തിരുവല്ല സ്പിരിറ്റ് വെട്ടിപ്പ് കേസ് അന്വേഷണം അട്ടിമറിക്കുന്നതായി ആക്ഷേപം
കേസിൽ അറസ്റ്റിലായ പ്രതികൾക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ ഇവരുമായി തെളിവെടുപ്പ് നടത്താനുള്ള നീക്കം പൊലീസ് ഉപേക്ഷിച്ചിരുന്നു
ട്രാവൻകൂർ ഷുഗേഴ്സ് ആന്‍റ് കെമിക്കൽസിലെ സ്പിരിറ്റ് വെട്ടിപ്പ് കേസ് അന്വേഷണം അട്ടിമറിക്കുന്നതായി ആക്ഷേപം. കേസെടുത്ത് ഒരാഴ്ച പിന്നിട്ടിട്ടും മുഖ്യപ്രതികളായ ഉന്നത ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്തിട്ടില്ല. കേസിൽ അറസ്റ്റിലായ പ്രതികൾക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ ഇവരുമായി തെളിവെടുപ്പ് നടത്താനുള്ള നീക്കം പൊലീസ് ഉപേക്ഷിച്ചിരുന്നു.
സ്പിരിറ്റ് വെട്ടിപ്പ് കേസ് രജിസ്റ്റര്‍ ചെയ്ത് ഒരാഴ്ച പിന്നിട്ടിട്ടും കാര്യമായ പുരോഗതിയില്ലാതായതോടെയാണ് അട്ടിമറി നടക്കുന്നതായി ആരോപണം ഉയരുന്നത്. കസ്റ്റഡിയില്‍ ലഭിച്ച പ്രതികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ തെളിവെടുപ്പ് അടക്കമുള്ള തുടര് നടപടികള്‍ അന്വേഷണ സംഘം താത്കാലികമായി ഉപേക്ഷിച്ചിരിക്കുകയാണ്. അതേസമയം 10 ദിവസങ്ങളായി ഒളിവില്‍ കഴിയുന്ന ഉന്നത ഉദ്യോഗസ്ഥരായ പ്രതികളെ അറസ്റ്റ് ചെയ്യാത്തതിന് പിന്നില്‍ ദുരൂഹതയുണ്ടെന്നും പൊലീസ് ഇവരെ രക്ഷിക്കാന്‍ ശ്രമിക്കുന്നതുമായാണ് ആരോപണം .
പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി ആര്‍. നിശാന്തിനിയുടെ നേതൃത്വത്തില്‍ ക്രൈം ബ്രാഞ്ച് പ്രത്യേക സംഘമാണ് നിലവില്‍ കേസിന്‍റെ അന്വേഷണം നടത്തുന്നത്. എന്നാല്‍ എക്സൈസ് എന്‍ഫോഴ്സ്മെന്‍റ് നേരിട്ട് വിവരങ്ങള്‍ കൈമാറിയിട്ടും കേസില് പുരോഗതിയുണ്ടാവില്ലെന്നും ആക്ഷേപം ഉണ്ട്. അതേസമയം കേസില്‍ മുഖ്യപ്രതികളും ടി.എസ്.സിയിലെ ഉന്നത ഉദ്യോഗസ്ഥരുമായ അലക്സ് പി.എബ്രഹാം , യു.ഹാഷിം , മേഘ മുരളി എന്നിവര്‍ വിവിധ കോടതികളിലായി ജാമ്യാപേക്ഷ സമര്‍പ്പിച്ചിരുന്നു. ഇതോടെയാണ് പ്രതികളെ സഹായിക്കുന്നതിന് പൊലീസ് മനഃപൂര്‍ വം അറസ്റ്റ് വൈകിപ്പിക്കുന്നതായുള്ള വിമര്‍ശനം ഉയര്‍ന്ന് വന്നത്.