സിക്കയില്‍ കേരളത്തിന് ആശ്വാസം; 17 സാമ്പിളുകളും നെഗറ്റീവായി
സിക്ക റിപ്പോർട്ട് ചെയ്ത പ്രദേശങ്ങളിൽ കേന്ദ്ര സംഘം ഇന്ന് പരിശോധന നടത്തും
Update: 2021-07-10 06:42 GMT
സിക്ക വൈറസിൽ സംസ്ഥാനത്ത് ആശ്വാസം. പൂനെയിലേക്ക് അയച്ച 17 സാമ്പിളുകളും നെഗറ്റീവായി. നേരത്തെ രോഗം സ്ഥിരീകരിച്ച യുവതി താമസിച്ചിരുന്ന നന്തൻകോട് നിന്നും സ്വദേശമായ പാറശാലയിൽ നിന്നുൾപ്പെടെ ശേഖരിച്ച 17 സാമ്പിളുകളാണ് പരിശോധനക്ക് അയച്ചത്.
സിക്ക റിപ്പോർട്ട് ചെയ്ത പ്രദേശങ്ങളിൽ കേന്ദ്ര സംഘം പരിശോധന നടത്തും. തിരുവനന്തപുരത്ത് 15 പേർക്ക് സിക്ക വൈറസ് റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണ് കേന്ദ്രം ആറംഗ വിദഗ്ധ സംഘത്തെ അയച്ചത്. രോഗം സ്ഥിരികരിച്ച നഗരസഭാ പരിധിയിലെ പ്രദേശങ്ങളിലും പാറശാലയിലും സംഘം സന്ദർശിക്കും.
സിക്കയുടെ പശ്ചാത്തലത്തിൽ തിരുവനന്തപുരത്ത് ജില്ലാ ഭരണകൂടവും പ്രതിരോധ പ്രവർത്തനം ഊർജിതമാക്കി. വാർഡ്തല സമിതിയുടെ നേതൃത്വത്തിൽ കൊതുക് നശീകരണത്തിനുള്ള നടപടി സ്വീകരിക്കാനാണ് നിർദേശം. പനി ക്ലിനിക്കുകൾ ശക്തമാക്കാനും തീരുമാനിച്ചു.