വ്യാജരേഖയുണ്ടാക്കിയവരെയെല്ലാം അടിയന്തരമായി അറസ്റ്റ് ചെയ്യണം: വി.ഡി സതീശൻ
'ഗൺപോയിന്റിൽ നിർത്തിയാണ് പ്രിൻസിപ്പലിനെ കൊണ്ട് എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറിക്കെതിരെയുള്ള പരാമർശം തിരുത്തിച്ചത്'
തിരുവനന്തപുരം: ഉന്നതവിദ്യാഭ്യാസ രംഗത്ത് അപമാനകരമായ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറിയുടെ നേതൃത്വത്തിലാണ് വ്യാജരേഖയുണ്ടാക്കിയത്. വ്യാജരേഖയുണ്ടാക്കിയവരെയെല്ലാം അടിയന്തരമായി അറസ്റ്റ് ചെയ്യണം. ഗൺപോയിന്റിൽ നിർത്തിയാണ് കോളജ് പ്രിൻസിപ്പലിനെ കൊണ്ട് എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറിക്കെതിരെയുള്ള പരാമർശം തിരുത്തിച്ചത്. എസ്.എഫ്.ഐ നേതാക്കൾ അപ്പുറം ഇപ്പുറം നിന്നായിരുന്നു മഹാരാജാസ് പ്രിൻസിപ്പലിന്റെ വാർത്താ സമ്മേളനമെന്നും അദ്ദേഹം പറഞ്ഞു.
'വ്യാജരേഖ ചമച്ചവരെയാണല്ലോ സിപിഎം സംസ്ഥാന സെക്രട്ടറി ന്യായീകരിക്കുന്നത് എന്നതോർത്ത് കേരളം ലജ്ജിക്കും. സംവരണം അട്ടിമറിച്ചത് സംബന്ധിച്ച് മൂന്ന് വർഷം മുമ്പ് റിപ്പോർട്ടുണ്ടായിരുന്നു. ആ റിപ്പോർട്ട് പോലും പൂഴ്ത്തി. ഇതിന് കൂട്ടുനിന്നത് എസ്.എഫ്.ഐ നേതാക്കളാണ്. പാർട്ടിയും ഭരണ നേതൃത്വവും ഈ ക്രിമിനലുകളെ വെച്ചു പൊറുപ്പിക്കുകയാണ്. ഇവരാണല്ലോ നേതാക്കൾ എന്നോർത്ത് പേടിയാകുന്നു. ഇരട്ട നീതിയാണ് കേരളത്തിൽ നടക്കുന്നത്'.. വി.ഡി.സതീശൻ പറഞ്ഞു.