എഡിജിപിക്കെതിരായ ആരോപണം; പ്രതിഷേധം ശക്തമാക്കാനൊരുങ്ങി യുഡിഎഫ്
തുടർ പ്രതിഷേധങ്ങൾ തീരുമാനിക്കാൻ ഇന്ന് ഓൺലൈൻ യോഗം ചേരും
തിരുവനന്തപുരം: എഡിജിപി എം.ആർ അജിത് കുമാറിനെതിരായ ആരോപണങ്ങളിൽ പ്രതിഷേധം ശക്തമാക്കാൻ ഒരുങ്ങി യുഡിഎഫ്. തുടർ പ്രതിഷേധങ്ങൾ തീരുമാനിക്കാൻ ഇന്ന് ഓൺലൈൻ യോഗം ചേരും. നിയമസഭാ സമ്മേളനത്തിന് മുൻപ് സമരങ്ങളിൽ ധാരണയാക്കും.
പ്രതിഷേധം ഏതൊക്കെ രീതിയിലായിരിക്കുമെന്ന് തീരുമാനിക്കാനാണ് യോഗം ചേരുന്നത്. ഇതുമായി ബന്ധപ്പെട്ട നിർദേശങ്ങൾ എല്ലാ ഘടകകക്ഷികൾക്കും നൽകിയിട്ടുണ്ടെന്നാണ് സൂചന. പി.വി അൻവർ എംഎൽഎയ്ക്ക് പിന്തുണ നൽകാതെ എഡിജിപിക്കെതിരായ ആരോപണങ്ങളിൽ സംസ്ഥാന സർക്കാരിനെ പ്രതിരോധത്തിലാക്കുക എന്നതാണ് പ്രതിപക്ഷത്തിൻ്റെ നിലപാട്.
അതേസമയം, പൂരം കലക്കലിലെ എഡിജിപി എം.ആര്‍ അജിത് കുമാറിന്‍റെ റിപ്പോർട്ട് സർക്കാർ തള്ളി. പുനരന്വേഷണം വേണമെന്ന് ആഭ്യന്തര സെക്രട്ടറി നിർദേശിച്ചു. എഡിജിപിക്കെതിരെ ഡിജിപിതല അന്വേഷണത്തിനും ശിപാർശ ചെയ്തു. പൂരം കലക്കലിൽ മറ്റൊരു അന്വേഷണം കൂടി വേണമെന്നും ശിപാർശയുണ്ട്.