കെ.ടി ജലീൽ ചെയ്ത കുറ്റങ്ങളെല്ലാം ഉടൻ വെളിപ്പെടുത്തും: സ്വപ്‌ന സുരേഷ്
ജലീലിനെ കുറിച്ച് പറഞ്ഞ കാര്യങ്ങളിൽ ഉറച്ചു നിൽക്കുകയാണെന്നും അദ്ദേഹത്തിനെതിരായ വെളിപ്പെടുത്തൽ രണ്ടു ദിവസത്തിനകം ഉണ്ടാകുമെന്നും സ്വപ്‌ന
കൊച്ചി: മുൻമന്ത്രി കെ.ടി ജലീൽ എന്തൊക്കെ കുറ്റം ചെയ്തിട്ടുണ്ടോ അതെല്ലാം വെളിപ്പെടുത്തുമെന്ന് സ്വർണക്കടത്തു കേസ് പ്രതി സ്വപ്‌ന സുരേഷ്. ഗൂഢാലോചന നടത്തിയത് ആരെന്ന് അന്വേഷിക്കണമെന്നും സ്വപ്‌ന ആവശ്യപ്പെട്ടു. മജിസ്‌ട്രേറ്റിനു മുന്നിൽ കെ.ടി ജലീലിനെതിരെ മൊഴി നൽകിയതായി സ്വപ്‌ന നേരത്തെ വ്യക്തമാക്കിയിരുന്നു.
പൊലീസിന്റെ സുരക്ഷ തനിക്ക് ആവശ്യമില്ലെന്നും ആവശ്യമുള്ള സുരക്ഷ സ്വയം ഏർപ്പെടുത്തിയിട്ടുണ്ടെന്നും സ്വപ്‌ന വ്യക്തമാക്കി. ഗൂഢാലോചന നടത്തിയത് യഥാർത്ഥത്തിൽ തനിക്കെതിരെ കേസ് നൽകിയവരാണ്. തനിക്കെതിരെ എത്ര കേസുകൾ കൊടുത്താലും അതിലൊന്നും പ്രശ്‌നമില്ല. ഇനി എന്തൊക്കെ കേസാണ് ജലീൽ തനിക്കെതിരെ നൽകുന്നതെന്ന് കാണാമെന്നും സ്വപ്‌ന സുരേഷ് വ്യക്തമാക്കി. 164 സ്റ്റേറ്റ്‌മെന്റിൽ കെടി ജലീലിനെ കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് വെളിപ്പെടുത്താൻ ഉദ്ദേശിക്കുന്നത്. തന്നെ പൊലീസ് പിന്തുടരേണ്ട കാര്യമില്ല. ജലീലിനെ കുറിച്ച് പറഞ്ഞ കാര്യങ്ങളിൽ ഉറച്ചു നിൽക്കുകയാണെന്നും അദ്ദേഹത്തിനെതിരായ വെളിപ്പെടുത്തൽ രണ്ടു ദിവസത്തിനകം ഉണ്ടാകുമെന്നും സ്വപ്‌ന സുരേഷ് അറിയിച്ചു. രണ്ട് ദിവസം ജലീൽ വിയർക്കട്ടെയെന്ന് സ്വപ്‌നയുടെ അഭിഭാഷകൻ അഡ്വ.കൃഷ്ണരാജ് പറഞ്ഞു. ഷാജ് കിരൺ പറഞ്ഞ കാര്യങ്ങൾ ഒക്കെ നടന്നില്ലേ. ആരാണ് ഷാജ് കിരൺ? എന്തിനാണ് എഡിജിപിക്കെതിരെ നടപടിയെടുത്തത്? ഇവിടെ ആരാണ് ഗൂഢാലോച നടത്തുന്നതെന്നും സ്വപ്ന ചോദിച്ചു.
സ്വപ്ന സുരേഷും മുൻ എം.എൽ.എ പി.സി ജോർജും പ്രതികളായ ഗൂഢാലോചനാ കേസിൽ സ്വപ്നയുടെ സുഹൃത്ത് ഷാജ് കിരണിനെ ചോദ്യംചെയ്യാൻ പൊലീസ് വിളിപ്പിച്ചിരുന്നു. ചെന്നൈയിലാണെന്നും രണ്ട് ദിവസത്തിനകം നാട്ടിലെത്തുമെന്നും ഷാജ് മറുപടി നൽകി. ഗൂഢാലോചന കേസിൽ ഷാജിനെ പ്രതിയോ സാക്ഷിയോ ആക്കുന്നതിൽ ചോദ്യംചെയ്യലിനു ശേഷം തീരുമാനമെടുക്കുമെന്ന് പൊലീസ് അറിയിച്ചു. സ്വപ്ന ഷാജുമായി സംസാരിക്കുന്നതിന്റെ ഓഡിയോ പുറത്തുവിട്ടതിനു പിന്നാലെ താൻ വീഡിയോ പുറത്തുവിടുമെന്നു ഷാജ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എന്നാൽ ഈ വീഡിയോ ഫോണിൽനിന്ന് മാഞ്ഞുപോയതിനാൽ അതു വീണ്ടെടുക്കാനായാണ് ചെന്നൈയിലേക്ക് പോയതെന്നാണ് ഷാജ് പറയുന്നത്.
ഗൂഢാലോചനാ കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘത്തിന്റെ നിർണായക യോഗം നാളെയാണ്. ചോദ്യംചെയ്യേണ്ടവരുടെ പട്ടിക, പുതുതായി പ്രതി ചേർക്കേണ്ടവർ തുടങ്ങിയ കാര്യങ്ങളിൽ നാളെ തീരുമാനമെടുക്കും. കേസിൽ സരിത എസ് നായരുടെ രഹസ്യ മൊഴി രേഖപ്പെടുത്താൻ തിരുവനന്തപുരം മജിസ്‌ട്രേറ്റ് കോടതിയിൽ നാളെ അപേക്ഷയും സമർപ്പിക്കും. ഗൂഢാലോചനാ കേസിൽ എഫ്ഐആർ റദ്ദാക്കണമെന്ന സ്വപ്ന സുരേഷിന്റെ ആവശ്യം ഹൈക്കോടതി പരിഗണിക്കും മുമ്പ് പരമാവധി തെളിവ് ശേഖരണമാണ് പ്രത്യേക സംഘത്തിന്റെ ലക്ഷ്യം. പി.എസ് സരിത്, ഷാജ് കിരൺ, ഇബ്രാഹിം എന്നിവരെ പ്രതി ചേർക്കുന്നതിലും സംഘം നിയമോപദേശം തേടിയിട്ടുണ്ട്. സ്വപ്ന പുറത്തുവിട്ട ശബ്ദരേഖയുടെ ആധികാരികത പരിശോധിക്കണമെന്ന ഷാജ് കിരണിന്റെ പരാതിയിലും അന്വേഷണം ആരംഭിക്കും. സ്വപ്ന ഫോൺ റെക്കോർഡ് ചെയ്തതിൽ ഗൂഢാലോചനയുണ്ടോ എന്നത് പരിശോധിച്ച ശേഷമാകും ഷാജ് കിരണിനെ പ്രതി ചേർക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കുക.