഗ് പ്രസിഡന്റുമായ ബിജു രമേശ് പറഞ്ഞു. യുവാക്കൾക്കിടയിൽ മയക്കുമരുന്ന് ഉപഭോഗം ഗണ്യമായി വർധിച്ചു. 30 വയസിന് താഴെയുള്ള ചെറുപ്പക്കാരിൽ നല്ലൊരു പങ്കും മയക്കുമരുന്നിലേക്ക് മാറിയിട്ടുണ്ട്. മദ്യം അവരെ ആകർഷിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News