മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കെന്ന പേരിൽ NCP നേതാവ് പണപ്പിരിവ് നടത്തുന്നതായി ആരോപണം
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എന്ന പേരിൽ NCP നേതാവ് അനധികൃതമായി പണപ്പിരിവ് നടത്തുന്നതായി ആരോപണം. കോട്ടയം കാണക്കാരി പഞ്ചായത്ത് 11 വാർഡ് മെമ്പർ കാണക്കാരി അരവിന്ദാക്ഷനെതിരെയാണ് അരോപണം. കുടുംബ ശ്രീ വഴിയാണ് പണപ്പിരിവ് നടത്തിയത്. എന്നാൽ ആരോപണങ്ങൾ NCP നേതാവ് തള്ളി കളഞ്ഞു.
എൻസിപി നേതാവും കാണക്കാരി പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ അരവിന്ദാക്ഷന് നേതൃത്വത്തിലാണ് പണപ്പിരിവ് നടന്നത്. പഞ്ചായത്തിലെ പതിനൊന്നാം വാർഡിൽ കുടുംബശ്രീ വഴി ജനങ്ങളിൽ നിന്നും ദുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം പിരിച്ചുവെന്നാണ് ആരോപണം. നിർബന്ധപൂർവ്വം പണം നല്കണമെന്ന് പറഞ്ഞതോടെ പലരും ഇതിനെ എതിർത്തു. ഇതോടെയാണ് കോൺഗ്രസും ബിജെപിയും രംഗത്ത് വന്നത്.
എന്നാൽ ആരോപണങ്ങൾ പൂർണ്ണമായും തെറ്റാണെന്ന് കാണക്കാരി അരവിന്ദാക്ഷൻ പറഞ്ഞു. സദുദ്ദേശത്തോടെ ഉള്ള പ്രവർത്തനമാണ് നടക്കുന്നതെന്നും പിരിവിൽ അഴിമതിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.പഞ്ചായത്തിന്റെ പേരിലുള്ള രസീത് പണപ്പിരിവിന് നല്കുന്നുണ്ട്. എന്നാൽ ഇത് പഞ്ചായത്തിന്റെ അറിവോടെ അല്ലയെന്ന് പഞ്ചായത്ത് പ്രസിഡന്റും സെക്രട്ടറിയും വ്യക്തമാക്കി. ഇതോടെ പ്രതിപക്ഷ പാർട്ടികൾ പ്രക്ഷോഭവും ആരംഭിച്ചിട്ടുണ്ട്.